Photo: PTI
നായകന് എം.എസ് ധോനിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നാലാം ഐപിഎല്‍ കിരീടം നേടിയത് ഈ വര്‍ഷമാണ്.
ഒക്ടോബര്‍ 15-ന് നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്താണ് ചെന്നൈ കിരീടം ചൂടിയത്. കോവിഡ് കാരണം ഇത്തവണ രണ്ടു പാദങ്ങളായിട്ടാണ് ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ പാദം ഇന്ത്യയില്‍ നടന്നപ്പോള്‍ കേവിഡ് ഭീഷണി ഉയര്‍ത്തി. ഇതോടെ രണ്ടാം പാദത്തിന് യുഎഇ വേദിയായി.

ഓറഞ്ച് ക്യാപ്പ് ഋതുരാജിന്, പര്‍പ്പിള്‍ ക്യാപ്പ് ഹര്‍ഷലിനും
ഐ.പി.എല്‍ 14-ാം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഋതുരാജ് ഗെയ്ക്വാദ് സ്വന്തമാക്കി. 16 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 45.35 ശരാശരിയില്‍ 635 റണ്‍സ് നേടിയാണ് ഋതുരാജ് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. ഇതോടെ ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഋതുരാജിന് സ്വന്തമായി. മുന്‍ കിങ്സ് ഇലവന് പഞ്ചാബ് (ഇപ്പോഴത്തെ പഞ്ചാബ് കിങ്സ്) താരം ഷോണ്‍ മാര്‍ഷിനെയാണ് ഋതുരാജ് മറികടന്നത്. 2008 സീസണില്‍ പഞ്ചാബിനായി 616 റണ്‍സ് സ്കോര്‍ ചെയ്യുമ്പോള്‍ 25 വയസായിരുന്നു താരത്തിന്റെ പ്രായം.

അതേസമയം ഐ.പി.എല്‍ 14-ാം സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഹര്‍ഷല്‍ പട്ടേലാണ്. സീസണില്‍ 15 മത്സരങ്ങളില്‍ നിന്നായി 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന റെക്കോഡ് ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഡ്വെയ്ന്‍ ബ്രാവോയുമായി പങ്കുവെയ്ക്കാനും ഹര്‍ഷലിനായി. 2013-ല്‍ ബ്രാവോ 32 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
Content Highlights: IPL 2021 Chennai Super Kings wins 4th title