എന്തായിരിക്കും മാറഡോണ അവസാനമായി തുകല്‍പന്തിനോട് പറഞ്ഞിരിക്കുക?


എം.പി.സുരേന്ദ്രന്‍

ലോകയുദ്ധത്തിനുശേഷം അമ്പതുകളില്‍ ലോകകപ്പ് ഫുട്ബോള്‍ ഉയിര്‍ത്തപ്പോള്‍ ആ കാലത്തോടൊപ്പം ജനിച്ചുവളര്‍ന്ന തലമുറ ആദ്യം കേട്ടത് മാറഡോണയുടെ മൈതാനക്കാഴ്ചകളെക്കുറിച്ചായിരുന്നു

Photo: AFP

വസാനമായി എന്തായിരിക്കും ഡീഗോ അര്‍മാന്‍ഡോ മാറഡോണ തുകല്‍പ്പന്തിനോട് പറഞ്ഞിട്ടുണ്ടാകുക? നിന്നെ സ്പര്‍ശിച്ച കാലുകള്‍ക്ക് വിടതരിക എന്നാവണം. ഭൂമിയെ തുകലില്‍ പൊതിയാനും എവിടെപ്പോയാലും അതിന്റെ മാര്‍ദവം അനുഭവിക്കാനും കഴിയുമോ എന്നാവുമോ? അപ്പോള്‍ കണ്ണീരണിഞ്ഞുകൊണ്ട് ആ പന്ത് പറഞ്ഞിട്ടുണ്ടാകും. 'കാലുകള്‍ തുകലില്‍ പൊതിയുന്നത് ഭൂമിയെ പൊതിയുന്നതിനു തുല്യമാണ്. ഈ ഭൂമിവിട്ടു നീ പോകുമ്പോള്‍ ഡീഗോ, അതിരുകളില്ലാത്ത ആകാശത്തിലെ മേഘമാലകള്‍ക്ക് മീതെ കളിക്കാന്‍, വൈകാതെ വരുമെന്ന് പെലെ പറഞ്ഞിട്ടുണ്ടല്ലോ'.

അവിടെ ദൈവത്തിന്റെ കൈകള്‍ ഡീഗോയെ സ്പര്‍ശിക്കുമെന്ന് ഗാരി ലിനേക്കര്‍ ട്വിറ്ററിലൂടെ പറയുന്നു. ദൈവം തന്റെ കരുണാര്‍ദ്രമായ കൈകള്‍ ഡീഗോയുടെ നെറ്റിമേല്‍ വെച്ചുകൊണ്ടു പറയും 'ഡീഗോ ഇപ്പോഴാണ് നീ ശാന്തനായത്'. ചിറകുകളായിരുന്ന നിന്റെ പാദങ്ങള്‍ക്ക് വിടനല്‍കിക്കൊണ്ട് ലോകം പറഞ്ഞുകഴിഞ്ഞു സ്വസ്തി, സ്വസ്തി...

ലോകയുദ്ധത്തിനുശേഷം അമ്പതുകളില്‍ ലോകകപ്പ് ഫുട്ബോള്‍ ഉയിര്‍ത്തപ്പോള്‍ ആ കാലത്തോടൊപ്പം ജനിച്ചുവളര്‍ന്ന തലമുറ ആദ്യം കേട്ടത് മാറഡോണയുടെ മൈതാനക്കാഴ്ചകളെക്കുറിച്ചായിരുന്നു. അവര്‍ പെലെയുടെ കളി കണ്ടിരുന്നില്ല. അന്ന് പെലെയുടെ അപദാനങ്ങളാല്‍ അച്ചടിമാധ്യമങ്ങളിലെ പേജുകള്‍ നിറഞ്ഞു. സ്മരണയുടെ മൈതാനങ്ങളില്‍ അവര്‍ പെലെയെ ദേവനായി പ്രതിഷ്ഠിച്ചു.

ആ തലമുറയ്ക്കുപിന്നാലെ പല തലമുറകള്‍ വന്നു. അയാക്സില്‍നിന്ന് ഒരു അടിച്ചുതളിക്കാരിയുടെ മകന്‍ യൊഫാന്‍ ക്രൈഫ് വന്നുപോയതിനുശേഷം ലോകത്തെങ്ങും ടെലിവിഷനുകള്‍ കണ്‍തുറന്നു. അടുത്ത തലമുറ ആന്റിനകള്‍ തിരിച്ച് ടെലിവിഷനുകളുടെ തലവിധിയായ ഗ്രെയിനുകള്‍ (പൊടിക്കൂത്തുകള്‍) ഇല്ലാതാക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന കാലത്ത് ഭൂകമ്പംകൊണ്ട് തകര്‍ന്ന മെക്സിക്കോയുടെ കളിക്കളങ്ങളില്‍ ലോകകപ്പ് ഫുട്ബോള്‍ വന്നു. മാച്ചുപിച്ചു സംസ്‌കാരത്തിന്റെ രക്ഷകനായ തുപ്പാക്ക് അമാരുവിനെപ്പോലെ അര്‍ജന്റീനയില്‍നിന്നെത്തിയ ഒരു കുറിയ കളിക്കാരന്‍ ആ ലോകകപ്പില്‍ തന്റെ കണ്ണീരുകൊണ്ട് ഒരു ചുംബനം അര്‍പ്പിച്ചു. അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള ഡീഗോ മാറഡോണ. അയാള്‍ ഒരു കുരിശുയുദ്ധക്കാരനെപ്പോലെ തോന്നിച്ചു. അയാള്‍ ലോകകപ്പിനെ ഒരു നാടകശാലയാക്കിമാറ്റി. അയാള്‍ കളിക്കാനിറങ്ങുമ്പോഴെല്ലാം ബൂട്ടുകെട്ടിയ ഇംഗ്ലണ്ടിന്റെയും ജര്‍മനിയുടെയും ബെല്‍ജിയത്തിന്റെയും കാവല്‍ക്കാര്‍ ആ കാലുകളെ പിടിച്ചുനിര്‍ത്താന്‍ വെമ്പി.

രണ്ടു പതിറ്റാണ്ടുകളിലൂടെ ഡീഗോ, ആ കപ്പ് ജന്മനാട്ടിലെത്തിച്ചു. ദൈവത്തിന്റെ ഗോള്‍ എന്ന ലേബല്‍ അയാള്‍ ദൈവനിന്ദയായി കരുതി. രണ്ടാമത്തെ ഗോള്‍ നൂറ്റാണ്ടിന്റെ ഗോളായി വാഴ്ത്തിയപ്പോള്‍ ഫോക്ലന്‍ഡ് യുദ്ധത്തില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന് അര്‍ജനന്റീന മധുരപ്രതികാരം ചെയ്തു. ആസ്ടെക സ്റ്റേഡിയത്തിന്റെ ഗോള്‍വലയുടെ ഓരത്ത് മെക്സിക്കോ ഡീഗോയുടെ പ്രതിമ സ്ഥാപിച്ചു. നൂറ്റാണ്ടിന്റെ ഗോള്‍ പിറന്നത് ഇവിടെയാണ്.

ഡീഗോ കളിക്കുമ്പോള്‍ ലോകം ആഹ്ലാദനിര്‍ഭരമായിത്തീര്‍ന്നു. ഇന്ന് ലോകം ഒരു മരണവീടായി മാറിയിരിക്കുന്നു. ഹൃദയങ്ങള്‍ സ്വയം തപിച്ചുകൊണ്ട് ചോദിക്കുന്നു 'ഡീഗോ, നീ തന്ന എല്ലാ ആനന്ദവും പൊയ്പ്പോയല്ലോ'.

ഡീഗോ ഇരട്ടമുഖമുള്ള ഒരു ജാനസ് ദേവനായിരുന്നു. കളിക്കളത്തിലെ രണ്ടു പകുതികള്‍പോലെ ഡീഗോ കറുപ്പിലും വെളുപ്പിലും ജീവിച്ചു.

ഒരു പകുതിപ്രജ്ഞയില്‍ നിഴലും നിലാവും തന്നെ. മറുപകുതിയില്‍ കരിപൂശിയ വാവ്!

കളിയില്‍ എല്ലാ വ്യാകരണപാഠങ്ങളും തെറ്റിച്ച ഡീഗോ മറുപകുതി വിഷധൂമങ്ങളെ തന്റെ നീലഞരമ്പുകളിലേക്ക് കടത്തിവിട്ടു. വഴികള്‍ അറിയാതെ നിബിഡവനത്തില്‍പ്പെട്ടുപോയ ഒരാളെപ്പോലെ അയാള്‍ കാടുകളുടെ ഭംഗിയറിയാതെ ഉഴറി. നേരത്തേ പോയ ഗാരിഞ്ച, ജോര്‍ജ് ബെസ്റ്റ് തുടങ്ങിയവരുടെ ജീവിതപാഠങ്ങള്‍ പഠിച്ചതുമില്ല..

കളിക്കളത്തില്‍ ഈ നായകന്‍ നല്‍കിയ സ്തോഭം നിറഞ്ഞ സൗന്ദര്യം നാം മറ്റാരിലും കണ്ടില്ല. അയാളുടെ തീവ്രമായ ആത്മപ്രകാശനമാണ് പന്ത്. ഏതു കളിക്കുമുമ്പും രണ്ട് കൈകള്‍കൊണ്ട് മാറഡോണ പന്ത് നെഞ്ചിനോട് ചേര്‍ത്തുവെക്കുന്നതു കാണാം. മാറഡോണയെപ്പോലെ പന്തുമായി ശത്രുനിരയിലേക്ക് കുതിച്ചുകയറുന്ന ഗറില്ലയെ നാം പിന്നീട് കണ്ടിട്ടില്ല. ഒരേസമയം, അയാള്‍ സ്‌കീമറും അറ്റാക്കിങ് മിഡ്ഫീല്‍ഡറും ഫോര്‍വേഡും ഡ്രിബ്ലറുമായിരുന്നു. കളിയിലെ വിധികള്‍ നിര്‍ണായകഘട്ടത്തില്‍ അയാള്‍ സ്വയം നടപ്പിലാക്കി.

ദൈവത്തിന്റെ കൈകൊണ്ട് ഗോളടിക്കുന്ന മാറഡോണ, വിലപിക്കുന്ന മാറഡോണ, കൂട്ടുകാരുടെ കൈകളില്‍ ലോകക്കപ്പുമായി ആനന്ദിക്കുന്ന മാറഡോണ, ലഹരിയുടെ നീലഞരമ്പുകളിലേക്ക് സിഗാര്‍ വലിച്ചുകയറ്റുന്ന മാറഡോണ, തോക്കുമായി മാധ്യമപ്പടയുടെ നേരെ ഭീഷണിയുയര്‍ത്തുന്ന മാറഡോണ, പള്ളികളിലെ സ്വര്‍ണംപൂശിയ മച്ചുകളില്‍ നിന്ന് മനുഷ്യര്‍ക്ക് എന്തുനല്‍കിയെന്ന് ചോദ്യമുയര്‍ത്തുന്ന മാറഡോണ. ജപമാലയും നീലസ്യൂട്ടുമായി, അര്‍ജന്റീനയെ കോച്ചുചെയ്യുന്ന മാറഡോണ... അങ്ങനെ എത്രയെത്രചിത്രങ്ങള്‍.

അമേരിക്കയിലെ ലോകകപ്പില്‍ എഫ്രിഡിന്‍ കണ്ടെത്തിയതിന് പിടിക്കപ്പെട്ട ഡീഗോ വിലപിച്ചു: ''അവരെന്റെ കാലുകള്‍ വെട്ടിമാറ്റി, എന്റെ ആത്മാവിനെ നശിപ്പിച്ചു.''

Content Highlights: What was the last thing diego maradona said to that leather ball

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023