Photo: Getty Images
റിയോ ഡി ജനൈറോ: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് ബിയില്‍ കൊളംബിയക്കെതിരായ മത്സരത്തില്‍ ബ്രസീലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് മഞ്ഞപ്പട വിജയം കൈക്കലാക്കിയത്.
ഇന്‍ജുറി ടൈമില്‍ കാസെമിറോയാണ് ഹെഡറിലൂടെയാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. ബ്രസീലിന്റെ തുടര്‍ച്ചയായ 10-ാം ജയമാണിത്.
മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ലൂയിസ് ഡയസിന്റെ തകര്‍പ്പന്‍ ഗോളില്‍ കൊളംബിയ മുന്നിലെത്തി. യുവാന്‍ ക്വാഡ്രാഡോ ബോക്‌സിലേക്ക് നീട്ടിനല്‍കിയ ക്രോസ് ഒരു ഓവര്‍ ഹെഡ് കിക്കിലൂടെ ലൂയിസ് ഡയസ് വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ബ്രസീല്‍ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച കൊളംബിയന്‍ നിര അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച മുന്നേറ്റങ്ങളും നടത്തി. സൂപ്പര്‍ താരം നെയ്മര്‍ക്ക് കൊളംബിയന്‍ താരങ്ങള്‍ സ്‌പേസ് അനുവദിക്കാതിരുന്നതും ബ്രസീല്‍ ആക്രമണങ്ങളുടെ മുനയൊടിച്ചു. നെയ്മര്‍ക്കും ആദ്യ പകുതിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ ഫിര്‍മിനോയെ ഇറക്കി ബ്രസീല്‍ ആക്രമണം ശക്തമാക്കിയെങ്കിലും കൊളംബിയ പ്രതിരോധം ഉറച്ചുനിന്നു. ഇതിനിടെ 66-ാം മിനിറ്റില്‍ കൊളംബിയ പ്രതിരോധം പിളര്‍ത്തി ഫിര്‍മിനോ നല്‍കിയ പാസ് നെയ്മര്‍ക്ക് മുതലാക്കാന്‍ സാധിച്ചില്ല. താരത്തിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു.
77-ാം മിനിറ്റു വരെ ഒരു ഗോളിന് പിന്നിലായിരുന്ന ബ്രസീല്‍ 78-ാം മിനിറ്റിലെ വിവാദ ഗോളിലാണ് സമനില പിടിച്ചത്. റെനന്‍ ലോഡിയുടെ ക്രോസില്‍ നിന്ന് റോബര്‍ട്ടോ ഫിര്‍മിനോയാണ് ബ്രസീലിന്റെ ഗോള്‍ നേടിയത്. ഫിര്‍മിനോയുടെ ഹെഡര്‍ കൊളംബിയന്‍ ഗോളി ഒസ്പിനയുടെ കൈയില്‍ തട്ടി വലയിലെത്തുകയായിരുന്നു.
ഈ ഗോളിനായുള്ള മുന്നേറ്റത്തിനിടെ കൊളംബിയന്‍ ബോക്‌സിനടുത്ത് വെച്ച് നെയ്മര്‍ അടിച്ച പന്ത് റഫറിയുടെ ദേഹത്ത് തട്ടിയിരുന്നു. ഇതുകണ്ട കൊളംബിയന്‍ താരങ്ങള്‍ ഫൗള്‍ വിസിലിന് കാത്തു. പക്ഷേ കളി തുടരാനായിരുന്നു റഫറിയുടെ സിഗ്നല്‍. ഈ അവസരം മുതലെടുത്താണ് ബ്രസീല്‍ ഗോള്‍ സ്‌കോര്‍ ചെയ്തത്.
വാര്‍ പരിശോധിച്ച റഫറി ഗോള്‍ അനുവദിച്ചതോടെ കൊളംബിയന്‍ താരങ്ങള്‍ പ്രതിഷേധവുമായി റഫറിയെ വളഞ്ഞു. 10 മിനിറ്റോളം മത്സരം തടസപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ നെയ്മറുടെ കോര്‍ണര്‍ വലയിലെത്തിച്ച് കാസെമിറോ ബ്രസീലിന് വിജയം സമ്മാനിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Copa America 2021 Brazil vs Colombia Live Updates