ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ നീരജ് ചോപ്ര തെറ്റിച്ചില്ല. ജാവലിന്‍ ത്രോയില്‍ പുതിയ ദേശീയ റെക്കോഡോടെ ഇന്ത്യയുടെ യുവതാരം സ്വര്‍ണം നേടി. മൂന്നാം ശ്രമത്തില്‍ 88.06 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നീരജ് ഇന്ത്യക്ക് എട്ടാം സ്വര്‍ണം സമ്മാനിച്ചു.
ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ 87.43 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നേടിയ ദേശീയ റെക്കോര്‍ഡാണ് ഇരുപതുകാരന്‍ മറികടന്നത്. ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണവും 41-ാമത്തെ മെഡലുമാണിത്. .
എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നീരജിന്റെ പ്രകടനമെന്നതും ശ്രദ്ധേയം. വെള്ളി നേടിയ ചൈനീസ് താരം ല്യു കിസെന്‍ 82.22 മീറ്ററാണ് പിന്നിട്ടത്. നീരജ് ജാവലിന്‍ പായിച്ചതിനേക്കാള്‍ ആറു മീറ്റര്‍ ദൂരം കുറവാണിത്. പാകിസ്താന്റെ നദീം അര്‍ഷാദിനാണ് വെങ്കലം (80.75 മീറ്റര്‍).
ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. ഈ ഇനത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും നീരജ് സ്വന്തമാക്കി.
ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 86.47 മീറ്ററോടെ നീരജ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും നീരജ് തന്നെയായിരുന്നു ഒന്നാമത്.