Photo: twitter.com|stadiumastro
മാരക്കാന: ഫുട്ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലിന്റെ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം. തെക്കേ അമേരിക്കന്‍ ചാമ്പ്യനെ തീരുമാനിക്കാനുള്ള കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബ്രസീലും മുന്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും പൊരുതാനിറങ്ങും. ഞായറാഴ്ച പുലര്‍ച്ചെ 5.30-നാണ് കിരീടപോരാട്ടം.
നിലനിര്‍ത്താന്‍ ബ്രസീല്‍
സ്വന്തം മണ്ണില്‍ ഒരിക്കല്‍കൂടി കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. 2019-ല്‍ സ്വന്തം ഗ്രൗണ്ടില്‍ പെറുവിനെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം തിരിച്ചുപിടിച്ചത്.
2004-ലും 2017-ലും ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടമുയര്‍ത്തിയത്. ചരിത്രം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് നെയ്മറും സംഘവും. ഇത്തവണ ജയിച്ചാല്‍ ബ്രസീലിന് പത്താം കിരീടം സ്വന്തമാകും.
മറുവശത്ത് 1993-നുശേഷം കിരീടമെന്ന മോഹവുമായാണ് അര്‍ജന്റീന ഇറങ്ങുന്നത്. 15-ാം കിരീടമാണ് ടീം ലക്ഷ്യമിടുന്നത്. കപ്പുയര്‍ത്തിയാല്‍ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയെന്ന ഉറുഗ്വായുടെ റെക്കോഡിനൊപ്പമെത്താന്‍ ടീമിനാകും. ബ്രസീലിനെ അവരുടെ മണ്ണില്‍ തോല്‍പ്പിച്ച് കിരീടം നേടിയാല്‍ ടീമിന് ഇരട്ടിമധുരമാകും.
ടീം ലൈനപ്പ്
സസ്‌പെന്‍ഷനിലുള്ള ഗബ്രിയേല്‍ ജെസ്യൂസ് ബ്രസീല്‍ നിരയിലുണ്ടാകില്ല. 4-2-3-1 ശൈലിയിലാകും ബ്രസീല്‍ കളിക്കുന്നത്. ഗോള്‍കീപ്പറായി എഡേഴ്സന്‍ തുടരും. പ്രതിരോധത്തില്‍ ഡാനിലോ- മാര്‍ക്വിനോസ്, തിയാഗോ സില്‍വ, അലക്‌സ് സാന്‍ഡ്രോ എന്നിവര്‍ കളിക്കും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാസെമിറോയും ഫ്രെഡും ഇറങ്ങും. അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ ലൂക്കാസ് പക്വേറ്റയാകും. റിച്ചാലിസനും എവര്‍ട്ടണും വിങ്ങര്‍മാര്‍. നെയ്മര്‍ സ്ട്രൈക്കര്‍ റോളില്‍.
അര്‍ജന്റീന 4-3-3 ശൈലിയില്‍ കളിക്കും. സെമിഫൈനലില്‍ ടീമിന്റെ രക്ഷകനായ എമിലിയാനോ മാര്‍ട്ടിനെസ് തന്നെ ഗോള്‍കീപ്പറാകും. നഹ്യുല്‍ മോളിന, ജെര്‍മന്‍ പെസ്സെല്ല, നിക്കോളസ് ഒട്ടാമെന്‍ഡി, നിക്കോളോ ടാഗ്ലിയാഫിക്കോ എന്നിവര്‍ പ്രതിരോധത്തിലുണ്ടാകും. റോഡ്രിഗോ ഡി പോള്‍, ലിയനാര്‍ഡോ പാരഡെസ്, ജിയോവാനി ലോസെല്‍സോ എന്നിവര്‍ മധ്യനിരയിലുണ്ടാകും. നായകന്‍ ലയണല്‍ മെസ്സിക്കൊപ്പം ലൗട്ടാറോ മാര്‍ട്ടിനെസും നിക്കോളാസ് ഗോണ്‍സാലസുമാകും മുന്നേറ്റനിരയില്‍.
Content Highlights: Copa America 2021 final Brazil and Argentina continental rivalry