Photo: Getty Images
പരസ്പര പൂരകങ്ങളായി ഫുട്ബോള്‍ ലോകം കണ്ടിരുന്ന ലയണല്‍ മെസ്സിയെന്ന ഫുട്ബോള്‍ മാന്ത്രികനും അദ്ദേഹത്തെ ഇതിഹാസമാക്കി വളര്‍ത്തിയ ബാഴ്സലോണ എന്ന ക്ലബ്ബും വഴിപിരിഞ്ഞ വര്‍ഷമാണ് കടന്നുപോകുന്നത്. 2021 ഓഗസ്റ്റില്‍ ബാഴ്സയുടെ ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത മെസ്സി താന്‍ ക്ലബ്ബ് വിടുന്ന കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. മൈക്കിനു മുന്നില്‍ നിന്ന് കണ്ണീരടക്കാന്‍ പാടുപെടുന്ന മെസ്സിയെയാണ് അന്ന് ഫുട്‌ബോള്‍ ലോകം കണ്ടത്.
2020 ഓഗസ്റ്റ് അവസാന വാരത്തിലാണ് താന്‍ ബാഴ്സ വിടുകയാണെന്ന് മെസ്സി ആദ്യമായി അറിയിക്കുന്നത്. കരാര്‍ പ്രകാരം ഓരോ സീസണിന്റെ അവസാനത്തിലും ഫ്രീ ട്രാന്‍സ്ഫറായി ക്ലബ്ബ് വിടാന്‍ മെസ്സിക്ക് കഴിയുമായിരുന്നു. എന്നാല്‍ ജൂണ്‍ 10-നകം ഇക്കാര്യം ക്ലബ്ബിനെ അറിയിക്കണമായിരുന്നു. ഈ വ്യവസ്ഥ മെസ്സിക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബാഴ്സയും ലാലിഗയും റിലീസിങ് ക്ലോസ് തുകയില്‍ മുറുകെപിടിച്ചതോടെ മെസ്സി ഈ സീസണ്‍ കൂടി ക്ലബ്ബില്‍ തുടരുകയായിരുന്നു.
എന്നാല്‍ ഈ സീസണ് ശേഷം മെസ്സിയുടെ ഉയര്‍ന്ന വേതനവും ലാ ലിഗയിലെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും ക്ലബ്ബിന് താരവുമായി പുതിയ കരാറിലെത്തുന്നതിന് തടസമാകുകയായിരുന്നു. 50 ശതമാനം പ്രതിഫലം കുറച്ച് മെസ്സി ക്ലബ്ബില്‍ തുടരാന്‍ സന്നദ്ധനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലാ ലിഗയുടെ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഇതിന് തടസമായി. ഇതോടെയാണ് ബാഴ്‌സലോണയുമായുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിന്ന പൊക്കിള്‍ക്കൊടി ബന്ധം അറുത്തുമാറ്റാന്‍ താരത്തിന് തയ്യാറാകേണ്ടി വന്നത്.
2001-ല്‍ ബാഴ്‌സയുടെ യൂത്ത് ക്ലബില്‍ കളിച്ചുതുടങ്ങിയതാണ് മെസ്സി. 2003-ല്‍ സി ടീമിലും 2004 മുതല്‍ 2005 വരെ ബി ടീമിലും കളിച്ചു. 2004-ലാണ് ഒന്നാം നിര ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടൊരു തിരിഞ്ഞുനോട്ടമുണ്ടായിട്ടില്ല. പതിനെട്ട് വര്‍ഷത്തിനിടെ ബാഴ്സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായി മെസ്സി കളത്തിലിറങ്ങി. ഇക്കാലത്തിനിടെ 672 ഗോളുകളും 266 അസിസ്റ്റുകളും ബാഴ്സലോണയ്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്. ഇതിനിടെ ആറ് ബാലണ്‍ദ്യോറും ആറ് യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂസും. പത്ത് ലാലീഗയും നാല് ചാമ്പ്യന്‍സ് ലീഗും ആറ് കോപ്പ ഡെല്‍ റെയും ഉള്‍പ്പടെ മുപ്പത്തിമൂന്ന് കിരീടങ്ങളാണ് ബാഴ്‌സയുടെ അലമാരയിലെത്തിച്ചത്.
Content Highlights: Lionel Messi leaves Barcelona