Photo: Getty Images
ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ കാരണം സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോയ്ക്ക് ഫുട്‌ബോള്‍ മതിയാക്കേണ്ടി വന്നതും ഈ വര്‍ഷമായിരുന്നു. ഡിസംബര്‍ 15-ന് ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. നിറകണ്ണുകളോടെയാണ് അഗ്യൂറോ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.
ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളാണ് അഗ്യൂറോയുടെ വിരമിക്കലിലേക്ക് നയിച്ചത്. ഒക്ടോബറില്‍ ലാ ലിഗയില്‍ അലാവസുമായ മത്സരത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ ഹൃദയ സംബന്ധമായ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ കണ്ടെത്തിയതിനാല്‍ താരം കളിയവസാനിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അലാവസുമായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ട അഗ്യൂറോ തന്നെ പിന്‍വലിക്കണമെന്ന് ബാഴ്‌സ ബെഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെ താരം നെഞ്ചില്‍ കൈവെച്ച് മൈതാനത്ത് കിടന്നു. ഉടന്‍ തന്നെ ബാര്‍സയുടെ മെഡിക്കല്‍ ടീം ഗ്രൗണ്ടിലിറങ്ങി അര്‍ജന്റീന താരത്തെ പരിശോധിച്ചു. സ്ട്രെച്ചര്‍ കൊണ്ടുവന്നെങ്കിലും അതില്‍ കിടന്ന് മൈതാനത്തിനു പുറത്തുപോകാന്‍ വിസമ്മതിച്ച താരം മെഡിക്കല്‍ സംഘത്തിനൊപ്പം പതിയെ നടന്ന് പുറത്തേക്ക് പോകുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ താരത്തിന്റെ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇത്തവണ മാഞ്ചെസ്റ്റര്‍ സിറ്റിയില്‍ നിന്ന് ബാഴ്‌സയിലെത്തിയ അഗ്യൂറോയ്ക്ക് അഞ്ചു മത്സരങ്ങള്‍ മാത്രമാണ് ക്ലബ്ബിനായി കളിക്കാനായത്. അതും വെറും 165 മിനിറ്റുകള്‍ മാത്രമാണ് താരം മൈതാനത്ത് ചിലവഴിച്ചത്. ഒക്ടോബര്‍ 17-ന് വലന്‍സിയക്കെതിരെയായിരുന്നു ബാഴ്‌സ ജേഴ്‌സിയില്‍ താരത്തിന്റെ ആദ്യ മത്സരം.
Content Highlights: Sergio Aguero announces retirement from football