തകര്‍പ്പന്‍ സേവുകളുമായി ഫാരിനെസ്, കൊളംബിയയെ സമനിലയില്‍ തളച്ച് വെനസ്വേല


2 min read
Read later
Print
Share

വെനസ്വേലയുടെ ഗോള്‍കീപ്പര്‍ വുളിക്കര്‍ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളാണ് കൊളംബിയയുടെ വിജയം നിഷേധിച്ചത്

Photo: twitter.com|CopaAmerica

ഗോയിയാനിയ:കോപ്പ അമേരിക്കയില്‍ കരുത്തരായ കൊളംബിയയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് വെനസ്വേല. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ വെനസ്വേലയുടെ ഗോള്‍കീപ്പര്‍ വുളിക്കര്‍ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളാണ് കൊളംബിയയുടെ വിജയം നിഷേധിച്ചത്.

ടീമിലെ 12 താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതുമൂലം രണ്ടാം നിര ടീമുമായി കളിക്കാനിറങ്ങിയ വെനസ്വേല മികച്ച പ്രകടനമാണ് കൊളംബിയയ്‌ക്കെതിരേ പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ടീമിന് ജയത്തോളം പോന്ന സമനിലയാണിത്. മറുവശത്ത് കൊളംബിയ നിരവധി മികച്ച അവസരങ്ങള്‍ നശിപ്പിച്ചാണ് സമനില വഴങ്ങിയത്. ആദ്യ മത്സരത്തില്‍ ടീം വിജയം നേടിയിരുന്നു.

മത്സരത്തിന്റെ തുടക്കംമുതല്‍ കൊളംബിയ ആധിപത്യം പുലര്‍ത്തി. മൂന്നാം മിനിട്ടില്‍ തന്നെ മികച്ച അവസരം കൊളംബിയയുടെ ഉറിബെയ്ക്ക് ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. പിന്നാലെ നിരന്തരം ആക്രമണം അഴിച്ചുവിട്ട് വെനസ്വേല ഗോള്‍മുഖത്ത് ഭീതി ജനിപ്പിക്കാന്‍ കൊളംബിയയ്ക്ക് കഴിഞ്ഞു.

ടീമിലെ 12 താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ പകരക്കാരെ വെച്ച് കളിച്ച വെനസ്വേലയുടെ കളിയില്‍ ആ പോരായ്മ പ്രകടമായിരുന്നു.

13-ാം മിനിട്ടില്‍ തുറന്ന അവസരം ലഭിച്ചിട്ടുപോലും അത് ഗോളാക്കി മാറ്റാന്‍ കൊളംബിയയ്ക്ക് സാധിച്ചില്ല. വെനസ്വേലയുടെ യുവ ഗോള്‍കീപ്പര്‍ വുളിക്കര്‍ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളും കൊളംബിയയ്ക്ക് വിലങ്ങുതടിയായി. ആദ്യ പകുതിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.

രണ്ടാം പകുതിയിലും സ്ഥിതി മറിച്ചായിരുന്നില്ല. കൊളംബിയ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞു. പക്ഷേ ഫിനിഷിങ്ങിലെ പോരായ്മകള്‍ ടീമിന് തിരിച്ചടിയായി. സൂപ്പര്‍ താരം ഹാമിഷ് റോഡ്രിഗസിന്റെ വിടവ് കളിയിലുടനീളം പ്രകടമായി.

53-ാം മിനിട്ടില്‍ കൊളംബിയയുടെ ഉറിബെയുടെ തകര്‍പ്പന്‍ ബൈസിക്കിള്‍ കിക്ക് അവിശ്വസനീയമായി തട്ടിയകറ്റി വെനസ്വേല ഗോള്‍കീപ്പര്‍ ഫാരിനെസ് ആരാധകരുടെ മനം കവര്‍ന്നു. ഗോളെന്നുറച്ച ഷോട്ടായിരുന്നു അത്.

77-ാം മിനിട്ടില്‍ താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം രസംകൊല്ലിയായി. 81-ാ മിനിട്ടിലും താരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു.

ഗോളടിക്കാനായി താരങ്ങളെ കൊളംബിയ മാറ്റി പരീക്ഷിച്ചെങ്കിലും ഫാരിനെസിന്റെ മികച്ച സേവുകള്‍ക്ക് മുമ്പില്‍ അതെല്ലാം വിഫലമായി. കളിയവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ലൂയിസ് ഡയസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് കൊളംബിയയ്ക്ക് തിരിച്ചടിയായി. വൈകാതെ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം....

Content HIghlights: Colombia vs Venezuela Copa America 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram