Photo: twitter.com|CopaAmerica
ഗോയിയാനിയ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പാരഗ്വായെ പരാജയപ്പെടുത്തി പെറു സെമിയില്‍. ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിനായിരുന്നു പെറുവിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമും മൂന്നു ഗോളുകള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ടൂര്‍ണമെന്റില്‍ ഇത്തവണ നോക്കൗട്ട് ഘട്ടങ്ങളില്‍ എക്‌സ്ട്രാ ടൈം അനുവദിക്കുന്നില്ല. നിശ്ചിത സമയത്തെ മത്സരം സമനിലയിലായാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ തീരുമാനിക്കുന്നത്.
പെറുവിനായി ലാപദുല, യോഷിമാര്‍ യോടുണ്‍, ടാപിയ, ട്രാവുകോ എന്നിവര്‍ ലക്ഷ്യം കണ്ടു. സാന്റിയാഗോ ഓര്‍മെനിയോ, കുയെവ എന്നിവരുടെ കിക്കുകള്‍ പാരഗ്വായ് ഗോള്‍കീപ്പര്‍ ആന്റണി സില്‍വ രക്ഷപ്പെടുത്തി.
പാരഗ്വായ്ക്കായി ഏയ്ഞ്ചല്‍ റൊമേറോ, ജൂനിയര്‍ അലൊന്‍സോ, റോബര്‍ട്ട് പിരിസ് മോര്‍ട്ട എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ എസ്പിനോ, സമുദിയോ, മാര്‍ട്ടിനസ് എന്നിവര്‍ കിക്ക് നഷ്ടപ്പെടുത്തി.
നേരത്തെ രണ്ട് ചുവപ്പു കാര്‍ഡുകളും പാരഗ്വായുടെ തിരിച്ചുവരവും കണ്ട നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോള്‍ വീതം സമനില പാലിക്കുകയായിരുന്നു. രണ്ടാം പകുതിയിലുടനീളം 10 പേരുമായി കളിച്ചാണ് പാരഗ്വായ് പെറുവിനെതിരേ പൊരുതിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പെറുവിന് കളിയുടെ നിയന്ത്രണമേറ്റെടുക്കാനായെങ്കിലും ആദ്യം സ്‌കോര്‍ ചെയ്തത് പാരഗ്വായായിരുന്നു. 11-ാം മിനിറ്റില്‍ ഗുസ്താവോ ഗോമസാണ് ടീമിനെ മുന്നിലെത്തിച്ചത്. പാരഗ്വായ്ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നുള്ള ഡേവിഡ് മാര്‍ട്ടിനെസിന്റെ ഹെഡര്‍ പെറു ഗോള്‍കീപ്പര്‍ പെഡ്രോ ഗല്ലെസെ രക്ഷപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഗുസ്താവോ ഗോമസിന്റെ ഗോള്‍. ഗല്ലെസെ രക്ഷപ്പെടുത്തിയ പന്ത് പോസ്റ്റിന് മുന്നിലുണ്ടായിരുന്ന ഗോമസ് വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ ഈ ഗോളിന് 21-ാം മിനിറ്റില്‍ ജിയാന്‍ലുക ലാപദുലയിലൂടെ പെറുവിന്റെ മറുപടിയെത്തി. ആന്ദ്രേ കാരില്ലോയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി ബോക്‌സിലേക്ക് കയറിയ കാരില്ലോ നല്‍കിയ ക്രോസ് ജിയാന്‍ലുക ലാപദുല വലയിലെത്തിക്കുകയായിരുന്നു.
പിന്നാലെ 40-ാം മിനിറ്റിലും ലാപദുല സ്‌കോര്‍ ചെയ്തു. ഇത്തവണ യോഷിമാര്‍ യോടുണിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.
ഇതിനു പിന്നാലെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ഗോള്‍ സ്‌കോറര്‍ കൂടിയായ ഗുസ്താവോ ഗോമസ് പുറത്തായത് പാരഗ്വായ്ക്ക് തിരിച്ചടിയായി. ലാപദുലയ്‌ക്കെതിരായ ഫൗളിനാണ് താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും ലഭിച്ചത്. ഇതിനു പിന്നാലെ പാരഗ്വായ് താരങ്ങള്‍ റഫറിക്കെതിരേ തിരിഞ്ഞത് മത്സരം അല്‍പനേരം തടസപ്പെടാന്‍ കാരണമായി.
എന്നാല്‍ 10 പേരായി ചുരുങ്ങിയിട്ടും രണ്ടാം പകുതിയില്‍ മികച്ച പ്രകടനമാണ് പാരഗ്വായ് പുറത്തെടുത്തത്. 54-ാം മിനിറ്റില്‍ ജൂനിയര്‍ അലൊന്‍സോയുടെ ഗോളില്‍ അവര്‍ ഒപ്പമെത്തുകയും ചെയ്തു. കോര്‍ണറില്‍ നിന്ന് കാര്‍ലോസ് ഗോള്‍സാലസ് ഹെഡ് ചെയ്ത പന്തില്‍ നിന്നായിരുന്നു അലൊന്‍സോയുടെ ഗോള്‍.
പിന്നാലെ 80-ാം മിനിറ്റില്‍ യോഷിമാര്‍ യോടുണിലൂടെ മൂന്നാം ഗോള്‍ നേടിയ പെറു വിജയമുറപ്പിച്ചെന്നാണ് എല്ലാവരും കരുതിയത്. ആന്ദ്രേ കാരില്ലോ നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. യോടുണിന്റെ ഷോട്ട് പാരഗ്വായ് താരത്തിന്റെ ദേഹത്ത് തട്ടിയ ശേഷം വലയിലെത്തുകയായിരുന്നു.
എന്നാല്‍ ഇതിനു പിന്നാലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ആന്ദ്രേ കാരില്ലോയ്ക്ക് മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ചതോടെ പെറുവും മൈതാനത്ത് 10 പേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത് മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഗബ്രിയേല്‍ അവലോസിലൂടെ മൂന്നാം ഗോള്‍ നേടിയ പാരഗ്വായ് കളി ഷൂട്ടൗട്ടിലേക്ക് നീട്ടി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Copa America 2021 Peru vs Paraguay quarter final Live Updates