കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍


2 min read
Read later
Print
Share

സമനില വഴങ്ങിയെങ്കിലും ബ്രസീല്‍ ബി ഗ്രൂപ്പില്‍ ചാമ്പ്യന്മാരായി. ഒരു മത്സരം പോലും വിജയിക്കാതെ നാലുമത്സരങ്ങളില്‍ നിന്നും മൂന്ന് പോയന്റുകള്‍ നേടി നാലാം സ്ഥാനത്തെത്തിയാണ് ഇക്വഡോര്‍ അവസാന എട്ടില്‍ ഇടം നേടിയത്.

Photo: twitter.com|CopaAmerica

ഗോയിയാനിയ: നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യം വെച്ച് കളിക്കാനിറങ്ങിയ ബ്രസീലിനെതിരേ മികച്ച പ്രകടനമാണ് ഇക്വഡോര്‍ കാഴ്ചവെച്ചത്.

ബ്രസീലിനായി എഡെര്‍ മിലിട്ടാവോയും ഇക്വഡോറിനായി ഏംഗല്‍ മീനയും ലക്ഷ്യം കണ്ടു. സമനില വഴങ്ങിയെങ്കിലും ബ്രസീല്‍ ബി ഗ്രൂപ്പില്‍ ചാമ്പ്യന്മാരായി. ഒരു മത്സരം പോലും വിജയിക്കാതെ നാലുമത്സരങ്ങളില്‍ നിന്നും മൂന്ന് പോയന്റുകള്‍ നേടി നാലാം സ്ഥാനത്തെത്തിയാണ് ഇക്വഡോര്‍ അവസാന എട്ടില്‍ ഇടം നേടിയത്.

ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് നേരത്തേ ഉറപ്പിച്ചതിനാല്‍ വലിയ അഴിച്ചുപണികള്‍ നടത്തിയാണ് പരിശീലകന്‍ ടിറ്റെ ബ്രസീല്‍ ടീമിനെ ഇക്വഡോറിനെതിരായി ഇറക്കിയത്. നെയ്മര്‍, ഗബ്രിയേല്‍ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ പട്ടികയിലാണ് ഇടം നേടിയത്.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് ഇക്വഡോര്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. പത്താം മിനിട്ടില്‍ ഇക്വഡോറിന്റെ വലന്‍സിയ എടുത്ത ലോങ്‌റേഞ്ചര്‍ ബ്രസീല്‍ ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 14-ാം മിനിട്ടില്‍ ബ്രസീലിന്റെ ലൂക്കാസ് പക്വേറ്റയുടെ ലോങ്‌റേഞ്ചര്‍ ഇക്വഡോര്‍ ഗോള്‍കീപ്പര്‍ ഗലിന്‍ഡെസ് തട്ടിയകറ്റി.

16-ാം മിനിട്ടില്‍ ഇക്വഡോറിന്റെ പ്രധാന താരങ്ങളിലൊരാളായ മോയ്‌സസ് കസീഡോ പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. കസീഡോയ്ക്ക് പകരം ഏംഗല്‍ മീന ടീമിനൊപ്പം ചേര്‍ന്നു. 17-ാം മിനിട്ടില്‍ ബ്രസീലിന്റെ ബാര്‍ബോസയ്ക്ക് മികച്ച ഒരവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.

27-ാം മിനിട്ടില്‍ ലൂക്കാസിന്റെ ഗോളെന്നുറച്ച ഷോട്ട് ഇക്വഡോര്‍ പോസ്റ്റിലുരുമ്മി കടന്നുപോയി. ആദ്യ മിനിട്ടുകളില്‍ ബ്രസീല്‍ ആക്രമണങ്ങള്‍ക്ക് വേണ്ടത്ര വേഗം കൈവരിക്കാനായില്ല.

ഒടുവില്‍ 37-ാം മിനിട്ടില്‍ ബ്രസീല്‍ ഇക്വഡോറിന്റെ പ്രതിരോധപ്പൂട്ട് പൊളിച്ച് മത്സരത്തില്‍ ലീഡെടുത്തു. പ്രതിരോധതാരം എഡെര്‍ മിലിട്ടാവോയാണ് ബ്രസീലിനായി ഗോള്‍ നേടിയത്. എവര്‍ട്ടണ്‍ എടുത്ത ഫ്രീകിക്കിലൂടെയാണ് ഗോള്‍ പിറന്നത്.

എവര്‍ട്ടണ്‍ ഇക്വഡോര്‍ ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട ഫ്രീകിക്ക് കൃത്യമായി സ്വീകരിച്ച മിലിട്ടാവോ മികച്ച ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു.ബ്രസീലിനുവേണ്ടി താരം നേടുന്ന ആദ്യ ഗോളാണിത്. 2021 കോപ്പ അമേരിക്കയില്‍ ബ്രസീലിനായി ഗോള്‍ നേടുന്ന ഒന്‍പതാമത്തെ താരവുമാണ് മിലിട്ടാവോ.

ആദ്യ പകുതിയില്‍ പിന്നീട് മികച്ച മുന്നേറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാനായി ഇക്വഡോര്‍ പരമാവധി ശ്രമിച്ചെങ്കിലും ബ്രസീല്‍ പ്രതിരോധത്തെ മറികടക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. 50-ാം മിനിട്ടില്‍ പ്രെസിയാഡോയുടെ ലോങ്‌റേഞ്ചര്‍ ബ്രസീല്‍ ക്രോസ് ബാറിലേക്ക് പറന്നിറങ്ങാന്‍ ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍ അലിസണ്‍ പന്ത് തട്ടിയകറ്റി. പിന്നാലെ വലന്‍സിയയ്ക്കും മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞില്ല.

എന്നാല്‍ മഞ്ഞപ്പടയെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിന്റെ 53-ാം മിനിട്ടില്‍ ഇക്വഡോര്‍ സമനില ഗോള്‍ നേടി. പകരക്കാരനായി എത്തിയ ഏംഗല്‍ മീനയാണ് ഇക്വഡോറിന്റെ രക്ഷകനായത്. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് സ്വീകരിച്ച മീന ഗോള്‍കീപ്പര്‍ അലിസണിന് അവസരം നല്‍കാതെ മികച്ച ഒരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. ഇതോടെ ബ്രസീല്‍ വിയര്‍ത്തു.

ഗോള്‍ നേടിയതോടെ ഇക്വഡോര്‍ ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ചു. പകരക്കാരായി വിനീഷ്യസും കാസെമിറോയും വന്നതോടെ ബ്രസീലിന്റെ ശൈലിയില്‍ മാറ്റങ്ങള്‍ വന്നു. ഇതോടെ മത്സരം ആവേശത്തിലായി. 66-ാം മിനിട്ടില്‍ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല. വിജയം നേടുന്നതിനായി ബ്രസീല്‍ പരിശീലകന്‍ എവര്‍ട്ടണ്‍ റിബേറോയെയും റിച്ചാര്‍ലിസണിനെയുമെല്ലാം കളത്തിലിറക്കി.

80-ാം മിനിട്ടില്‍ ഇക്വഡോറിന്റെ നായകനും കുന്തമുനയുമായ വലന്‍സിയ പരിക്കേറ്റ് പുറത്തായത് ടീമിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

കാസെമിറോയും വിനീഷ്യസും റിച്ചാര്‍ലിസണുമെല്ലാം രണ്ടാം പകുതിയില്‍ ബ്രസീലിനായി ഗ്രൗണ്ടിലെത്തിയിട്ടും വിജയ ഗോള്‍ നേടാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. 2021 കോപ്പ അമേരിക്കയിലെ ആദ്യ സമനില വഴങ്ങി ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.

മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...

Content Highlights: Brazil vs Ecuador Copa America 2021 live

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram