തുല്യശക്തികളുടെ പോരാട്ടത്തില്‍ കൊളംബിയയെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തകര്‍ത്ത് പെറു


2 min read
Read later
Print
Share

മധ്യനിരതാരം സെര്‍ജിയോ പീനയുടെ ഗോളും യാര മിനയുടെ സെല്‍ഫ് ഗോളും പെറുവിന്റെ പട്ടിക തികച്ചപ്പോള്‍ പെനാല്‍ട്ടിയിലൂടെ മിഗ്വേല്‍ ബോര്‍ഹ കൊളംബിയയുടെ ആശ്വാസഗോള്‍ നേടി.

​ഗോൾ നേടിയ പെറുവിന്റെ സെർജിയോ പീനയുടെ ആഹ്ലാദം| Photo: twitter.com|CopaAmerica

ഗോയിയാനിയ: 2021 കോപ്പ അമേരിക്കയില്‍ പെറുവിന് ആദ്യ വിജയം. തുല്യശക്തികളുടെ പോരാട്ടത്തില്‍ കൊളംബിയയെയാണ് പെറു കീഴടക്കിയത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം.

മധ്യനിരതാരം സെര്‍ജിയോ പീനയുടെ ഗോളും യാര മിനയുടെ സെല്‍ഫ് ഗോളും പെറുവിന്റെ പട്ടിക തികച്ചപ്പോള്‍ പെനാല്‍ട്ടിയിലൂടെ മിഗ്വേല്‍ ബോര്‍ഹ കൊളംബിയയുടെ ആശ്വാസഗോള്‍ നേടി. ഈ വിജയത്തോടെ പെറു നോക്കൗട്ട് റൗണ്ടിലേക്കുള്ള പ്രവേശന സാധ്യതകള്‍ സജീവമാക്കി.

ആദ്യ മിനിട്ടുകളില്‍ തന്നെ മികച്ച ആക്രമണം നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചു. അഞ്ചാം മിനിട്ടില്‍ കൊളംബിയയുടെ ബോര്‍ജയ്ക്ക് മികച്ച അവസരം ബോക്‌സിനകത്തുവെച്ച് ലഭിച്ചെങ്കിലും പെറു പ്രതിരോധം അതിനെ സമര്‍ഥമായി നേരിട്ടു. മറുവശത്ത് പെറു ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഗോളവസരങ്ങളായി മാറ്റുന്നത്തില്‍ ടീം പരാജയപ്പെട്ടു.

12-ാം മിനിട്ടില്‍ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ക്വാഡ്രാഡോയുടെ മഴവില്‍ പോലെ വളഞ്ഞ കിക്ക് പെറു ഗോള്‍പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. എന്നാല്‍ 17-ാം മിനിട്ടില്‍ കൊളംബിയയെ ഞെട്ടിച്ചുകൊണ്ട് ആദ്യ മുന്നേറ്റത്തില്‍ തന്നെ പെറു ഗോള്‍ നേടി.

സെര്‍ജിയോ പീനയാണ് ടീമിനായി ഗോള്‍ നേടിയത്. റീബൗണ്ടായി വന്ന പന്തില്‍ നിന്നാണ് താരം ഗോള്‍ നേടിയത്. കൊളംബിയയുടെ യോട്ടണ്‍ എടുത്ത ലോങ്‌റേഞ്ചര്‍ കൊളംബിയന്‍ പോസ്റ്റിലേക്ക് പറന്നെത്തി. എന്നാല്‍ ഗോള്‍കീപ്പര്‍ ഓസ്പിന അത് തട്ടിയകറ്റാന്‍ ശ്രമിച്ചു. താരത്തിന്റെ വിരലുകളില്‍ തട്ടി ഗോള്‍ പോസ്റ്റിലിടിച്ച പന്ത് നെരെയെത്തിയത് പീനയുടെ കാലുകളിലേക്കാണ്. സ്ഥാനം തെറ്റി നിന്ന ഓസ്പിനയ്ക്ക് ഒരു സാധ്യതയും നല്‍കാതെ അനായാസം പന്ത് വലയിലെത്തിച്ച് പീന പെറുവിനായി ആദ്യ ഗോള്‍ നേടി. 2021 കോപ്പ അമേരിക്കയില്‍ പെറുവിന്റെ ആദ്യ ഗോളാണിത്.

ഗോള്‍ വഴങ്ങിയതോടെ ആക്രമണം ശക്തിപ്പെടുത്താന്‍ കൊളംബിയ ശ്രമിച്ചെങ്കിലും പെറു പ്രതിരോധം ശക്തമാക്കി. ഇതോടെ ഗോളവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൊളംബിയയ്ക്ക് സാധിച്ചില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊളംബിയയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ബോര്‍ഹയെ ബോക്‌സിനുള്ളില്‍ പെറു ഗോള്‍കീപ്പര്‍ ഗല്ലീസെ ഫൗള്‍ ചെയ്തതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. 52-ാം മിനിട്ടില്‍ ബോര്‍ഹ തന്നെ പെനാല്‍ട്ടി കിക്കെടുത്തു. ഗോള്‍കീപ്പര്‍ ഗല്ലീസെയെ കബിളിപ്പിച്ച് താരം അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ സ്‌കോര്‍ 1-1 എന്ന നിലയിലായി. ബോര്‍ഹയെ ഫൗള്‍ ചെയ്തതിന് ഗല്ലീസെയ്ക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു.

സമനില ഗോള്‍ നേടിയതോടെ കൊളംബിയ കൂടുതല്‍ ആക്രണങ്ങള്‍ അഴിച്ചുവിട്ടു. 57-ാം മിനിട്ടില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ ബോര്‍ഹ സെക്കന്‍ഡ് പോസ്റ്റിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് പോസ്റ്റിന് വെളിയിലൂടെ കടന്നുപോയി.

എന്നാല്‍ കൊളംബിയയുടെ സന്തോഷത്തിന് വെറും 12 മിനിട്ട് മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. 64-ാം മിനിട്ടില്‍ പെറു കൊളംബിയ്‌ക്കെതിരേ വീണ്ടും ലീഡെടുത്തു. ഇത്തവണ സെല്‍ഫ് ഗോളാണ് പെറുവിന് തുണയായത്. കോര്‍ണര്‍ കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിലേക്ക് കൃത്യമായി വളഞ്ഞുവന്ന കോര്‍ണര്‍ കിക്ക് കൊളംബിയന്‍ താരം യേരി മിനയുടെ ശരീരത്തില്‍ തട്ടി വലയില്‍ കയറുകയായിരുന്നു. ഗോള്‍കീപ്പര്‍ ഓസ്പിന രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍വര കടന്നിരുന്നു. ഇതോടെ പെറു 2-1 എന്ന സ്‌കോറിന് മുന്നിലെത്തി.

ഗോള്‍ വഴങ്ങിയതോടെ കൊളംബിയ ആക്രമണങ്ങള്‍ ശക്തമാക്കി. പക്ഷേ പെറു പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്തതോടെ കൊളംബിയന്‍ താരങ്ങളുടെ ആക്രമണങ്ങളെല്ലാം വിഫലമായി. താരങ്ങളെ മാറി പരീക്ഷിച്ചിട്ടും ഗോള്‍ നേടാന്‍ കൊളംബിയയ്ക്ക് കഴിഞ്ഞില്ല.

ഈ വിജയത്തോടെ പെറു രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയന്റുകളുമായി ഗ്രൂപ്പ് എ യില്‍ മൂന്നാം സ്ഥാനത്തെത്തി. തോറ്റെങ്കിലും മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയന്റുകളുള്ള കൊളംബിയ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് ഒന്നാമത്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....

Content Highlights: Colombia vs Peru Copa America 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram