ഗോൾ നേട്ടം ആഘോഷിക്കുന്ന നെയ്മർ | Photo: twitter.com|CopaAmerica
ബ്രസീലിയ: കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് തകര്‍പ്പന്‍ വിജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് മഞ്ഞപ്പട കീഴടക്കിയത്. ബ്രസീലിനായി മാര്‍കിന്യോസ്, നെയ്മര്‍, ഗബ്രിയേല്‍ ബാര്‍ബോസ എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഒരു ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിവെയ്ക്കുകയും ചെയ്ത നെയ്മര്‍ ബ്രസീലിനായി ഉശിരന്‍ പ്രകടനം പുറത്തെടുത്തു.
കോപ്പ അമേരിക്കയില്‍ ബ്രസീല്‍ ഇതുവരെ വെനസ്വേലയ്‌ക്കെതിരേ തോറ്റിട്ടില്ല. ആ റെക്കോഡ് ഈ മത്സരത്തിലും തുടരാന്‍ ബ്രസീലിന് സാധിച്ചു. കോവിഡ് മൂലം വെനസ്വേല പകരക്കാരെ ഇറക്കിയാണ് കളിച്ചത്. എന്നിട്ടും ഭേദപ്പെട്ട പ്രതിരോധം കാഴ്ചവെയ്ക്കാന്‍ വെനസ്വേലയ്ക്ക് സാധിച്ചു
മത്സരം ആരംഭിച്ചപ്പോള്‍ തൊട്ട് നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീല്‍ ആധിപത്യം പുലര്‍ത്തി. ആദ്യ മിനിട്ടുകളില്‍ തന്നെ ആക്രമണം അഴിച്ചുവിടാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചു. 9-ാം മിനിട്ടില്‍ ബ്രസീലിന്റെ മുന്നേറ്റ താരം റിച്ചാലിസണിന് മികച്ച അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 19-ാം മിനിട്ടില്‍ ബ്രസീലിന്റെ ഡാനിലോയുടെ ലോങ്‌റേഞ്ചര്‍ വെനസ്വേല ഗോള്‍കീപ്പര്‍ ഗ്രാറ്റെറോള്‍ കൈയ്യിലൊതുക്കി.
ബ്രസീല്‍ ആക്രമിച്ച് കളിച്ചപ്പോള്‍ പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് വെനസ്വേല കാഴ്ചവെച്ചത്. ഒടുവില്‍ 23-ാം മിനിട്ടില്‍ മാര്‍കിന്യോസിലൂടെ ബ്രസീല്‍ ലീഡെടുത്തു. നെയ്മര്‍ എടുത്ത കോര്‍ണര്‍ കിക്ക് സ്വീകരിച്ച മാര്‍കിന്യോസ് പന്ത് നിലത്തിറക്കി അനായാസം വെനസ്വേലയുടെ വലയിലെത്തിച്ചു. ഇതോടെ ബ്രസീല്‍ 1-0 ന് മുന്നിലെത്തി.
തൊട്ടുപിന്നാലെ റിച്ചാലിസണ്‍ വെനസ്വേലയുടെ വലകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 29-ാം മിനിട്ടില്‍ സൂപ്പര്‍ താരം നെയ്മര്‍ മികച്ച ഒരു അവസരം നഷ്ടപ്പെടുത്തി.
രണ്ടാം പകുതിയിലും ബ്രസീല്‍ കളം നിറഞ്ഞുകളിച്ചു. 53-ാം മിനിട്ടില്‍ ഗബ്രിയേല്‍ ജെസ്യൂസിന്റെ ക്രോസില്‍ മികച്ച അവസരം നെയ്മര്‍ക്ക് ലഭിച്ചെങ്കിലും അത് ബ്രസീലിന്റെ രണ്ടാം ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല.
ഒടുവില്‍ 62-ാം മിനിട്ടില്‍ ബ്രസീലിനനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ഡാനിലോയെ ബോക്‌സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിന്റെ ഫലമായാണ് ബ്രസീലിന് പെനാല്‍ട്ടി ലഭിച്ചത്. ടീമിനായി പെനാല്‍ട്ടി കിക്കെടുത്ത സൂപ്പര്‍ താരം നെയ്മര്‍ വെനസ്വേല ഗോള്‍ കീപ്പര്‍ ഗ്രാറ്റെറോളിനെ കബിളിപ്പിച്ച് അനായാസം പന്ത് വലയിലെത്തിച്ചു.
വെനസ്വേലയുടെ പ്രതിരോധം മികച്ച പ്രകടനം കാഴ്ച വെച്ചതുകൊണ്ട് മാത്രമാണ് ബ്രസീലിന് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിയാതെ പോയത്. 83-ാം മിനിട്ടില്‍ തകര്‍പ്പന്‍ മുന്നേറ്റത്തിലൂടെ നെയ്മര്‍ ഗോള്‍ നേടിയെന്ന് തോന്നിപ്പിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.
പിന്നാലെ ബ്രസീല്‍ മത്സരത്തിലെ മൂന്നാം ഗോള്‍ നേടി. 89-ാം മിനിട്ടില്‍ ഗബ്രിയേല്‍ ബാര്‍ബോസയാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്. വെനസ്വേല പ്രതിരോധനിരയെ കബിളിപ്പിച്ച് മുന്നേറിയ നെയ്മറിന്റെ തകര്‍പ്പന്‍ ക്രോസില്‍ നിന്നുമാണ് ഗോളി പോലുമില്ലാത്ത പോസ്റ്റിലേക്ക് പന്തുതട്ടിയിട്ട് ബാര്‍ബോസ ഗോള്‍ നേടിയത്. ഇതോടെ ബ്രസീല്‍ വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: Brazil vs Venezuela Copa America football 2021