Photo: twitter.com|CopaAmerica
ഗോയിയാനിയ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇക്വഡോറിനെ പരാജയപ്പെടുത്തി സെമിയിലേക്ക് മുന്നേറി അര്‍ജന്റീന. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു മെസ്സിയുടെയും സംഘത്തിന്റെയും ജയം. ബുധനാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
റോഡ്രിഗോ ഡി പോള്‍, ലൗറ്റാരോ മാര്‍ട്ടിനെസ്, ലയണല്‍ മെസ്സി എന്നിവരാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. അര്‍ജന്റീനയുടെ ആദ്യ രണ്ടു ഗോളിനും വഴിയൊരുക്കിയതും മെസ്സിയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണം അഴിച്ചുവിട്ട അര്‍ജന്റീന 40-ാം മിനിറ്റിലാണ് മുന്നിലെത്തിയത്. മെസ്സിയുടെ പാസില്‍ നിന്ന് റോഡ്രിഗോ ഡി പോളാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. മെസ്സിയുടെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. മെസ്സിയില്‍ നിന്ന് പന്ത് ലഭിച്ച ലൗറ്റാരോ മാര്‍ട്ടിനെസിന്റെ മുന്നേറ്റം ഇക്വഡോര്‍ ഗോള്‍കീപ്പര്‍ ഹെര്‍നന്‍ ഗലിന്‍ഡസ് തടഞ്ഞു. ഈ ശ്രമത്തില്‍ നിന്ന് പന്ത് ലഭിച്ച മെസ്സി അത് നേരേ പോളിന് നീട്ടിനല്‍കുകയായിരുന്നു. ഗോള്‍കീപ്പര്‍ സ്ഥാനം തെറ്റിനിന്ന അവസരം മുതലെടുത്ത് പോള്‍ പന്ത് വലയിലെത്തിച്ചു.
രണ്ടാം മിനിറ്റില്‍ തന്നെ ലൗറ്റാരോ മാര്‍ട്ടിനെസിന്റെ ഗോള്‍ശ്രമം ഗലിന്‍ഡസ് തടയുന്നത് കണ്ടാണ് മത്സരം ആരംഭിച്ചത്. നാലാം മിനിറ്റില്‍ ലോ സെല്‍സോയും അവസരം നഷ്ടപ്പെടുത്തി. 14-ാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസിന്റെ ഉറച്ച ഗോളവസരം കൃത്യമായ ഇടപെടലിലൂടെ ഇക്വഡോര്‍ ഡിഫന്‍ഡര്‍ ആര്‍ബൊലെഡ തടഞ്ഞു.
23-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി.
24-ാം മിനിറ്റില്‍ ഇക്വഡോറിനും അവസരം ലഭിച്ചു. ജെഗസണ്‍ മെന്‍ഡസിന്റെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് സേവ് ചെയ്തു. പിന്നാലെ 38-ാം മിനിറ്റില്‍ എന്നെര്‍ വലന്‍സിയക്കും ടീമിനെ മുന്നിലെത്തിക്കാന്‍ സാധിച്ചില്ല. പലപ്പോഴും അര്‍ജന്റീന പ്രതിരോധത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് ഇക്വഡോര്‍ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍ ഫിനിഷിങ്ങിലെ പിഴവുകളാണ് അവര്‍ക്ക് തിരിച്ചടിയായത്.
ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗലിന്‍ഡസ് ഇരട്ട സേവുമായി വീണ്ടും ഇക്വഡോറിന്റെ രക്ഷയ്‌ക്കെത്തി. മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നുള്ള നിക്കോളാസ് ഗോള്‍സാലസിന്റെ ഹെഡര്‍ തടഞ്ഞിട്ട ഗലിന്‍ഡെസ്, ഗോള്‍സാലസിന്റെ റീബൗണ്ട് ഷോട്ടും തടഞ്ഞിടുകയായിരുന്നു.
രണ്ടാം പകുതിയിലും ഇരു ടീമും മികച്ച ആക്രമണങ്ങളുമായി കളംനിറഞ്ഞു. 58-ാം മിനിറ്റില്‍ എന്നര്‍ വലന്‍സിയയുടെ ഷോട്ട് എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞു.
84-ാം മിനിറ്റില്‍ അര്‍ജന്റീന ലീഡുയര്‍ത്തി. ഇക്വഡോറിന്റെ പ്രതിരോധ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ഈ അവസരം മുതലെടുത്ത് മെസ്സി നല്‍കിയ പാസ് മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇന്‍ജുറി ടൈമില്‍ ലഭിച്ച ഫ്രീകിക്ക് വലയിലെത്തിച്ച് മെസ്സി അര്‍ജന്റീനയുടെ ഗോള്‍പട്ടിക തികയ്ക്കുകയും ചെയ്തു.
ഏയ്ഞ്ചല്‍ ഡി മരിയക്കെതിരായ പിയെറോ ഹിന്‍കാപിയയുടെ ഫൗളിനെ തുടര്‍ന്നായിരുന്നു ഫ്രീകിക്ക്. വാര്‍ പരിശോധിച്ച റഫറി ഈ ഫൗളിന് ഹിന്‍കാപിയക്ക് ചുവപ്പു കാര്‍ഡ് നല്‍കുകയും ചെയ്തു.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Copa America 2021 Argentina vs Ecuador quarter final Live Updates