ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പതാകയേന്തുക ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ താരമാണ് നീരജ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യയുടെ മാര്‍ച്ച് പാസ്റ്റ് നയിക്കാന്‍ നീരജിനെ തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്ര വ്യക്തമാക്കി.
വെള്ളിയാഴ്ച്ചയാണ് ഇന്ത്യന്‍ ടീം ഏഷ്യന്‍ ഗെയിംസ് നടക്കുന്ന ഇന്തോനോഷ്യയിലെ ജക്കാര്‍ത്തയിലേക്ക് യാത്ര തിരിച്ചത്. ഓഗസ്റ്റ് 18-ന് തുടങ്ങുന്ന ഗെയിംസ് അവസാനിക്കുക സെപ്റ്റംബര്‍ രണ്ടിനാണ്.
ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നീരജ് സ്വര്‍ണം നേടിയിരുന്നു. ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോഡും യുവതാരത്തിന്റെ പേരിലാണ്. 87.43 മീറ്റര്‍ എറിഞ്ഞാണ് നീരജ് ദേശീയ റെക്കോഡിട്ടത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗിലാണ് ചോപ്ര റെക്കോര്‍ഡ് ദൂരം കണ്ടെത്തിയത്.
ജൂനിയര്‍ ലോക റെക്കോഡും നീരജ് ചോപ്രയുടെ പേരിലാണ്. അണ്ടര്‍-20 ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് റെക്കോഡ് സ്ഥാപിച്ചത്.
Content Highlights: javelin thrower Neeraj Chopra to be India's flag-bearer at Asian Games