വര: രജീന്ദ്ര കുമാർ
മാരക്കാനയിലെ മറക്കാനാകാത്ത ഫൈനലിന് ശേഷം കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിടുമ്പോള്‍ ലയണല്‍ മെസ്സിയുടെ മനസ്സ് കാര്‍മേഘങ്ങളൊഴിഞ്ഞ ആകാശം പോലെയായിരുന്നു. ആ ആകാശത്തു നിന്ന് ഒരു കൈ മെസ്സിയുടെ മുടിയില്‍ മെല്ലെ തലോടി. 'എനിക്ക് സാധിക്കാത്തത് നീ നേടിയെടുത്തിരിക്കുന്നു' എന്ന് അയാള്‍ മെസ്സിയുടെ ചെവിയില്‍ മന്ത്രിച്ചു. അതുകേട്ട് മെസ്സി പതുക്കെ കണ്ണുകളടച്ചു. ആര്‍ക്കും കാണാനാകാതെ ആകാശത്ത് എവിടെയോ ഇരുന്ന് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വാമോസ് എന്ന് ആര്‍ത്തുവിളിച്ച ഡീഗോ മാറഡോണയായിരുന്നു അയാള്‍.
കോപ്പ അമേരിക്കയില്‍ മെസ്സിയും മാറഡോണയും ഒരേ പാളത്തിലൂടെയായിരുന്നു ഇതുവരെ സഞ്ചരിച്ചിരുന്നത്. ഇരുവര്‍ക്കും കോപ്പയിലെ കിരീടം കിട്ടാക്കനി. തുടര്‍ച്ചയായി രണ്ടു തവണ ഫൈനലില്‍ തോല്‍വി രുചിച്ച് ഒടുവില്‍ ആ ദുര്‍വിധി മെസ്സി മാറ്റിയെഴുതി. എന്നാല്‍ കോപ്പയില്‍ ഒരു കിരീടം എന്ന മോഹം ബാക്കിവെച്ചാണ് മാറഡോണ ഭൂമിയില്‍ നിന്ന് മാഞ്ഞുപോയത്.
അര്‍ജന്റീനയെ തോളിലേറ്റി വിശ്വകിരീടത്തിലേക്ക് നയിച്ചെങ്കിലും കോപ്പ മാത്രം മാറഡോണയുമായി ഒളിച്ചുകളി നടത്തി. 100 വരെ എണ്ണിത്തീര്‍ന്നിട്ടും ഒളിച്ചിരുന്ന കോപ്പയെ മാത്രം കണ്ടുപിടിക്കാന്‍ ഇതിഹാസ താരത്തിന് കഴിഞ്ഞില്ല. 1979-ലെ കോപ്പ അമേരിക്കയില്‍ മാറഡോണ ഒരു ഗോള്‍ നേടിയെങ്കിലും അര്‍ജന്റീനയ്ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. അര്‍ജന്റീന വീണ്ടും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ 1983-ല്‍ ഇതിഹാസ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. 1987-ല്‍ മാറഡോണ മൂന്നു ഗോളുമായി തിളങ്ങിയെങ്കിലും സെമി ഫൈനലില്‍ യുറുഗ്വായോട് തോല്‍ക്കാനായിരുന്നു വിധി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1989-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയെങ്കിലും നാല് ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയ ഫൈനല്‍ റൗണ്ടില്‍ ഒരൊറ്റ മത്സരം പോലും വിജയിച്ചില്ല. മൂന്നു മത്സരവും വിജയിച്ച ബ്രസീല്‍ ചാമ്പ്യന്‍മാരായി.
പിന്നീട് അര്‍ജന്റീന കപ്പുയര്‍ത്തിയ 1991-ല്‍ വൈദ്യപരിശോധനയില്‍ പരാജയപ്പെട്ട് മാറഡോണ ടീമില്‍ ഇടം നേടിയതുമില്ല. ഇതോടെ അര്‍ജന്റീനയുമായി തെറ്റിപ്പിരിഞ്ഞ മാറഡോണ 1993-ല്‍ കിരീടം നേടുമ്പോഴും ടീമില്‍ ഉണ്ടായിരുന്നില്ല. ആകെ ആശ്വസിക്കാനുള്ളത് 1993-ലെ അര്‍റ്റെമിയോ ഫ്രാഞ്ചി കപ്പ് നേടാനായി എന്നതുമാത്രമാണ്. കോപ്പ അമേരിക്കാ ജേതാക്കളും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ജേതാക്കളും തമ്മിലുള്ള പോരാട്ടമാണ് അര്‍ട്ടേമിയോ ഫ്രാഞ്ചി കപ്പ്. അന്ന് ഫൈനലില്‍ ഡെന്‍മാര്‍ക്കിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീന കിരീടം നേടി.
എന്നാല്‍ ബ്രസീലിനെതിരായ സ്വപ്ന ഫൈനലിന് ഇറങ്ങും മുമ്പ് ഗ്രൗണ്ട് ലൈന്‍ വരെ മാറഡോണ മെസ്സിയുടെ കൈപിടിച്ച് ഒപ്പമുണ്ടായിരുന്നു. മെസ്സി ഗ്രൗണ്ടില്‍ കാല്‍ തൊട്ടപ്പോള്‍ കൈയിലുള്ള പന്ത് മാറഡോണ മെസ്സിക്ക് കൈമാറി. ഹൃദയത്തില്‍ മാറഡോണയുടെ ഓര്‍മകളുമായി മെസ്സി കളിച്ചു. ഒടുവില്‍ കിരീടമായി ആ പന്ത് പരിണമിച്ചു. അങ്ങനെ കോപ്പയിലെ മാറഡോണയുടെ നിര്‍ഭാഗ്യം മായ്ച്ചുകളഞ്ഞ് മെസ്സി ഉറക്കെ പറഞ്ഞു,'ഇതാ...നിങ്ങള്‍ വിട പറഞ്ഞ് 232 ദിവസങ്ങള്‍ക്കുശേഷം നിങ്ങള്‍ക്കുള്ള ഞങ്ങളുടെ സമ്മാനം'
Content Highlights: Diego Maradona gets a tribute at Argentinas Copa America match