Photo: twitter.com|CopaAmerica
ബ്രസീലിയ: 2021 കോപ്പ അമേരിക്കയിലെ ആദ്യ വിജയം സ്വന്തമാക്കി അര്‍ജന്റീന. തുല്യശക്തികളുടെ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് യുറുഗ്വായിയെയാണ് അര്‍ജന്റീന കീഴടക്കിയത്.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഗൈഡോ റോഡ്രിഗസാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്. മെസ്സിയുടെ പാസ്സില്‍ നിന്നാണ് ഗോള്‍ പിറന്നത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചു. മെസ്സിയുടെ ഓള്‍റൗണ്ട് മികവാണ് ടീമിന് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തില്‍ ചിലിയോട് മെസ്സിയും സംഘവും സമനില വഴങ്ങിയിരുന്നു. ഈ വിജയത്തോടെ ടീം നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി.
കഴിഞ്ഞ മത്സരത്തില്‍ കളിച്ചതില്‍ നിന്നും നാല് മാറ്റങ്ങളുമായി 4-3-3 എന്ന ശൈലിയിലാണ് അര്‍ജന്റീന കളിച്ചത്. ആദ്യ മത്സരത്തിനിറങ്ങിയ യുറുഗ്വായ് 4-4-2 ശൈലിയിലാണ് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ചടുലമായ നീക്കങ്ങളുമായി അര്‍ജന്റീന കളം നിറഞ്ഞു. മൂന്നാം മിനിട്ടില്‍ അര്‍ജന്റീനയുടെ റോഡ്രിഗസിന്റെ ലോങ്‌റേഞ്ചര്‍ യുറുഗ്വായ് ഗോള്‍കീപ്പര്‍ മുസ്ലേല കൈയ്യിലൊതുക്കി.
ഏഴാം മിനിട്ടില്‍ മെസ്സിയുടെ ലോങ്‌റേഞ്ചര്‍ മുസ്ലേര തട്ടിയകറ്റി. പന്ത് നേരെ മാര്‍ട്ടിനെസിന്റെ കാലിലെത്തിയെങ്കിലും അദ്ദേഹത്തിന് പന്ത് വലയിലെത്തിയാനായില്ല. ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ച അര്‍ജന്റീന 13-ാം മിനിട്ടില്‍ ലീഡെടുത്തു.
തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗൈഡോ റോഡ്രിഗസാണ് അര്‍ജന്റീനയ്ക്കായി ലീഡ് സമ്മാനിച്ചത്. സൂപ്പര്‍താരം മെസ്സിയുടെ ക്രോസില്‍ നിന്നുമാണ് ഗോള്‍ പിറന്നത്. റോഡ്രിഗസിന്റെ ഹെഡ്ഡര്‍ പോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. അര്‍ജന്റീനയ്ക്കായി താരം നേടുന്ന ആദ്യ ഗോളാണിത്.
ഗോള്‍ വഴങ്ങിയതോടെ യുറുഗ്വായ് ഉണര്‍ന്നുകളിച്ചു. എന്നാല്‍ ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ടീം പരാജയപ്പെട്ടു. മറുവശത്ത് നായകന്‍ ലയണല്‍ മെസ്സി പ്ലേ മേക്കറുടെ റോളില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 27-ാം മിനിട്ടില്‍ മെസ്സിയുടെ പാസ്സില്‍ മികച്ച അവസരം മോളിനയ്ക്ക് ലഭിച്ചെങ്കിലും യുറുഗ്വായ് ഗോള്‍കീപ്പര്‍ മുസ്ലേര തട്ടിയകറ്റി.
ഗോള്‍ നേടിയതിനുപിന്നാലെ അര്‍ജന്റീന പ്രതിരോധത്തിന് ശ്രദ്ധ കൊടുത്തു. അതുകൊണ്ടുതന്നെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞു. മറുവശത്ത് യുറുഗ്വായ്ക്ക് കാര്യമായ ഗോളവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞില്ല.
രണ്ടാം പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പതിയെ യുറുഗ്വായ് മത്സരത്തില്‍ പിടിമുറുക്കി. അര്‍ജന്റീന ആക്രമണ ഫുട്‌ബോളിന് വിപരീതമായി രണ്ടാം പകുതിയില്‍ പ്രതിരോധ ഫുട്‌ബോളാണ് കാഴ്ചവെച്ചത്.
68-ാം മിനിട്ടില്‍ യുറുഗ്വായുടെ സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ താരത്തിന് കഴിഞ്ഞില്ല. 80-ാം മിനിട്ടില്‍ പന്തുമായി കുതിച്ച മെസ്സിയെ വീഴ്ത്തിയതിന്റെ ഫലമായി അര്‍ജന്റീന്ക്ക് ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ കിക്കെടുത്ത മെസ്സിയ്ക്ക് ഗോള്‍ നേടാനായില്ല. പിന്നാലെ മെസ്സി ആക്രമിച്ച് കളിച്ചെങ്കിലും താരത്തെ യുറുഗ്വായ് പ്രതിരോധം മികച്ച രീതിയില്‍ നേരിട്ടു. സുവാരസും കവാനിയും അണിനിരന്നിട്ടും കാര്യമായ ആക്രമങ്ങള്‍ നടത്താന്‍ യുറുഗ്വായ്ക്ക് സാധിച്ചില്ല. വൈകാതെ ടൂര്‍ണമെന്റിലെ ആദ്യ വിജയം മെസ്സിയും സംഘവും സ്വന്തമാക്കി.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: Argentina vs Uruguay Copa America 2021