ലക്‌നൗ: മെഡലില്ലാതെ ഇന്ത്യയിലെയ്ക്ക് തിരിച്ചെത്തുന്നതിന്റെ കഷ്ടപ്പാട് കായിക താരങ്ങള്‍ക്കു മാത്രം അറിയുന്ന കാര്യമാണെന്ന് ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്.
മെഡല്‍ നേടണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഓരോ താരവും മത്സരിക്കാനിറങ്ങുന്നത്, എങ്കില്‍ അവര്‍ക്കു നേരെ വിരലുകള്‍ ഉയരില്ലല്ലോ എന്നും സാക്ഷി കൂട്ടിച്ചേര്‍ത്തു.
മെഡല്‍ നേടണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് ഓരോ തവണയും മത്സരക്കാനിറങ്ങുന്നത്. എന്നാല്‍ മെഡലില്ലാതെ തിരിച്ചെത്തുമ്പോള്‍ ആളുകളെ അഭിമുഖീകരിക്കുന്നതെങ്ങനെയെന്ന് തങ്ങള്‍ക്കു മാത്രമേ അറിയൂ. ആളുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയെന്നത് അത്രയും പ്രയാസമേറിയ കാര്യമാണെന്നും സാക്ഷി പറഞ്ഞു.
ലക്‌നൗവില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാക്ഷി. മികച്ച പ്രകടനം നടത്തണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. അങ്ങനെയെങ്കില്‍ തങ്ങള്‍ക്കു നേരെ ഒരു വിരലുകളൊന്നും ഉയരില്ല. ഞങ്ങൾക്ക് ഉത്തരമറിയാത്ത ചോദ്യങ്ങൾ നേരിടേണ്ടിയും വരില്ല-സാക്ഷി കൂട്ടിച്ചേര്‍ത്തു.
ജക്കാര്‍ത്തയില്‍ ഈ മാസം 18-ന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ 62 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി മത്സരിക്കുന്നത്. ഇതിന് മാനസികമായി തയ്യാറെടുക്കുകയാണ് സാക്ഷി. ഒരു സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റിന്റെ സഹായത്തോടെ ഇതിനായുള്ള ശ്രമത്തിലാണ് സാക്ഷി.
ഗ്ലാസ്‌ഗോയില്‍ സ്വര്‍ണം നേടണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് മത്സരിച്ചത്. എന്നാല്‍, ജക്കാര്‍ത്തയില്‍ മെഡലിന്റെ നിറത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സാക്ഷി പറഞ്ഞു. പരിശീലിച്ച കാര്യങ്ങള്‍ റെസ്‌ലിങ് മാറ്റില്‍ നടപ്പാക്കാനാണ് ശ്രമിക്കുക. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യില്‍, സാക്ഷി കൂട്ടിച്ചേര്‍ത്തു.
Content Highlights: sakshi malik, wrestling, asian games 2018