Photo: AFP
ടെസ്റ്റില്‍ ഒരു ഇന്നിങ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തി ന്യൂസീലന്‍ഡ് താരം അജാസ് പട്ടേല്‍ ചരിത്രമെഴുതിയത് ഈ വര്‍ഷമാണ്.
ഇന്ത്യയ്‌ക്കെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലായിരുന്നു താരത്തിന്റെ ഈ പ്രകടനം. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഡിസംബര്‍ നാലിനാണ് അജാസ് 10 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ പത്തുവിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് അജാസ്.
1956-ല്‍ ഇംഗ്ലണ്ടിന്റെ ജിം ലേക്കറും 1999-ല്‍ ഇന്ത്യയുടെ അനില്‍ കുംബ്ലെയും ഈ നേട്ടം കൈവരിച്ചിരുന്നു. മത്സരത്തിലാകെ 47.5 ഓവറുകള്‍ ബോള്‍ ചെയ്ത അജാസ് പട്ടേല്‍, 119 റണ്‍സ് വഴങ്ങിയാണ് 10 വിക്കറ്റും പോക്കറ്റിലാക്കിയത്. 1956 ജൂലൈയിലാണ് ഒരു ഇന്നിങ്‌സിലെ 10 വിക്കറ്റുകളും സ്വന്തമാക്കി ഇംഗ്ലിഷ് താരം ജിം ലേക്കര്‍ ചരിത്രമെഴുതിയത്. അന്ന് ഓസ്‌ട്രേലിയയ്ക്കെതിരെ മാഞ്ചെസ്റ്ററിലായിരുന്നു ലേക്കറിന്റെ ചരിത്രനേട്ടം. 51.2 ഓവറില്‍ 53 റണ്‍സ് മാത്രം വഴങ്ങിയാണ് ലേക്കര്‍ 10 വിക്കറ്റും സ്വന്തമാക്കിയത്. ഇതില്‍ 23 ഓവറുകള്‍ മെയ്ഡനായി.
പിന്നീട് 1999-ല്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ലയില്‍ (ഇപ്പോള്‍ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം) ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ ഈ നേട്ടം ആവര്‍ത്തിച്ചു. ബദ്ധവൈരികളായ പാകിസ്താനെതിരെയായിരുന്നു കുംബ്ലെയുടെ ഐതിഹാസിക പ്രകടനം. 26.3 ഓവറില്‍ 74 റണ്‍സ് വഴങ്ങിയാണ് കുംബ്ലെ 10 വിക്കറ്റ് സ്വന്തമാക്കിയത്.
Content Highlights: New Zealand s Ajaz Patel takes 10 wickets in innings against India