Photo: AP
2021-ലെ യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ബ്രിട്ടന്റെ എമ്മ റാഡുകാനു. 18-കാരിയായ താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
സെപ്റ്റംബര്‍ 12-ന് നടന്ന ഫൈനലില്‍ കാനഡയുടെ 19-കാരി ലെയ്‌ല അനി ഫെര്‍ണാണ്ടസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് എമ്മ കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-4, 6-3.
ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ യോഗ്യതാ റൗണ്ട് വഴി വന്ന് ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റു പോലും തോല്‍ക്കാതെയാണ് എമ്മയുടെ കിരീടം നേട്ടം.
44 വര്‍ഷങ്ങള്‍ക്കു ശേഷം വനിതാ സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി. 1977-ല്‍ വിംബിള്‍ഡണ്‍ കിരീടം നേടിയ വിര്‍ജീനിയ വെയ്ഡാണ് ഇതിനു മുമ്പ് ബ്രിട്ടനായി ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ താരം.
ഇതോടൊപ്പം മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍ഡ്സ്ലാം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി. 150-ാം റാങ്കുകാരിയായി യു.എസ് ഓപ്പണിനെത്തിയ എമ്മ മൂന്ന് യോഗ്യതാ മത്സരങ്ങള്‍ കളിച്ചാണ് ഗ്രാന്‍ഡ്സ്ലാം പോരാട്ടത്തിന് യോഗ്യത നേടിയത്. ഓപ്പണ്‍ കാലഘട്ടത്തില്‍ സീഡ് ചെയ്യപ്പെടാത്ത താരങ്ങള്‍ ഏറ്റുമുട്ടിയ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.
Content Highlights: Emma Raducanu scripts history in US Open 2021