Photo: twitter.com|CopaAmerica
ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഒടുവില്‍ അര്‍ജന്റീന - ബ്രസീല്‍ സ്വപ്ന ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനലില്‍ കൊളംബിയയെ തകര്‍ത്താണ് അര്‍ജന്റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ഷൂട്ടൗട്ടില്‍ മൂന്ന് കിക്കുകള്‍ രക്ഷപ്പെടുത്തിയ അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസാണ് ടീമിന്റെ ഹീറോയായത്. അര്‍ജന്റീന മൂന്ന് കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ കൊളംബിയക്ക് രണ്ടെണ്ണം മാത്രമേ വലയിലെത്താക്കാനായുള്ളൂ.
അര്‍ജന്റീനയ്ക്കായി മെസ്സി, ലിയാണ്‍ഡ്രോ പരെഡെസ്, ലൗറ്റാരോ മാര്‍ട്ടിനെസ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റോഡ്രിഡോ ഡി പോള്‍ പന്ത് പുറത്തേക്കടിച്ച് കളഞ്ഞു.
കൊളംബിയയുടെ ഡേവിന്‍സണ്‍ സാഞ്ചെസ്, യെരി മിന, എഡ്വിന്‍ കാര്‍ഡോണ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടഞ്ഞിട്ടത്. ലക്ഷ്യം കാണാനായത് മിഗ്വെല്‍ ബോര്‍ഹയ്ക്ക് മാത്രവും.
നിശ്ചിത സമയത്ത് ഇരു ടീമും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ ഏഴാം മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനെസാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ലോ സെല്‍സോ ബോക്‌സിലേക്ക് നല്‍കിയ ഒരു ത്രൂബോളില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് സ്വീകരിച്ച മെസ്സി ബോക്‌സില്‍ വെച്ച് കൊളംബിയന്‍ ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞ് നല്‍കിയ പാസ് ലൗറ്റാരോ മാര്‍ട്ടിനെസ് വലയിലെത്തിക്കുകയായിരുന്നു.
നാലാം മിനിറ്റില്‍ തന്നെ അര്‍ജന്റീന ഗോളിനടുത്തെത്തിയിരുന്നു. മെസ്സിയും ലൗറ്റാരോ മാര്‍ട്ടിനെസും തന്നെയായിരുന്നു ഈ മുന്നേറ്റത്തിനു പിന്നില്‍. മെസ്സിയുടെ പാസില്‍ നിന്നുള്ള ലൗറ്റാരോ മാര്‍ട്ടിനെസിന്റെ ഹെഡര്‍ പുറത്തേക്ക് പോകുകയായിരുന്നു.
എന്നാല്‍ ഗോള്‍ വീണതിനു തൊട്ടുപിന്നാലെ കൊളംബിയയും ഗോളിനടുത്തെത്തി. എന്നാല്‍ ക്വഡ്രാഡോയുടെ ഷോട്ട് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടയുകയായിരുന്നു. പിന്നാലെ കൊളംബിയ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു.
37-ാം മിനിറ്റില്‍ വില്‍മര്‍ ബാരിയോസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങി. തൊട്ടുപിന്നാലെ യെരി മില്‍നയുടെ ഹെഡര്‍ രക്ഷപ്പെടുത്തി മാര്‍ട്ടിനെസ് വീണ്ടും അര്‍ജന്റീനയെ കാത്തു.
44-ാം മിനിറ്റില്‍ അര്‍ജന്റീന രണ്ടാം ഗോള്‍ ഉറപ്പിച്ചതായിരുന്നു. എന്നാല്‍ നിക്കോളാസ് ഗോണ്‍സാലസിന്റെ ഹെഡര്‍ കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പിന അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.
രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാനുറച്ചാണ് കൊളംബിയ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങള്‍ അവരുടെ ഭാഗത്തുനിന്നുമുണ്ടായി. ഒടുവില്‍ 61-ാം മിനിറ്റില്‍ ലൂയിസ് ഡിയാസിലൂടെ കൊളംബിയ ഗോള്‍ മടക്കി. എഡ്വിന്‍ കാര്‍ഡോണ നീട്ടിനല്‍കിയ പന്തില്‍ നിന്നായിരുന്നു ലൂയിസ് ഡിയാസ് കൊളംബിയയുടെ സമനില ഗോള്‍ നേടിയത്. പന്തുമായി മുന്നേറിയ ഡിയാസ് അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ഒരു ആംഗിളില്‍ നിന്നാണ് പന്ത് വലയിലെത്തിച്ചത്.
ഗോള്‍ വീണതോടെ അര്‍ജന്റീന ആക്രമണം ശക്തമാക്കി. 73-ാം മിനിറ്റില്‍ അവര്‍ക്ക് ഗോള്‍ഡന്‍ ചാന്‍സ് കിട്ടുകയും ചെയ്തു. പക്ഷേ ഗോള്‍കീപ്പര്‍ ഒസ്പിന സ്ഥാനം തെറ്റിനിന്നത് മുതലാക്കാന്‍ ഡി മരിയക്കോ ലൗറ്റാരോ മാര്‍ട്ടിനെസിനോ സാധിച്ചില്ല. മാര്‍ട്ടിനെസിന്റെ ദുര്‍ബലമായ ഷോട്ട് ഗോള്‍ലൈനില്‍ വെച്ച് ബാരിയോസ് രക്ഷപ്പെടുത്തുകയും ചെയ്തു.
81-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ മെസ്സിയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബ്രസീല്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു.
ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരില്‍ 1916-ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് 1975 മുതലാണ് കോപ്പ അമേരിക്ക എന്ന പേരിലേക്ക് മാറുന്നത്. 1916 മുതലുള്ള ചരിത്രമെടുത്താല്‍ ഇതുവരെ 10 തവണ മാത്രമാണ് ബ്രസീലും അര്‍ജന്റീനയും ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. 1975-ന് ശേഷം വെറും മൂന്ന് തവണ മാത്രവും.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Copa America 2021 Argentina vs Colombia Semifinal Live Updates