ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനലില്‍ ജപ്പാനോട് തോറ്റെങ്കിലും ഇന്ത്യന്‍ വനിതകള്‍ ജക്കാര്‍ത്തയില്‍ സ്വന്തമാക്കിയത് ചരിത്രനേട്ടം. 20 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ വെള്ളി മെഡല്‍ നേടിയാണ് ഇന്ത്യന്‍ പെണ്‍കൊടികള്‍ ചരിത്രത്തിന്റെ ഭാഗമായത്. ഫൈനല്‍ കളിക്കുന്നതാകട്ടെ മൂന്നാമത്തെ തവണയും.
2002-ല്‍ മെഡലൊന്നും നേടാതെ മടങ്ങിയ ഇന്ത്യ 2006-ല്‍ വെങ്കലം നേടി. 2010-ലും മെഡല്‍ പട്ടികയില്‍ നിന്ന് പുറത്തായി. എന്നാല്‍ 2014-ല്‍ വീണ്ടും വെങ്കലം നേടി തിരിച്ചുവരവ് നടത്തി. അതിനേക്കാളെല്ലാം മികച്ച പ്രകടനമാണ് ഇത്തവണ ഇന്ത്യ പുറത്തെടുത്തത്.
ഫൈനലില്‍ ജപ്പാന്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. കളി തുടങ്ങി 11-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ മിനാമി ഷിമിസു ജപ്പാനെ മുന്നിലെത്തിച്ചു. എന്നാല്‍ 24-ാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. നവനീതിന്റെ പാസ്സില്‍ നേഹ ഗോയല്‍ ലക്ഷ്യം കണ്ടു.
രണ്ടാം പകുതിയില്‍ ജപ്പാന്‍ വീണ്ടും മുന്നിലെത്തി. 44-ാം മിനിറ്റില്‍ മൊറ്റോമി കവാമുറ പെനാല്‍റ്റി കോര്‍ണറിലൂടെ ജപ്പാന്റെ വിജയഗോള്‍ നേടുകയായിരുന്നു. ഒരു ഗോള്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.
അതേസമയം പുരുഷ വിഭാഗത്തില്‍ സെമിഫൈനലില്‍ ഇന്ത്യ മലേഷ്യയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടിരുന്നു. ഇനി വെങ്കല മെഡലിനായി പാകിസ്താനുമായി മത്സരിക്കും.
Content Highlights: Indian women's hockey team loses to Japan gets silver