പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ക്കൊയ്ത്ത്


2 min read
Read later
Print
Share

അവനി ലേഖറ, പ്രമോദ് ഭഗത്, കൃഷ്ണ നാഗർ എന്നിവർ | Photo: ANI

54 അംഗങ്ങളുമായി ടോക്യോ പാരാലിമ്പിക്സിന് പോയ ഇന്ത്യന്‍ സംഘം മടങ്ങിയെത്തിയത് ചരിത്ര നേട്ടവും സ്വന്തമാക്കിയാണ്. പാരാലിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡല്‍ക്കൊയ്ത്താണ് ടോക്യോയില്‍ ഇന്ത്യന്‍ സംഘം നടത്തിയത്.

ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചുവരെ നീണ്ടുനിന്ന പാരാലിമ്പിക് ഗെയിംസിന്റെ അവസാന ദിനത്തില്‍ വരെ ഇന്ത്യയുടെ മെഡല്‍ വേട്ട തുടര്‍ന്നു.

അഞ്ചു സ്വര്‍ണവും എട്ട് വെള്ളിയും ആറ് വെങ്കലുമായി 19 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. മെഡല്‍ പട്ടികയില്‍ 24-ാം സ്ഥാനമെന്ന അഭിമാനകരമായ നേട്ടവും രാജ്യത്തിന് സ്വന്തമായി.

രാജ്യാന്തര കായിക മേളകളില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന മെഡല്‍ നേട്ടമെന്ന റെക്കോഡും ടോക്യോ പാരാലിമ്പിക്സ് സംഘത്തിനാണ്. 2018-ലെ യൂത്ത് ഒളിമ്പിക്സില്‍ നേടിയ 13 മെഡലുകളെന്ന നേട്ടമാണ് ഇത്തവണ തിരുത്തപ്പെട്ടത്.

1968-ലാണ് ഇന്ത്യ ആദ്യമായി പാരാലിമ്പിക്സില്‍ മത്സരിക്കുന്നത്. 2016 റിയോ പാരാലിമ്പിക്സ് വരെ ഇന്ത്യയ്ക്ക് ആകെ നേടാനായിരുന്നത് 12 മെഡലുകള്‍ മാത്രമായിരുന്നു.

ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ സംഘം ഏഴു മെഡലുകളുമായി ചരിത്രം കുറിച്ച നാട്ടില്‍ തന്നെ പാരാലിമ്പിക് സംഘവും ചരിത്രമെഴുതി. 19 താരങ്ങളുമായി റിയോ പാരാലിമ്പിക്സിനെത്തി നാല് മെഡലുകളുമായി മടങ്ങിയ നേട്ടവും ഇന്ത്യ ഇത്തവണ തിരുത്തി.

ഇത്തവണ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ ഇരട്ട മെഡല്‍ നേട്ടവും ആഘോഷിച്ചു. ഷൂട്ടിങ്ങില്‍ അവനി ലേഖറ സ്വര്‍ണവും വെങ്കലവും നേടിയപ്പോള്‍ സിങ് രാജ് അധാന വെള്ളിയും വെങ്കലവും സ്വന്തമാക്കി.

അത്ലറ്റിക്സില്‍ എട്ടും ഷൂട്ടിങ്ങില്‍ അഞ്ചും ബാഡ്മിന്റണില്‍ നാലും അമ്പെയ്ത്ത്, ടേബിള്‍ ടെന്നീസ് ഇനങ്ങളില്‍ ഒന്നു വീതവുമാണ് ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം.

ഇന്ത്യയുടെ മെഡല്‍ വേട്ടക്കാര്‍ ഇവരാണ്

1. അവനി ലേഖറ - വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം

2. പ്രമോദ് ഭഗത്ത് - പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 3 വിഭാഗത്തില്‍ സ്വര്‍ണം

3. കൃഷ്ണ നാഗര്‍ - പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എച്ച് 6 വിഭാഗത്തില്‍ സ്വര്‍ണം

4. സുമിത് ആന്റില്‍ - പുരുഷ ജാവലിന്‍ ത്രോ എഫ് 64 വിഭാഗത്തില്‍ സ്വര്‍ണം

5. മനീഷ് നര്‍വാള്‍ - 50 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ സ്വര്‍ണം

6. ഭവിനബെന്‍ പട്ടേല്‍ - ടേബിള്‍ ടെന്നീസ് വനിതകളുടെ ക്ലാസ് 4 വിഭാഗത്തില്‍ വെള്ളി

7. സിംഗ്രാജ് അധാന - 50 മീറ്റര്‍ പിസ്റ്റള്‍ മിക്സഡ് എസ്.എച്ച് 1 വിഭാഗത്തില്‍ വെള്ളി

8. യോഗേഷ് കതുനിയ - പുരുഷ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ വെള്ളി

9. നിഷാദ് കുമാര്‍ - പുരുഷ ഹൈജമ്പ് ടി 47 വിഭാഗത്തില്‍ വെള്ളി

10. മാരിയപ്പന്‍ തങ്കവേലു - പുരുഷന്‍മാരുടെ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെള്ളി

11. പ്രവീണ്‍ കുമാര്‍ - പുരുഷ ഹൈജമ്പ് ടി 64 വിഭാഗത്തില്‍ വെള്ളി

12. ദേവേന്ദ്ര ജചാരിയ - പുരുഷ ജാവലിന്‍ എഫ് 46 വിഭാഗത്തില്‍ വെള്ളി

13. സുഹാസ് യതിരാജ് - പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് എസ്.എല്‍ 4 വിഭാഗത്തില്‍ വെള്ളി

14. അവനി ലേഖറ - വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം

15. ഹര്‍വിന്ദര്‍ സിങ് - പുരുഷന്‍മാരുടെ വ്യക്തിഗത റിക്കര്‍വ് അമ്പെയ്ത്തില്‍ വെങ്കലം

16. ശരത് കുമാര്‍ - പുരുഷ ഹൈജമ്പ് ടി 63 വിഭാഗത്തില്‍ വെങ്കലം

17. സുന്ദര്‍ സിങ് ഗുര്‍ജാര്‍ - പുരുഷ ജാവലിന്‍ ത്രോ എഫ് 46 വിഭാഗത്തില്‍ വെങ്കലം

18. മനോജ് സര്‍ക്കാര്‍ - പുരുഷ സിംഗിള്‍സ് ബാഡ്മിന്റണ്‍ എസ്.എല്‍ 3 വിഭാഗത്തില്‍ വെങ്കലം

19. സിംഗ്രാജ് അധാന - പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്.എച്ച് 1 വിഭാഗത്തില്‍ വെങ്കലം

Content Highlights: Tokyo Paralympics India finishes 24th with record 19 medals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram