Photo: AFP
2021 സീസണിലെ ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കി റെഡ്ബുളിന്റെ ഡച്ച് താരം മാക്‌സ് വെസ്റ്റപ്പന്‍.
സീസണിലെ അവസാന ഗ്രാന്‍പ്രിയായ അബുദാബിയില്‍ അവസാന ലാപ്പില്‍ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമില്‍ട്ടനെ മറികടന്നാണ് വെസ്റ്റപ്പന്‍ തന്റെ കന്നി ഫോര്‍മുല വണ്‍ കിരീടം സ്വന്തമാക്കിയത്.
അബുദാബി ഗ്രാന്‍പ്രിക്ക് മുമ്പുള്ള 21 ഗ്രാന്‍പ്രീകള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുവരും 369.5 പോയന്റ് വീതം നേടി സമനിലയിലായിരുന്നു. ഇതോടെയാണ് ലോകകിരീടം നിര്‍ണയിക്കുന്നത് സീസണിലെ അവസാന ഗ്രാന്‍പ്രീയായ അബുദാബിയിലേക്ക് നീങ്ങിയത്. അബുദാബിയിലെ ജയത്തോടെ 395.5 പോയന്റ് സ്വന്തമാക്കിയാണ് വെസ്റ്റപ്പന്‍ കിരീടം നേടിയത്.
387.5 പോയന്റോടെ ഹാമില്‍ട്ടണ്‍ രണ്ടാമതായി. ജയിച്ചിരുന്നെങ്കില്‍ സാക്ഷാല്‍ മൈക്കല്‍ ഷൂമാക്കറെ മറികന്ന് എട്ടാം കിരീടത്തോടെ ഏറ്റവും കൂടുതല്‍ ഫോര്‍മുല വണ്‍ കിരീടങ്ങളെന്ന റെക്കോഡ് ഹാമില്‍ട്ടണ് സ്വന്തമാകുമായിരുന്നു.
കഴിഞ്ഞ ഏഴു സീസണുകള്‍ നീണ്ട മെഴ്സിഡസിന്റെ കുത്തക അവസാനിപ്പിച്ചാണ് റെഡ്ബുള്ളിന്റെ മാക്‌സ് വെസ്റ്റപ്പന്‍ ഇത്തവണ കിരീടത്തില്‍ മുത്തമിട്ടത്. 2013-ലാണ് അവസാനമായി റെഡ്ബുള്‍ കിരീടം നേടിയത്. കഴിഞ്ഞ നാല് സീസണുകളിലായി തുടര്‍ച്ചയായി ഹാമില്‍ട്ടനാണ് കിരീടം നേടുന്നത്. 2016-ല്‍ ജര്‍മന്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗാണ് ഇതിന് മുമ്പ് ഹാമില്‍ട്ടനെ മറികടന്ന് കിരീടം നേടിയ താരം.
Content Highlights: Max Verstappen wins maiden F1 World Championship beat Lewis Hamilton