Photo: Getty Images
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശമായി കോപ്പ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയും ബ്രസീലും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഇത് അഞ്ചാം തവണയാണ് ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇരു ടീമും മുഖാമുഖം വരുന്നത്. ഇതുവരെ ഏറ്റുമുട്ടിയ നാല് പ്രധാന ഫൈനലുകളില്‍ മൂന്നിലും ജയം മഞ്ഞപ്പടയ്‌ക്കൊപ്പമായിരുന്നു. ഒന്നില്‍ മാത്രമാണ് അര്‍ജന്റീനയ്ക്ക് വിജയിക്കാനായത്. ഞായറാഴ്ച അഞ്ചാം വട്ടം നേര്‍ക്കുനേര്‍ വരുമ്പോള്‍ അവസാന പുഞ്ചിരി ആരുടെ ചുണ്ടിലാകുമെന്ന് കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍.
1937 കോപ്പ അമേരിക്ക, അര്‍ജന്റീന 2-0 ബ്രസീല്‍
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നേരത്തെ റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലായിരുന്നു നടത്തപ്പെട്ടിരുന്നത്. അതിനാല്‍ ഫൈനല്‍ ഇല്ലായിരുന്നു. എന്നാല്‍ 1937-ലെ ടൂര്‍ണമെന്റില്‍ അര്‍ജന്റീനയും ബ്രസീലും എട്ടു പോയന്റ് വീതം നേടി സമനില പാലിച്ചു. ഗോള്‍ ശരാശരി കണക്കിലെടുത്ത് വിജയിയെ തീരുമാനിക്കുന്നതിന് പകരം ഒരു ഫൈനല്‍ മത്സരം നടത്താന്‍ ഇരു ടീമും സമ്മതം മൂളി. ഗാസൊമെട്രോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയിലായി. എന്നാല്‍ എക്‌സ്ട്രാ ടൈമില്‍ വിസെന്റെ ഡെ ലാ മാറ്റ നേടിയ ഇരട്ട ഗോളിന്റെ മികവില്‍ അര്‍ജന്റീന കിരീടം സ്വന്തമാക്കി. അവരുടെ അഞ്ചാം വന്‍കര ടൂര്‍ണമെന്റ് കിരീടമായിരുന്നു അത്.
2004 കോപ്പ അമേരിക്ക, പെനാല്‍റ്റിയില്‍ ബ്രസീലിന് ജയം
വിജയമുറപ്പിച്ചിരുന്ന അര്‍ജന്റീന പരാജയം രുചിച്ച ഫൈനല്‍. ലിമയിലെ നാസിയോണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്രിസ്റ്റ്യന്‍ ഗോണ്‍സാലസിലൂടെ അര്‍ജന്റീന ലീഡെടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലൂയിസാവോയിലൂടെ ബ്രസീല്‍ സമനില പിടിച്ചു. എന്നാല്‍ മത്സരം അവസാനിക്കാന്‍ മൂന്നു മിനിറ്റ് മാത്രം ബാക്കിനില്‍ക്കേ സെസാര്‍ ഡെല്‍ഗാഡോയിലൂടെ അര്‍ജന്റീന വിജയമുറപ്പിച്ചു. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അഡ്രിയാനോ മത്സരം ഷൂട്ടൗട്ടിലേക്കെത്തിച്ചു. ഗബ്രിയേല്‍ ഹെയ്ന്‍സ് കിക്ക് പുറത്തേക്കടിക്കുകയും ആന്ദ്രേസ് അലെസ്സാണ്‍ഡ്രോയുടെ കിക്ക് ഗോള്‍കീപ്പര്‍ ജൂലിയോ സെസാര്‍ രക്ഷപ്പെടുത്തുകയും ചെയ്തതോടെ അര്‍ജന്റീന മത്സരം കൈവിട്ടു. ബ്രസീലിന് ഏഴാം കോപ്പ കിരീടം.
2005 കോണ്‍ഫെഡറേഷന്‍സ് കപ്പ്, ബ്രസീല്‍ 4-1 അര്‍ജന്റീന
സെമിയില്‍ ആതിഥേയരായ ജര്‍മനിയെ തോല്‍പ്പിച്ച് ബ്രസീല്‍ കലാശപ്പോരിന് ടിക്കറ്റെടുത്തപ്പോള്‍ മെക്‌സിക്കോയെ മറികടന്നാണ് അര്‍ജന്റീന ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. തുല്യ ശക്തികളുടെ പോരാട്ടം പ്രതീക്ഷിച്ച മത്സരം പക്ഷേ ഏകപക്ഷീയമായിരുന്നു. പരിക്കേറ്റ റൊണാള്‍ഡോയ്ക്ക് പകരം റോബിഞ്ഞ്യോ മഞ്ഞക്കുപ്പായത്തില്‍ കളിച്ച മത്സരമായിരുന്നു ഇത്. 12-ാം മിനിറ്റില്‍ ലോങ് റേഞ്ചറിലൂടെ ബ്രസീലിനെ മുന്നിലെത്തിച്ചു. പിന്നാലെ കക്ക അതേ സ്ഥലത്തു നിന്ന് പന്ത് വലയിലെത്തിച്ചു. 48-ാം മിനിറ്റില്‍ റൊണാള്‍ഡീന്യോ ബ്രസീലിന്റെ മൂന്നാം ഗോള്‍ നേടി. 64-ാം മിനിറ്റില്‍ അഡ്രിയാനോ തന്നെ ബ്രസീലിന്റെ ഗോള്‍ പട്ടിക തികച്ചു. അര്‍ജന്റീനയുടെ ഏക ഗോള്‍ പാബ്ലോ അയ്മറിന്റെ ബൂട്ടില്‍ നിന്നായിരുന്നു.
2007 കോപ്പ അമേരിക്ക, ബ്രസീല്‍ 3-0 അര്‍ജന്റീന
ഇത്തവണ എല്ലാവരും അര്‍ജന്റീനയുടെ വിജയമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 20 വയസുകാരനായിരുന്ന ലയണല്‍ മെസ്സി അര്‍ജന്റീന ജേഴ്‌സിയില്‍ അന്ന് വെനസ്വേലയിലെ മാരാകായ്‌ബോയില്‍ നടന്ന ഫൈനലിനിറങ്ങിയിരുന്നു. ഒപ്പം റിക്വെല്‍മിയും കാര്‍ലോസ് ടെവസും. പക്ഷേ മത്സരത്തില്‍ സ്വാധീനമുണ്ടാക്കാന്‍ അര്‍ജന്റീന നിരയ്ക്കായില്ല. ജൂലിയോ ബാപ്റ്റിസ്റ്റയിലൂടെ മുന്നിലെത്തിയ ബ്രസീല്‍ റോബര്‍ട്ടോ അയാളയുടെ സെല്‍ഫ് ഗോളില്‍ ലീഡുയര്‍ത്തി. ഡാനി ആല്‍വസ് അവരുടെ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു. കോപ്പയില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം കിരീടമായിരുന്നു ഇത്.
Content Highlights: Brazil and Argentina clash in a tournament final for fifth time