Photo: AFP
കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച ടോക്യോ ഒളിമ്പിക്‌സ് അരങ്ങേറിയത് 2021-ലായിരുന്നു. 17 ദിനരാത്രങ്ങള്‍ കടന്നുപോയ ഒളിമ്പിക്‌സ് ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്നതായി. ഒളിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി 48-ാം സ്ഥാനത്തെത്തി. റിയോയില്‍ വെറും രണ്ടു മെഡലുകളുമായി 67-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഇത്തവണ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ അത്ലറ്റിക്സില്‍ ഒരു ഇന്ത്യക്കാരന്റെ ആദ്യ മെഡല്‍ നേട്ടം നമ്മള്‍ സ്വന്തമാക്കി. മീരാബായ് ചാനു, രവികുമാര്‍ ദഹിയ എന്നിവര്‍ വെള്ളി നേടിയപ്പോള്‍ പി.വി സിന്ധു, ലവ്ലിന ബോര്‍ഗൊഹെയ്ന്‍, ബജ്റംഗ് പുനിയ, ഇന്ത്യന്‍ ഹോക്കി ടീം എന്നിവരിലൂടെ നാല് വെങ്കലവും ഇന്ത്യ സ്വന്തമാക്കി.
ടോക്യോയില്‍ വലിയ സംഘത്തെ തന്നെ അണിനിരത്തിയ അമേരിക്ക 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളുമായി ഒന്നാമതെത്തി. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാമത്. ആതിഥേയരായ ജപ്പാന്‍ 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. 22 സ്വര്‍ണവുമായി ബ്രിട്ടനാണ് നാലാമത്.
ലോകമെമ്പാടും ബാധിച്ച കോവിഡ് ഭീഷണിക്കിടയില്‍ നടന്ന ഒളിമ്പിക്സ് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച് ജപ്പാന്‍ ലോകത്തിന് തന്നെ മാതൃകയായി. കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ച ഒളിമ്പിക്സാണ് 2021 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ടോക്യോയില്‍ അരങ്ങേറിയത്. ഒളിമ്പിക് വില്ലേജില്‍ പോലും നിരവധി പേര്‍ രോഗബാധിതരായെങ്കിലും അതൊന്നും മഹാമേളയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ സംഘാടകര്‍ക്കായി.
ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സമാപന ചടങ്ങിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങില്‍ അടുത്ത ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങി. ഫ്രാന്‍സിന്റെ നാഷണല്‍ ഓര്‍ക്കസ്ട്രയാണ് ചടങ്ങില്‍ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിച്ചത്.

പൊന്നണിഞ്ഞ് നീരജ്
പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം എറിഞ്ഞിട്ട നീരജ് ചോപ്രയിലൂടെ ഇന്ത്യ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സില്‍ ആദ്യ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കി. ഓഗസ്റ്റ് ഏഴിനായിരുന്നു നീരജിന്റെ ഈ ചരിത്ര നേട്ടം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്. അത്‌ലറ്റിക്‌സില്‍ ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ആദ്യ മെഡലാണിത്. അഭിനവ് ബിന്ദ്രയ്ക്കുശേഷം വ്യക്തിഗത സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഹരിയാണക്കാരനായ സുബേദാര്‍ നീരജ് ചോപ്ര സ്വന്തമാക്കി. ബെയ്ജിങ്ങിനുശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്നത്.
ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് മികച്ച ദൂരം കണ്ടെത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി.

ഗുസ്തിയില്‍ ബജ്റംഗ് പുനിയക്ക് വെങ്കലം
ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റംഗ് പുനിയ വെങ്കലം നേടി. ഇത്തവണ ഒളിമ്പിക്‌സില്‍ ഇന്ത്യ സ്വന്തമാക്കിയ ആറാമത്തെ മെഡലായിരുന്നു ഇത്. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ കസാഖ്സ്താന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്റംഗ് തോല്‍പ്പിച്ചത്. 8-0 എന്ന സ്‌കോറില്‍ ആധികാരികമായിരുന്നു പുനിയയുടെ വിജയം. ആദ്യ റൗണ്ടില്‍ രണ്ട് പോയന്റ് നേടിയ പുനിയ രണ്ടാം റൗണ്ടില്‍ ആറ് പോയന്റുകള്‍ കൂടി സ്വന്തമാക്കിയാണ് വെങ്കല മെഡല്‍ ഉറപ്പിച്ചത്. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്.

ഗുസ്തിയില്‍ വെള്ളിത്തിളക്കവുമായി രവി കുമാര്‍ ദഹിയ
ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം രവി കുമാര്‍ ദഹിയ വെള്ളി മെഡല്‍ സ്വന്തമാക്കി. ഫൈനലില്‍ റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി താരം സോര്‍ ഉഗ്യുവിനോട് രവികുമാര്‍ പൊരുതി തോല്‍ക്കുകയായിരുന്നു. ടെക്നിക്കല്‍ പോയിന്റില്‍ മുന്നിട്ടുനിന്ന സോര്‍ ഉഗ്യു 7-4നാണ് വിജയിച്ചത്. അമേരിക്കയുടെ പാട്രിക് ഗില്‍മാന്‍ തോമസിനാണ് വെങ്കലം.

ഒളിമ്പിക് ഹോക്കിയില്‍ നാലു പതിറ്റാണ്ടിനു ശേഷം ഇന്ത്യയ്ക്ക് മെഡല്‍
ഒളിമ്പിക് ഹോക്കിയില്‍ നാലു പതിറ്റാണ്ടു കാലത്തെ മെഡല്‍ വരള്‍ച്ച ഇന്ത്യ അവസാനിപ്പിച്ചത് ഈ വര്‍ഷം ടോക്യോയിലായിരുന്നു. ഓഗസ്റ്റ് അഞ്ചിന് ടോക്യോയിലെ ഒ.ഐ സ്റ്റേഡിയത്തിലെ നോര്‍ത്ത് പിച്ചില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയത്. ഒരുവേള ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവന്നത്. 1980 മോസ്‌ക്കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക് ഹോക്കിയില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക് ഹോക്കിയുടെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടിയത്. സെമിയില്‍ ബെല്‍ജിയത്തോട് തോറ്റെങ്കിലും വെങ്കലപ്പോരാട്ടത്തില്‍ മികവ് പുറത്തെടുക്കാന്‍ ഇന്ത്യന്‍ സംഘത്തിനായി.

അരനൂറ്റാണ്ടിന് ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളിയായി പി.ആര്‍ ശ്രീജേഷ്
ടോക്യോയില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വെങ്കല നേട്ടത്തോടെ അര നൂറ്റാണ്ടിനു ശേഷം ഒളിമ്പിക് മെഡല്‍ ജേതാവാകുന്ന മലയാളി എന്ന നേട്ടം പി.ആര്‍ ശ്രീജേഷ് സ്വന്തമാക്കി. 1972 ഒളിമ്പിക്സില്‍ ഹോക്കിയില്‍ സെമി ഫൈനല്‍ കളിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന കണ്ണൂര്‍ സ്വദേശി മാനുവല്‍ ഫ്രെഡറിക്സാണ് ശ്രീജേഷിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരം.

ഇടിക്കൂട്ടില്‍ വെങ്കലവുമായി ലവ്ലിന ബോര്‍ഗോഹെയ്ന്‍
ഒളിമ്പിക് ബോക്‌സിങ്ങില്‍ വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ ലവ്ലിന ബോര്‍ഗൊഹെയ്ന്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ഓഗസ്റ്റ് നാലിന് നടന്ന നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെയാണ് ലവ്ലിന വെങ്കലമെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. സ്‌കോര്‍: 5-0. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം എന്ന ബഹുമതിയും ഇതോടെ ലവ്ലിന സ്വന്തമാക്കി. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്ലിന.
ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലവ്ലിന ബോര്‍ഗോഹെയ്ന്‍ അസം സ്വദേശിനിയാണ്. അസമില്‍നിന്ന് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതയാണവര്‍.

ടോക്യോയില്‍ സിന്ധുവിന് വെങ്കലം
ടോക്യോ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധു വെങ്കലം നേടിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെയാണ് സിന്ധു തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു താരത്തിന്റെ വിജയം. സ്‌കോര്‍: 21-13, 21-15. 2016 റിയോ ഒളിമ്പിക്സില്‍ ഇന്ത്യയാക്കായി വെള്ളി മെഡല്‍ നേടിയ താരമാണ് സിന്ധു. ഇതോടെ തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന അപൂര്‍വമായ റെക്കോഡും സിന്ധു സ്വന്തമാക്കി. സെമിയില്‍ ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനോട് തോറ്റതോടെയാണ് സിന്ധു വെങ്കല മെഡല്‍ പോരാട്ടത്തിനായി കളത്തിലിറങ്ങിയത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടത്തിനൊപ്പം ഇപ്പോള്‍ ഒളിമ്പിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും സിന്ധുവിന് സ്വന്തമായി.

മീരാഭായ് ചാനു, ഭാരോദ്വഹനത്തിലെ വെള്ളിത്തിളക്കം
ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ അക്കൗണ്ട് തുറന്നത് ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവിന്റെ വെള്ളി മെഡല്‍ നേട്ടത്തോടെയായിരുന്നു. ജൂലായ് 24-ന് വനിതകളുടെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന്റെ ചരിത്ര നേട്ടം. 2000-ലെ സിഡ്നി ഒളിമ്പിക്സില്‍ വെങ്കലം നേടിയ കര്‍ണം മല്ലേശ്വരിക്കു ശേഷം ഭാരോദ്വഹനത്തില്‍ ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും ചാനുവിന് സ്വന്തമായി. സ്നാച്ചില്‍ 84 കിലോയും പിന്നീട് 87 കിലോയും ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 110 കിലോയും പിന്നീട് 115 കിലോയും ഉയര്‍ത്തിയാണ് വെള്ളി ഉറപ്പിച്ചത്. ഈ വിഭാഗത്തില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയര്‍ത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിന്‍ഡി വെങ്കല മെഡല്‍ സ്വന്തമാക്കി.
Content Highlights: india in Tokyo Olympics 2021