കോപ്പ അമേരിക്ക ടൂർണമെന്റിനെതിരേ പ്രതിഷേധിക്കുന്ന ബ്രസീലിയൻ വനിത | Photo: AP
ബ്രസീലിയ: കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ബ്രസീലില്‍ വേദി അനുവദിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബ്രസീല്‍ സുപ്രീം കോടതി.
ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനായി ബ്രസീല്‍ പരമോന്നത കോടതി വ്യാഴാഴ്ച അടിയന്തര സെഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അര്‍ജന്റീനയില്‍ നിന്നും രാഷ്ട്രീയ അസ്ഥിരതയെത്തുടര്‍ന്ന് കൊളംബിയയില്‍ നിന്നും വേദി മാറ്റിയാണ് ബ്രസീലില്‍ ടൂര്‍ണമെന്റ് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്. ജൂണ്‍ 13-നാണ് മത്സരങ്ങള്‍ ആരംഭിക്കേണ്ടത്.
എന്നാല്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് ബ്രസീലില്‍ നിശ്ചയിച്ചതിനെതിരേ കളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരും ടൂര്‍ണമെന്റിനെതിരേ രംഗത്തുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ബ്രസീലില്‍ ടൂര്‍ണമെന്റ് നടത്തിയാല്‍ അത് കോവിഡ് വ്യാപനം തടയാനുള്ള പദ്ധതികളെ സാരമായി ബാധിക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതോടെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ലൂയിസ് ഫക്‌സാണ് പ്രത്യേക സെഷന്‍ നിശ്ചയിച്ചത്. വിഷയത്തില്‍ അദ്ദേഹത്തിനും മറ്റ് 10 ജസ്റ്റിസുമാര്‍ക്കും ഇലക്ട്രോണിക് വോട്ട് രേഖപ്പെടുത്താം.
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടത്തിപ്പിന്റെ കാര്യത്തില്‍ പുനരാലോചന വേണമെന്ന് കാണിച്ച് ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലോഹപ്പണിക്കാരുടെ ട്രേഡ് യൂണിയനുമാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ അവസാന നിമിഷത്തെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബ്രസീലിയന്‍ സര്‍ക്കാര്‍ രാജ്യത്ത് വേദി അനുവദിച്ചത്.
രാജ്യത്ത് ഇതുവരെ 1.69 കോടി പേര്‍ക്കാണ് രോഗം ബാധിച്ചത്. 4.73 ലക്ഷം പേരാണ് മരിച്ചത്. ഒരാഴ്ചയായി ശരാശരി 62,000-ത്തോളം കേസുകളാണ് രാജ്യത്തുണ്ടാകുന്നത്. കോവിഡ് കേസുകളുടെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തും മരണത്തില്‍ രണ്ടാം സ്ഥാനത്തുമാണ് ബ്രസീല്‍.
Content Highlights: Brazil top court to decide Copa America 2021 host Amid COVID-19 Concerns