Photo: AP
യു.എസ് ഓപ്പണ്‍ ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് റഷ്യയുടെ ഡാനില്‍ മെദ്‌വദെവ്.
റഷ്യന്‍ താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടമായിരുന്നു ഇത്. സെപ്റ്റംബര്‍ 13-ന് നടന്ന ഫൈനലില്‍ മെദ്‌വദെവ് ഒരു സെറ്റ് പോലും ജോക്കോവിച്ചിന് വിട്ടു നല്‍കിയില്ല. 6-4, 6-4, 6-4 എന്ന സ്‌കോറിനായിരുന്നു ജയം.
ജയിച്ചിരുന്നെങ്കില്‍ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റെക്കോഡ് ജോക്കോയ്ക്ക് മറികടക്കാമായിരുന്നു. മാത്രമല്ല ഒരു കലണ്ടര്‍ വര്‍ഷം എല്ലാം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും സ്വന്തമാക്കി കലണ്ടര്‍ സ്ലാം എന്ന നേട്ടം സ്വന്തമാക്കാനും താരത്തിന് സാധിക്കുമായിരുന്നു.
നേരത്തെ ടോക്യോ ഒളിമ്പിക്‌സില്‍ സെമിയില്‍ പരാജയപ്പെട്ട ജോക്കോയ്ക്ക് ഗോള്‍ഡന്‍ സ്ലാമെന്ന (നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക് സ്വര്‍ണവും ഒരേ വര്‍ഷം നേടുക) സ്വപ്‌നം നഷ്ടമായിരുന്നു. ഇതോടെ താരം യു.എസ് ഓപ്പണ്‍ നേടി കലണ്ടര്‍ സ്ലാം തികയ്ക്കുമോ എന്നതിലേക്കായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. എന്നാല്‍ യു.എസ് ഓപ്പണ്‍ ഫൈനലിലും താരത്തിന് കാലിടറി.
Content Highlights: Djokovic lost the US Open 2021 final to Daniil Medvedev