പെറുവിന്റെ വെല്ലുവിളി മറികടന്നു; തുടര്‍ച്ചയായ രണ്ടാം തവണയും ബ്രസീല്‍ കോപ്പ അമേരിക്ക ഫൈനലില്‍


2 min read
Read later
Print
Share

ചിലിക്കെതിരായ ക്വാര്‍ട്ടറിലും ബ്രസീലിന്റെ ഏക ഗോള്‍ നേടിയ ലുക്കാസ് പക്വേറ്റയാണ് ഇത്തവണയും മത്സരത്തില്‍ പിറന്ന ഏക ഗോള്‍ നേടിയത്

Photo: twitter.com|CopaAmerica

റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ കടന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ബ്രസീലിന്റെ ഫൈനല്‍ പ്രവേശനം.

ചിലിക്കെതിരായ ക്വാര്‍ട്ടറിലും ബ്രസീലിന്റെ ഏക ഗോള്‍ നേടിയ ലുക്കാസ് പക്വേറ്റയാണ് ഇത്തവണയും മത്സരത്തില്‍ പിറന്ന ഏക ഗോള്‍ നേടിയത്. 35-ാം മിനിറ്റിലായിരുന്നു ഗോളിന്റെ പിറവി. മൈതാന മധ്യത്തു നിന്ന് റിച്ചാര്‍ലിസന്‍ നല്‍കിയ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്‌സില്‍വെച്ച് നെയ്മര്‍ നല്‍കിയ പാസ് ആരാലും മാര്‍ക്ക് ചെയ്യാതിരുന്ന പക്വേറ്റയ്ക്ക് വലയിലെത്തിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ.

മത്സരത്തിലുടനീളം ബ്രസീലിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പെറുവിനായി. ഇരു ടീമിലെയും ഗോള്‍കീപ്പര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.

എട്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്താനുള്ള നെയ്മര്‍ അവസരം നഷ്ടപ്പെടുത്തി. പിന്നാലെ 19-ാം മിനിറ്റിലാണ് ബ്രസീലിന് മത്സരത്തിലെ തന്നെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. എന്നാല്‍ ഗോള്‍കീപ്പര്‍ പെഡ്രോ ഗല്ലീസെ പെറുവിന്റെ രക്ഷയ്‌ക്കെത്തി. ഇരട്ട സെവുമായി താരം കൈയടി നേടി. പക്വേറ്റയുടെ പാസില്‍ നിന്നുള്ള നെയ്മറുടെ ഗോളെന്നുറച്ച ഷോട്ട് പോയന്റ്ബ്ലാങ്ക് റേഞ്ചിലാണ് ഗല്ലീസെ ആദ്യം തടഞ്ഞിട്ടത്. പിന്നാലെ റീബൗണ്ടില്‍ നിന്നുള്ള റിച്ചാര്‍ലിസന്റെ ഷോട്ടും ഗല്ലീസെ രക്ഷപ്പെടുത്തി. ഈ ശ്രമത്തിനിടെ പന്ത് മുഖത്തിടിച്ച ഗല്ലീസെയ്ക്ക് തുടര്‍ന്ന് മൈതാനത്ത് ചികിത്സ തേടേണ്ടതായും വന്നു.

രണ്ടാം പകുതിയില്‍ മികച്ച രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചത് പെറുവായിരുന്നു. ഇത്തവണ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ മോറെസ് അവരുടെ രക്ഷയ്‌ക്കെത്തി. 49-ാം മിനിറ്റില്‍ ലാപഡുലയുടെ ഷോട്ട് രക്ഷപ്പെടുത്തിയ എഡേഴ്‌സണ്‍ 61-ാം മിനിറ്റില്‍ റസിയെല്‍ ഗാര്‍സിയയുടെ ഷോട്ടിലും ബ്രസീലിന്റെ രക്ഷകനായി.

അവസാന നിമിഷങ്ങളില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ ബ്രസീല്‍ ഒരു ഗോളിന്റെ ലീഡുമായി ഒടുവില്‍ ഫൈനലിലേക്ക് മുന്നേറി.

ബുധനാഴ്ച പുലര്‍ച്ചെ നടക്കുന്ന രണ്ടാം സെമിയില്‍ അര്‍ജന്റീന - കൊളംബിയ മത്സര വിജയികളെ ഫൈനലില്‍ ബ്രസീല്‍ നേരിടും. 2007-ന് ശേഷം കോപ്പ അമേരിക്കയില്‍ മറ്റൊരു ബ്രസീല്‍ - അര്‍ജന്റീന ഫൈനലിനാണ് കളമൊരുങ്ങുന്നത്.

Content Highlights: Copa America 2021 Brazil vs Peru Semifinals Live Updates

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram