Photo: AP
കായിക ലോകം ഒന്നടങ്കം കൈകള്‍ കൂപ്പി ഒരാളുടെ ജീവനു വേണ്ടി പ്രാര്‍ഥിച്ച വര്‍ഷം കൂടിയാണിത്. യൂറോ കപ്പ് മത്സരത്തിനിടെ ഡെന്മാര്ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണ് കളിക്കളത്തില്‍ കുഴഞ്ഞുവീണത് ഈ വര്‍ഷത്തെ മറക്കാന്‍ പറ്റാത്ത ഓര്‍മകളിലൊന്നാണ്.
യൂറോ കപ്പില്‍ ഗ്രൂപ്പ് ബിയില്‍ ജൂണ്‍ 12-ന് നടന്ന ഡെന്മാര്ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് എറിക്സണ് മൈതാനത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ ശ്രമങ്ങളുമെല്ലാം നിറകണ്ണുകളോടെയാണ് ഫുട്ബോള്‍ ലോകം കണ്ടത്.

മത്സരം 42 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. എതിര് ഹാഫിലെ ത്രോയില്‍ നിന്ന് പന്ത് സ്വീകരിക്കാന്‍ മുന്നോട്ടാഞ്ഞ ക്രിസ്റ്റ്യന്‍ എറിക്സന് ആടിയുലഞ്ഞ് നിലത്തേക്ക് വീണു. അടുത്തുണ്ടായിരുന്ന സഹതാരത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെങ്കിലും ഫിന്‍ലന്‍ഡ് താരങ്ങള്‍ അപകടം പെട്ടെന്ന് തിരിച്ചറിഞ്ഞ് റഫറിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

കളി നിയന്ത്രിച്ചിരുന്ന ആന്റണി ടെയ്ലര് ഉടന്‍ തന്നെ വൈദ്യസംഘത്തെ വിളിച്ച് അടിയന്തര ശുശ്രൂഷ നല്കി. ഡാനിഷ് താരങ്ങള്‍ എറിക്സന് ചുറ്റും നിന്ന് പ്രാര്ഥിക്കുന്നുണ്ടായിരുന്നു. സംഭവത്തോടെ കാണികളും നടുക്കത്തിലായി.
15 മിനിറ്റോളം പ്രഥമ ശുശ്രൂഷ നല്കിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈകാതെ താരം അപകടനില തരണം ചെയ്തു.
Content Highlights: Christian Eriksen collapses at Euro 2020