ഓസ്ട്രേലിലയിലെ ഗോള്‍ഡ് കോസ്റ്റില്‍ മീരാഭായ് ചാനു ഇന്ത്യയുടെ അഭിമാനത്തിന്റെ ഭാരമായുര്‍ത്തിയപ്പോള്‍ മുഖത്ത് ഒരു കടംവീട്ടലിന്റെ ആത്മസംതൃപ്തിയുണ്ടായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഭാരമുയര്‍ത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ട് തല താഴ്ത്തി നടന്നുപോയതിന്റെ ഒരു കടം. 2016ലെ റിയോ ഒളിമ്പിക്‌സ് വേദിയിലായിരുന്നു മീരാഭായ് നാണക്കേടില്‍ മുങ്ങിക്കുളിച്ചത്.
അന്ന് 12 പേര്‍ മത്സരിച്ച 48 കിലോഗ്രാം ഭാരദ്വോഹനത്തില്‍ അഞ്ചു ശ്രമങ്ങളും പരാജയപ്പെട്ട് ചാനു കീഴടങ്ങുകയായിരുന്നു. ക്ലീൻ ആന്റ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 104 കിലോ ഉയര്‍ത്താന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞില്ല. രണ്ടും മൂന്നും ശ്രമത്തില്‍ 106 കിലോ ഭാരം നിര്‍ണയിച്ചെങ്കിലും അതിലും ദയനീയ പരാജയമായിരുന്നു ഫലം.
രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഗോള്‍ഡ് കോസ്റ്റിലേക്ക് വിമാനം കയറുമ്പോള്‍ ഒരൊറ്റ ലക്ഷ്യം മാത്രമേ മണിപ്പൂരുകാരിയുടെ മനസ്സിലുണ്ടായിരുന്നുള്ളു. സ്വന്തം റെക്കോഡ് തകര്‍ത്ത് സ്വര്‍ണം നേടണം. ഒപ്പം റിയോയിലെ നാണക്കേട് മായ്ച്ചുകളയണം. അതു രണ്ടും സുവര്‍ണതീരത്ത് 23കാരി യാഥാര്‍ഥ്യമാക്കി. സ്‌നാച്ചിലും ക്ലീന്‍ ആന്റ് ജെര്‍ക്കിലുമായി 196 കിലോഗ്രാം ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് റെക്കോഡിട്ടാണ് മീരാഭായ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്.
'ഞാന്‍ തന്നെയാണ് എന്റെ ഏറ്റവും വലിയ എതിരാളി. എന്റെ റെക്കോഡുകള്‍ തന്നെ തകര്‍ത്താണ് ഞാന്‍ എന്റെ പുരോഗതി വിലയിരുത്തുന്നത്. ലോകചാമ്പ്യന്‍ഷിപ്പിന് ശേഷം മെല്‍ബണില്‍ മാനസികമായും ശാരീരികമായും തയ്യാറെടുപ്പുകള്‍ നടത്തി. ഈ നേട്ടത്തില്‍ സന്തോഷവതിയാണ്. എനിക്കായി പിന്തുണ നല്‍കിയ ഇന്ത്യക്കാരെ ഒരിക്കലും മറക്കാനാവില്ല'-സ്വര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞ് മീരാഭായ് പറഞ്ഞു.
Content Highlights: Olympics heartbreak drives Mirabai to weightlifting gold