Photo: Getty Images
28 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള ഈ കിരീട നേട്ടത്തിന് അര്‍ജന്റീന ആരാധകര്‍ ആരോടാകും നന്ദി പറയുക. ഫൈനലിലെ ഗോള്‍ സ്‌കോറര്‍ ഏയ്ഞ്ചല്‍ ഡി മരിയയോടോ അതോ എന്നും അര്‍ജന്റീന എന്ന ടീമിനെ നെഞ്ചേറ്റുന്ന ലയണല്‍ മെസ്സിയെന്ന അദ്ഭുത മനുഷ്യനോടോ?
ഇവരേക്കാളേറെ ലോകമെമ്പാടുമുള്ള അന്‍ജന്റീന ആരാധകര്‍ നന്ദി പറയേണ്ട ഒരാളുണ്ട്, എന്നും ടീമിന്റെ ഗോള്‍ വരയ്ക്കു മുന്നില്‍ ചോരാത്ത കൈകളുമായി നിന്ന എമിലിയാനൊ മാര്‍ട്ടിനെസ് എന്ന വണ്ടര്‍ ഗോള്‍കീപ്പറോട്.
കൊളംബിയക്കെതിരായ സെമി ഫൈനല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ആരും തന്നെ അര്‍ജന്റീനയ്ക്ക് കാര്യമായ സാധ്യതകള്‍ കല്‍പ്പിച്ചുനല്‍കിയിരുന്നില്ല. അര്‍ജന്റീനയ്ക്കായി ഗോള്‍വല കാക്കാന്‍ നിന്നിരുന്നത് എമിലിയാനൊ മാര്‍ട്ടിനെസ് എന്ന പരിചയ സമ്പന്നനല്ലാത്ത ഗോള്‍ കീപ്പര്‍. മറുവശത്തോ ഡേവിഡ് ഒസ്പിന എന്ന കരുത്തനും.
പക്ഷേ എല്ലാവരേയും ഞെട്ടിച്ച് ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ തടുത്തിട്ട മാര്‍ട്ടിനെസ് ടീമിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചു. ബ്രസീലിനെതിരായ കലാശപ്പോരില്‍ ഒരു ഗോളിന് മുന്നിട്ടുനില്‍ക്കേ ബ്രസീലിന്റെ ഉറച്ച രണ്ട് ഗോളവസരങ്ങള്‍ തട്ടിയകറ്റിയ മാര്‍ട്ടിനെസാണ് കാനറികളുടെ സ്വപ്‌നങ്ങള്‍ക്ക് തടയിട്ടത്.
രണ്ടാം പകുതിയില്‍ ഫ്രെഡിനെ പിന്‍വലിച്ച് റോബര്‍ട്ടോ ഫിര്‍മിനോയെ കളത്തിലിറക്കി ബ്രസീല്‍ ആക്രമണം ശക്തമാക്കുന്ന സമയത്താണ് മാര്‍ട്ടിനെസ് ആദ്യം നീലപ്പടയുടെ രക്ഷയ്‌ക്കെത്തിയത്. 54-ാം മിനിറ്റില്‍ അര്‍ജന്റീന ബോക്‌സിലേക്ക് റിച്ചാര്‍ലിസന്റെ അപകടകരമായ മുന്നേറ്റം. തൊട്ടുപിന്നാലെ താരത്തിന്റെ ഗോളെന്നുറച്ച ഷോട്ട് മാര്‍ട്ടിനെസ് രക്ഷപ്പെടുത്തി.
പിന്നീട് മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബ്രസീല്‍ അര്‍ജന്റീനയുടെ ഗോള്‍മുഖം നിരന്തരം ആക്രമിക്കുന്ന ഘട്ടത്തിലാണ് മാര്‍ട്ടിനെസിന്റെ രണ്ടാമത്തെ പ്രധാന സേവ് വരുന്നത്. പകരക്കാരനായി ടിറ്റെ കളത്തിലിറക്കിയ ഗബ്രിയേല്‍ ബാര്‍ബോസയുടെ 87-ാം മിനിറ്റിലെ ഗോളെന്നുറച്ച വോളിയാണ് ഇത്തവണ മാര്‍ട്ടിനെസ് അവിശ്വസനീയമായി തട്ടിയകറ്റിയത്. തലയില്‍ കൈവെച്ചാണ് ബ്രസീല്‍ താരങ്ങള്‍ ഈ നിമിഷത്തോട് പ്രതികരിച്ചത്.
കൊളംബിയക്കെതിരേ പുറത്തെടുത്ത അതേ ഫോം ഫൈനലിലും മാര്‍ട്ടിനെസ് തുടര്‍ന്നു. ടീമിലെ ഫസ്റ്റ് ഗോള്‍കീപ്പറായ ഫ്രാങ്കോ അര്‍മാനി എന്ന പരിചയസമ്പന്നന് പകരം തന്നില്‍ വിശ്വാസമര്‍പ്പിച്ച പരിശീലകന്‍ ലയണല്‍ സ്‌കലോനിയുടെ വിശ്വാസം കാക്കാനും മാര്‍ട്ടിനെസിനായി.
ആദ്യമായി ഒരു അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ ഗോള്‍വല കാക്കുന്നു എന്നതിന്റെ പരിഭ്രമമൊന്നും മാര്‍ട്ടിനെസിന്റെ പ്രകടനത്തില്‍ ഇല്ലായിരുന്നു.
Content Highlights: Emiliano Martinez once again delivers for Argentina in 2021 Copa America Final