അർജന്റീനാ ടീമിന്റെ ആഘോഷം | Photo: AFP
തിരുവനന്തപുരം: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ബ്രസീലിനെ തോല്‍പ്പിച്ച് കിരീടം നേടിയ അര്‍ജന്റീനാ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പിണറായി വിജയന്‍ അഭിനന്ദനം അറിയിച്ചത്. ഫുട്‌ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമാണ് യഥാര്‍ത്ഥത്തില്‍ വിജയിച്ചതെന്നും മെസ്സിയുടെ കിരീടധാരണം സുന്ദരമാണെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:
അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് ഫുട്‌ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമാണ്. അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്‌ബോള്‍ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്റെ സത്ത ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാകട്ടെ. ഫുട്‌ബോള്‍ ആരാധകരുടെ സന്തോഷത്തില്‍ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു.
Content Highlights: Kerala Chief Minister Pinarayi Vijayan congragulates Argentina Team and Lionel Messi