പിന്നില്‍ നിന്നും തിരിച്ചടിച്ച് ബൊളീവിയയെ ഒന്നിനെതിരേ മൂന്നു ​ഗോളുകൾക്ക് തകര്‍ത്ത് പാരഗ്വായ്


3 min read
Read later
Print
Share

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബൊളീവിയയുടെ മുന്നേറ്റതാരം ക്യൂലര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ബൊളീവിയ പത്തുപേരായി ചുരുങ്ങി.

Photo:twitter.com|CopaAmerica

ഗോയിയാനിയ: കോപ്പ അമേരിക്കയില്‍ ബൊളീവിയയ്‌ക്കെതിരേ പാരഗ്വായ്ക്ക് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നു ഗോളുകള്‍ തിരിച്ചടിച്ചാണ് പാരഗ്വായ് മത്സരം സ്വന്തമാക്കിയത്.

പാരഗ്വായ്ക്കായി ഏംഗല്‍ റൊമേറോ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ അലക്‌സാണ്‍ഡ്രോ റൊമേറോ മറ്റൊരു ഗോള്‍ നേടി. ബൊളീവിയയ്ക്കായി എര്‍വിന്‍ സവേദ്ര സ്‌കോര്‍ ചെയ്തു. പത്തുപേരായി ചുരുങ്ങിയതിനുശേഷമാണ് ബൊളീവിയ മൂന്നു ഗോളുകള്‍ വഴങ്ങിയത്.

മത്സരം തുടങ്ങി 40-ാം സെക്കന്‍ഡില്‍ തന്നെ ബൊളീവിയന്‍ പ്രതിരോധത്തെ പാരഗ്വായ് പരീക്ഷിച്ചു. ആദ്യ മിനിട്ടില്‍ തന്നെ ഒരു കോര്‍ണറും പാരഗ്വായ് നേടിയെടുത്തു. പ്രധാന താരങ്ങളില്ലാതെയാണ് ബൊളീവിയ കളിക്കാനിറങ്ങിയത്.

തൊട്ടുപിന്നാലെ അഞ്ചാം മിനിട്ടില്‍ ബൊളീവിയ ആദ്യ മുന്നേറ്റം നടത്തി. അതില്‍ തന്നെ ഒരു പെനാല്‍ട്ടി നേടിയെടുക്കാന്‍ ടീമിന് സാധിച്ചു. പെനാല്‍ട്ടി ബോക്‌സില്‍ വെച്ച് പാരഗ്വായ് പ്രതിരോധതാരം അര്‍സമെന്‍ഡിയയുടെ കൈയ്യില്‍ പന്ത് തട്ടിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. വി.എ.ആര്‍ മുഖേനയാണ് പെനാല്‍ട്ടി പിറന്നത്

മധ്യനിരതാരം എര്‍വിന്‍ സവേദ്രയാണ് പെനാല്‍ട്ടി കിക്കെടുത്തത്. പന്ത് പോസ്റ്റിന്റെ വലത്തേ മൂലയിലേക്ക് അടിച്ച് സവേദ്ര ബൊളീവിയയ്ക്ക് പത്താം മിനിട്ടില്‍ തന്നെ ലീഡ് സമ്മാനിച്ചു.

ഗോള്‍ വഴങ്ങിയതോടെ പാരഗ്വായ് ആക്രമണം ശക്തമാക്കി. മികച്ച പാസിങ് ഗെയിമിലൂടെ പാരഗ്വായ് മത്സരം വരുതിയിലാക്കി. വൈകാതെ 20-ാം മിനിട്ടില്‍ പാരഗ്വായ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. ബൊളീവിയയുടെ ബെഹറാനോയുടെ കൈയ്യില്‍ പന്ത് തട്ടിയതിനേത്തുടര്‍ന്നാണ് പെനാല്‍ട്ടി വിധിച്ചത്. എന്നാല്‍ പിന്നീട് വി.എ.ആറിന്റെ സഹായത്തോടെ റഫറി തീരുമാനം പുനഃപരിശോധിച്ചപ്പോള്‍ ഓഫ്‌സൈഡ് കണ്ടെത്തി. ഇതോടെ റഫറി തീരുമാനം പിന്‍വലിച്ചു.

32-ാം മിനിട്ടില്‍ പാരഗ്വായുടെ എസ്പിനോളയുടെ ഹെഡ്ഡര്‍ ബൊളീവിയന്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. അവസരങ്ങള്‍ നന്നായി സൃഷ്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ പാരഗ്വായ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ കടിച്ചുതൂങ്ങി പ്രതിരോധം ശക്തിപ്പെടുത്താനാണ് ബൊളീവിയ ശ്രമിച്ചത്.

43-ാം മിനിട്ടില്‍ ഗോള്‍കീപ്പര്‍ പോലുമില്ലാതിരുന്ന പോസ്റ്റിലേക്ക് ഗോളടിക്കാനുള്ള അവസരം ലഭിച്ചിട്ടും പാരഗ്വായ് താരം റൊമേറോ അത് നഷ്ടമാക്കി. റൊമേറോയുടെ കിക്ക് പോസ്റ്റിന് വെളിയിലേക്ക് പറന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബൊളീവിയയുടെ മുന്നേറ്റതാരം ക്യൂലര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ബൊളീവിയ പത്തുപേരായി ചുരുങ്ങി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പാരഗ്വായുടെ അവാലോസിന് മികച്ച അവസരം ലഭിച്ചിട്ടും പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. പത്തുപേരായി ചുരുങ്ങിയത് ബൊളീവിയയുടെ മുന്നേറ്റ നിരയെ സാരമായി ബാധിച്ചു. ഒരു ഗോളവസരം പോലും രണ്ടാം പകുതിയില്‍ സൃഷ്ടിക്കാനയില്ല.

58-ാം മിനിട്ടില്‍ അവാലോസിന് വീണ്ടും മികച്ച അവസരം ലഭിച്ചു. എന്നാല്‍ താരത്തിന്റെ കിക്ക് ബൊളീവിയന്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. തൊട്ടുപിന്നാലെ പാരഗ്വായ് സമനില ഗോള്‍ കണ്ടെത്തി. 62-ാം മിനിട്ടില്‍ അലക്‌സാന്‍ഡ്രോ റൊമേറോയാണ് ടീമിനായി സമനില ഗോള്‍ നേടിയത്. ഒരു മികച്ച ലോങ്‌റേഞ്ചറിലൂടെയാണ് താരം വലകുലുക്കിയത്.

പത്തുപേരായി ചുരുങ്ങിയ ബൊളീവിയന്‍ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്തി ഏംഗല്‍ റൊമേറോ പാരഗ്വായ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. 65-ാം മിനിട്ടില്‍ ബോക്‌സിനകത്തുവെച്ചുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ഗോള്‍ പിറന്നത്. എസ്പിനോളയുടെ ഹെഡ്ഡര്‍ ബൊളീവിയന്‍ ഗോള്‍കീപ്പര്‍ കോര്‍ഡാനോ തട്ടിയകറ്റി. എന്നാല്‍ പന്ത് പോസ്റ്റിന് തൊട്ടുമുന്നിലാണ് വീണത്. ഇത് രക്ഷപ്പെടുത്താന്‍ ബൊളീവിയന്‍ പ്രതിരോധം ശ്രമിക്കുന്നതിനിടെ റൊമേറോ സ്‌കോര്‍ ചെയ്തു. ഇതോടെ ഒരു ഗോളിന് പിന്നിട്ടുനിന്ന പാരഗ്വായ് 2-1 എന്ന സ്‌കോറിന് മുന്നില്‍ കയറി. മൂന്നു മിനിട്ടിനുള്ളില്‍ രണ്ട് ഗോളുകളാണ് ബൊളീവിയന്‍ പ്രതിരോധം വഴങ്ങിയത്.

ഗോള്‍ വീണതോടെ ബൊളീവിയയും ആക്രമിച്ച് കളിക്കാന്‍ തുടങ്ങി. 77-ാം മിനിട്ടില്‍ റോബര്‍ട്ടോ ഫെര്‍ണാണ്ടസിന്റെ ഗോളെന്നുറച്ച ഷോട്ട് പാരഗ്വായ് ഗോള്‍കീപ്പര്‍ സില്‍വ തട്ടിയകറ്റി.

പിന്നീട് മികച്ച പാസിങ് ഗെയിം കളിച്ച പാരഗ്വായ് മൂന്നാം ഗോള്‍ സ്വന്തമാക്കി. 80-ാം മിനിട്ടില്‍ ഏംഗല്‍ റൊമേറോയാണ് ടീമിനായി ഗോള്‍ നേടിയത്. താരം ഈ മത്സരത്തില്‍ നേടുന്ന രണ്ടാം ഗോളാണിത്. ഇതോടെ ബൊളീവിയ തകര്‍ന്നു.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: Bolivia vs Paraguay Copa America 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram