Photo Courtesy: twitter
ബൊക്ക ജൂനിയേഴ്‌സിന്റെ ആറര ദശലക്ഷം ഡോളര്‍ ഓഫര്‍ നിരസിച്ച് പോര്‍ച്ചുഗലിലേയ്ക്ക് വിമാനം കയറുമ്പോള്‍ ഒരൊറ്റ കാര്യമേ പത്തൊന്‍പതുകാരന്‍ ഏഞ്ചല്‍ ഡി മരിയ അച്ഛന്‍ മിഗ്വലിനോട് ആവശ്യപ്പെട്ടുള്ളൂ. 'ഇനി ജോലിക്ക് പോകരുത്. ആരോഗ്യം മറന്ന് അധ്വാനിക്കരുത്. കുടുംബത്തെ ഞാന്‍ നോക്കിക്കൊള്ളാം.' കളിക്കൊപ്പം കുടുംബം പോറ്റാന്‍ അച്ഛനും അമ്മയ്ക്കുമൊപ്പം പലജോലികളും ചെയ്ത മകൻ വാക്ക് തെറ്റിച്ചില്ല. കുടുംബം പോറ്റുക മാത്രമല്ല, രാജ്യത്തിന് ഒന്നര പതിറ്റാണ്ടിനിടയില്‍ രണ്ട് മിന്നുന്ന നേട്ടങ്ങള്‍ സമ്മാനിക്കുക കൂടി ചെയ്തു ഈ വിങ്ങര്‍.
ആറ് ദശലക്ഷം പൗണ്ടിന് ബെനിഫിക്കയില്‍ ചേര്‍ന്ന ഡി മരിയ മൂന്ന് വര്‍ഷത്തിനുശേഷം റയല്‍ മാഡ്രിഡിലേയ്ക്ക് കൂടുമാറുന്നത് 25 ദശലക്ഷം യൂറോയുടെ കരാറിനാണ്. ഒപ്പം ഇന്‍സെന്റീവായി പോര്‍ച്ചുഗീസ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വക ഒരു പതിനൊന്ന് ദശലക്ഷം യൂറോ കൂടി. കയറിയും ഇറങ്ങിയും മുന്നോട്ടുപോയ കരിയറില്‍ പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല കുട്ടിക്കാലത്തെ വികൃതിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ഡോക്ടറുടെ കുറിപ്പടി കിട്ടിയ ഡി മരിയക്ക്. മെസ്സിയെന്ന പ്രതിഭാസത്തിന്റെ ആവിര്‍ഭാവത്തിന് മുന്‍പാണ് ഡീഗോ മാറഡോണ ഡി മരിയയെ അര്‍ജന്റീനയുടെ അടുത്ത സൂപ്പര്‍സ്റ്റാറായി വാഴ്ത്തിയത്. ചടുലമുന്നേറ്റങ്ങള്‍ കൊണ്ട് വിങ്ങറും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമായി അരങ്ങുവാണ ഡി മരിയ ക്ഷണത്തില്‍ മെസ്സിയുടെ നിഴലിലായത് ചരിത്രം.
എന്നാല്‍, ഇതേ ചരിത്രത്തില്‍ മെസ്സിയുടെ താരപരിവേഷത്തിന് കൈയെത്തിപ്പിടിക്കാനാവാത്ത രണ്ട് നേട്ടങ്ങള്‍ സ്വന്തമായുണ്ട് ഡി മരിയക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ രണ്ടേ രണ്ട് തവണയേ ഫൈനലില്‍ കണ്ണീരണിയാതെ മടങ്ങിയിട്ടുള്ളൂ അര്‍ജന്റീന. 2008ലെ ഒളിമ്പിക്‌സിലും പതിമൂന്ന് കൊല്ലത്തിനുശേഷം 2021ലെ കോപ്പയിലും. രണ്ടിലും മിശിഹ ലയണല്‍ മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും രണ്ടിലും വിജയഗോള്‍ പിറന്നത് കാലം മെസ്സിയുടെ നിഴലിലാക്കിയ മാലാഖ ഏഞ്ചല്‍ ഡി മരിയയുടെ ബൂട്ടില്‍ നിന്ന്. ഒന്ന് ഇരുപതാം വയസ്സിലും രണ്ടാമത്തേത് മുപ്പത്തിമൂന്നാം വയസ്സിലും. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ഒരുപൊടിക്കുപോലും ഇളക്കം തട്ടിക്കാനായിട്ടില്ല നൂഡില്‍സ് എന്ന് അര്‍ഥം വരുന്ന ഫിഡിയോയെന്ന കൂട്ടുകാര്‍ വിളിക്കുന്ന ഡി മരിയയുടെ കാലുകള്‍ക്ക്. ഇതിന് സാക്ഷ്യം വഹിക്കാന്‍ ഡീഗോ മാറഡോണ ഇല്ലാതിരുന്നത് മാത്രമാണ് ഈ വിധിനിയോഗത്തെ അപൂര്‍ണമാക്കുന്നത്.

നൈജീരിയക്കെതിരായ ഒളിമ്പിക്‌സ് ഫൈനലിന്റെ അമ്പത്തിയെട്ടാം മിനിറ്റിലായിരുന്നു ആ ഗോള്‍. സ്വര്‍ണനേട്ടത്തില്‍ മാത്രമല്ല, മാറഡോണയ്‌ക്കൊപ്പം ലോകകപ്പ് നേടിയ സെര്‍ജിയോ ബറ്റിസ്റ്റയും ലൂയിസ് ബ്രൗണും ഹെക്ടര്‍ എന്റിക്കും മേല്‍നോട്ടം വഹിച്ച അര്‍ജന്റീനയ്ക്ക് അന്ന് ഫൈനലിലേയ്ക്കുള്ള വഴിയൊരുക്കാനുള്ള നിയോഗവും ഡി മരിയയുടേത് തന്നെയായിരുന്നു. ക്യാപ്റ്റന്‍ മെസ്സി ലക്ഷ്യം കണ്ട നെതര്‍ലന്‍ഡ്‌സിനെതിരായ ക്വാര്‍ട്ടറില്‍ 105-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടത് ഡി മരിയ തന്നെ.
ഒടുവിലിതാ അര്‍ജന്റീനയും മെസ്സിയും ഒരുപോലെ കാത്തിരുന്ന കോപ്പ ഫൈനലിലും തുണയായി ഡി മരിയ തന്നെ. മെസ്സിയുടെയോ നെയ്മറുടെയോ ഫൈനല്‍ എന്ന ചോദ്യം നിഴലിട്ട ഫൈനലില്‍ റേഡ്രിഗോ ഡി പോള്‍ കോരിയിട്ടുകൊടുത്ത ലോബ് ഓഫ് സൈഡ് കെണിയില്‍ കുടുങ്ങാതെ കൊരുത്തെടുത്ത് അനുഭവത്തിന്റെ കരുത്തുകൂടി വിളക്കിച്ചേര്‍ത്ത് ഇടങ്കാല്‍ കൊണ്ട് എഡേഴ്‌സണ്‍ മൊറേസിന്റെ തലയ്ക്ക് മുകളിലൂടെ കോരിയിടുന്നത് ഇക്കഴിഞ്ഞ പതിമൂന്ന് കൊല്ലത്തിനുശേഷം അര്‍ജന്റൈന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും സുന്ദരമായ കാഴ്ച തന്നെ. അത്ര നെറികെട്ടതല്ല ചരിത്രമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി ഡി മരിയയുടെ ഗോള്‍.

കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി ലയണല്‍ മെസ്സിയെന്ന ദൈവത്തെ ചുറ്റിപ്പറ്റിയായിരുന്നു അര്‍ജന്റീനയുടെ ഭാഗധേയം നിര്‍ണയിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതും. ലോകകപ്പ്, കോപ്പ ഫൈനലുകളിലെ തോല്‍വികള്‍ മെസ്സിയെന്ന ഇതിഹാസത്തിന്റെ വ്യക്തിപരമായ തോല്‍വികളായി വിലയിരുത്തപ്പെട്ടു. മിശിഹയാക്കിയവര്‍ തന്നെ നിര്‍ദയം കല്ലെറിഞ്ഞു. മെസ്സി പോലും ആ കെണിയില്‍ വീണുപോയി എന്നതാണ് യാഥാര്‍ഥ്യം. ഇതിന്റെ അനന്തരഫലമാണ് 2016 കോപ്പ ഫൈനലില്‍ ചിലിയോടേറ്റ തോല്‍വിക്കുശേഷമുള്ള ഞെട്ടുന്ന വിരമിക്കല്‍ പ്രഖ്യാപനം. എന്നാല്‍, മെസ്സിയെന്ന സൂര്യന്‍ നിഴലിലാക്കിയ മറ്റനേകം ഘടകങ്ങളുണ്ടായിരുന്നു ഇക്കഴിഞ്ഞ കാലത്ത് അര്‍ജന്റൈന്‍ ഫുട്‌ബോളില്‍. അതിലൊന്നാണ് ഡി മരിയ എന്ന പ്രതിഭ, അഥവാ പ്രതിഭാസം. 2014 ലോകകപ്പില്‍ ഡി മരിയ ഇടയ്ക്ക് പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നില്ലെങ്കില്‍ അര്‍ജന്റീന കപ്പ് നേടുമായിരുന്നുവോ എന്നതും ഇങ്ങനെ മെസ്സിയുടെ നിഴല്‍ മറച്ച ഒരു വിലപ്പെട്ട ചോദ്യമാണ്. ഡി മരിയയുടെ അഭാവം കാരണം കളി മെസ്സിയിലേയ്ക്ക് മാത്രമായി ചുരുങ്ങിപ്പോയതാണ് ഫൈനലില്‍ ജര്‍മനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയത് എന്നത് നിഷേധിക്കാനാവാത്ത വസ്തുതയാണ്. എന്നിട്ടും ഗോട്‌സെ അവസാന വെടിയുതിര്‍ക്കും വരെ 107 മിനിറ്റും അര്‍ജന്റീന പിടിച്ചുനിന്നു. പലകുറി ഗോളിനടുത്തെത്തുകയും ചെയ്തു. നഷ്ടപ്പെട്ട ഈ അവസരങ്ങള്‍ക്കും ഗോട്‌സെയുടെ ഇഞ്ചുറി ടൈം ഗോളിനും ഇടയിലുള്ള ഏക വ്യത്യാസം ഡി മരിയ എന്ന അതിവേഗക്കാരന്‍ വിങ്ങര്‍ മാത്രമായിരുന്നുവെന്ന് സമ്മതിക്കാതെ തരമില്ല. ഓര്‍ക്കുക അന്ന് ഡി മരിയയുടെ ഗോളിനാണ് അര്‍ജന്റീന സ്വിറ്റ്‌സ്ര്‍ലന്‍ഡിനെ മറികടന്ന് ക്വാര്‍ട്ടറിലെത്തിയത്. ബെല്‍ജിയത്തിനെതിരേ പരിക്കേറ്റ് പിന്‍വാങ്ങും മുന്‍പ് ഡി മരിയ കൊടുത്ത പാസ് തന്നെയാണ് അര്‍ജന്റീനയ്ക്ക് സെമി ടിക്കറ്റ് നല്‍കിയ ഗോണ്‍സാലേ ഹിഗ്വായ്‌ന്റെ ഗോളിന് വഴിവച്ചതും. ലോകകപ്പ് കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ലേകകപ്പിന്റെ കണക്കുതീര്‍ക്കുംമട്ടില്‍ ജര്‍മനിക്കെതിരേ നേടിയ നാലു ഗോളില്‍ ഡി മരിയയുടെ സ്പര്‍ശം ഉണ്ടായിരുന്നു. ഒരു ഗോളും മൂന്ന് അസിസ്റ്റും. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഫൈനലില്‍ ഇതേ ജര്‍മനിക്കെതിരെ അവര്‍ക്ക് മിസ്സായതും ഇതു തന്നെ. വെറുംവാക്കായിരുന്നില്ല മാറഡോണയുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള പ്രവചനം.

പിച്ചവച്ചുതുടങ്ങുന്ന കാലത്ത് ഒരു കിണറ്റില്‍വീണ കഥയുണ്ട് ഡി മരിയക്ക്. ഓടിക്കൂടിയ ആള്‍ക്കാര്‍ കഷ്ടിച്ചാണ് ജീവിതത്തിലേയ്ക്ക് പിടിച്ചുകയറ്റിയത്. അന്ന് ആളുകള്‍ ഓടിയെത്തിയിരുന്നില്ലെങ്കില്‍ ഇന്നീ കഥ പറയാന്‍ ഞാനുണ്ടാകുമായിരുന്നില്ലെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ഡി മരിയ പറഞ്ഞു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അച്ഛന്‍ മിഗ്വെലും അമ്മ ഡയാനയും വികൃതിക്കാരന്‍ മകനെ എന്തു ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയ ഒരു കാലമുണ്ടായിരുന്നു. ഒടുവില്‍ ഒരു ഡോക്ടറെ തന്നെ ശരണം പ്രാപിച്ചു. ഈ ഡോക്ടറാണ് ഒരൊറ്റ കുറിപ്പടി കൊണ്ട് കൊലുന്നനെയുള്ള പയ്യന്റെ തലക്കുറി മാറ്റിയത്. ഫുട്‌ബോള്‍ കളിക്കാന്‍ വിടുക എന്നതായിരുന്നു ചികിത്സ. മരുന്ന് എന്തായാലും ഫലിച്ചു. നാലാം വയസില്‍ പന്ത് തട്ടിക്കളിച്ചു തുടങ്ങിയ പയ്യന് അതൊരു രണ്ടാം ജന്മമായി. നീണ്ടുമെലിഞ്ഞതു കാരണം നൂഡില്‍സ് എന്ന് അര്‍ഥം വരുന്ന ഫിഡിയോ എന്ന് വിളിപ്പേരുള്ള അവന്റെ വേഗവും പന്തടക്കവും പെട്ടന്നു തന്നെ നാട്ടില്‍ സംസാരമായി. അവനുവേണ്ടി ക്ലബുകള്‍ പിടിവലി തുടങ്ങി. മുപ്പത്തിയഞ്ച് പന്തുകള്‍ പകരം കൊടുത്താണ് ടൊറിറ്റോയില്‍ നിന്ന് റൊസാരിയോ സെന്‍ട്രല്‍ തന്നെ ആദ്യമായി വാങ്ങിയതെന്ന് ഡി മരിയ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ റൊസാരിയോ പിന്നീട് മുതിര്‍ന്ന ഡി മരിയയെ ബെനിഫിക്കയ്ക്ക് വിറ്റതാവട്ടെ ആറ് ദശലക്ഷം യൂറോയ്ക്കും.
എന്നാല്‍, പോര്‍ച്ചുഗലും ഇംഗ്ലണ്ടും സ്‌പെയിനും ഫ്രാന്‍സുമായി മാറിമാറിയുള്ള ക്ലബ് കരിയറില്‍ കയറ്റിറക്കങ്ങള്‍ നിരവധിയുണ്ടായിട്ടുണ്ട് ഡി മരിയക്ക്. രാജ്യങ്ങള്‍ മാറിമാറിയുള്ള കരിയറില്‍ ചുവടുറപ്പിക്കാന്‍ താന്‍ നന്നായി പാടുപെട്ടിരുന്നുവെന്ന് ഡി മരിയ തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കുറച്ച് മത്സരങ്ങള്‍ കളിച്ച മാഞ്ചെസ്റ്ററിലായിരുന്നു ഡിമരിയ ഫോം കണ്ടെത്താന്‍ ഏറ്റവും അധികം വിഷമിച്ചത്. 27 കളികളില്‍ നിന്ന് മൂന്ന് ഗോള്‍ മാത്രം നേടി ഒരൊറ്റ കൊല്ലം കൊണ്ട്തന്നെ ജോര്‍ജ് ബെസ്റ്റും ബ്രയാന്‍ റോബ്‌സണും എറിക് കന്റോണയും ഡേവിഡ് ബെക്കാമും അണിഞ്ഞ ഏഴാം നമ്പര്‍ ഉപേക്ഷിച്ച് പി. എസ്.ജിയിലേയ്ക്ക് തടിതപ്പി. 59.7 ദശക്ഷം പൗണ്ട് എന്ന റെക്കോഡ് തുകയുടെ കരാറിനെ കണക്കറ്റ് പരിഹസിച്ചു അന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍. നാലു വര്‍ഷത്തെ കരാര്‍ പി.എസ്.ജിയിലെത്തിയതോടെയാണ് വീണ്ടും താളം കണ്ടെത്തുന്നത്. ഇന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും കഴിഞ്ഞാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അസിസ്റ്റുള്ളത് ഡി മരിയയുടെ പേരിലാണ്. സ്‌ട്രൈക്കര്‍മാര്‍ക്ക് സഹായം എത്തിക്കുക മാത്രമല്ല, ഗോളടിച്ച് പടനയിക്കാനും താന്‍ ഒട്ടും മോശമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു ഡി മരിയ കോപ്പ ഫൈനലില്‍. വാസ്തവത്തില്‍ ഇതല്ലെ ഒരു സൂപ്പര്‍സ്റ്റാര്‍ ചെയ്യേണ്ടത്. ഡി മരിയ തന്നെയല്ലെ സത്യത്തില്‍ അര്‍ജന്റീനയുടെ സൂപ്പര്‍സ്റ്റാര്‍. എന്നിട്ടും ഡി മരിയ മെസ്സിയുടെ നിഴലിലായപ്പോകുന്നത് സങ്കടകരമാണ്. സൂര്യന്റെ വെളിച്ചം മറയ്ക്കുന്ന ശതകോടി നക്ഷത്രങ്ങളെപ്പോലെ. പ്രകൃതിയെപ്പോലെ ചരിത്രത്തിന് അങ്ങനെയും ചില നീതികേടുകളുണ്ട്. പതിമൂന്ന് കൊല്ലത്തിനിടയ്ക്ക് തൊടുത്തുവിട്ട രണ്ടേ രണ്ട് ഗോളുകള്‍ കൊണ്ട് ഈ നീതികേടാണ് ഡി മരിയ റദ്ദാക്കിയത്.
Content Highlights: Angel Di María Stars In Argentina's Copa America Final Win Against Brazil Lionel Messi Maradona