Photo: twitter.com|CopaAmerica
സൂയിയാബ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് യുറഗ്വായ്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുറഗ്വായുടെ ജയം.
മത്സരത്തില്‍ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ തുലച്ച യുറഗ്വായ് 40-ാം മിനിറ്റില്‍ ബൊളീവിയ ഗോള്‍കീപ്പര്‍ കാര്‍ലോസ് ലാംപെയുടെ സെല്‍ഫ് ഗോളിലാണ് മുന്നിലെത്തിയത്. ബോക്‌സിലേക്കെത്തിയ ജോര്‍ജിയന്‍ ഡി അരാസ്‌കെയറ്റയുടെ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ബൊളീവിയന്‍ ഡിഫന്‍ഡര്‍ ജെയ്‌റോ ക്വിന്റെറോസിന്റെ ശ്രമത്തിനിടെ പന്ത് കാര്‍ലോസ് ലാംപെയുടെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അവസരങ്ങള്‍ ഒരുക്കുന്നതില്‍ മുന്നില്‍ യുറഗ്വായായിരുന്നു. 28-ാം മിനിറ്റില്‍ ലാ ക്രൂസിന്റെ ക്രോസില്‍ നിന്നുള്ള എഡിന്‍സന്‍ കവാനിയുടെ ഹെഡര്‍ കാര്‍ലോസ് ലാംപെ പിടിച്ചെടുത്തു.
36-ാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വെര്‍ദെയുടെ ക്രോസില്‍ നിന്നുള്ള ലൂയിസ് സുവാരസിന്റെ ഹെഡറും പുറത്തേക്ക് പോയി. ആദ്യ പകുതിയില്‍ കാര്യമായ ഗോളവസരങ്ങളൊന്നും ബൊളീവിയക്ക് സൃഷ്ടിക്കാനായില്ല.
രണ്ടാം പകുതിയിലും അവസരങ്ങള്‍ തുലയ്ക്കുന്നത് യുറഗ്വായ് തുടര്‍ന്നു. 52, 59, 71 മിനിറ്റുകളില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയ എഡിന്‍സണ്‍ കവാനി 79-ാം മിനിറ്റില്‍ പക്ഷേ സ്‌കോര്‍ ചെയ്തു. യുറഗ്വായുടെ കൗണ്ടര്‍ അറ്റാക്കിനിടെ ഫകുണ്ടോ ടോറസിന്റെ പാസ് കവാനി വലയിലെത്തിക്കുകയായിരുന്നു. രാജ്യത്തിനായി താരത്തിന്റെ 52-ാം ഗോളായിരുന്നു ഇത്.
ബൊളീവിയ ഗോള്‍കീപ്പര്‍ കാര്‍ലോസ് ലാംപെ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തു. യുറഗ്വായ് താരങ്ങളുടെ ഗോളെന്നുറച്ച അഞ്ചോളം അവസരങ്ങളാണ് ലാംപെ രക്ഷപ്പെടുത്തിയത്.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Copa America 2021 Bolivia vs Uruguay Live Updates