ഒരു മാസംകൊണ്ട് ലോകത്തെ അളന്നു, കീഴടക്കി, 719 മാസത്തെ കഥകളെല്ലാം സാധാരണം


By പി.ടി.ബേബി

2 min read
Read later
Print
Share

ദൈവം മാറഡോണയ്ക്ക് ബോണസ് പോയന്റുകള്‍ നല്‍കിയിരിക്കണം. വിശ്വവിജയിയായ ശേഷം സര്‍വത്ര അരാജകജീവിതം നയിച്ച താരം 60 വയസ്സ് വരെ ജീവിച്ചത് അദ്ഭുതമാണ്.

Photo: AFP

ഡീഗോ മാറഡോണയുടെ മുഖം പ്രതിബിംബിച്ച ഒരു തുള്ളി കണ്ണുനീരില്‍ കാലം വിതുമ്പിനില്‍ക്കുകയാണ്. ഡീഗോയെ ദൈവം 60-ാം മിനിറ്റില്‍ കളിക്കളത്തില്‍നിന്ന് പിന്‍വലിക്കുകയായിരുന്നു. വേണമെങ്കില്‍ ശേഷിച്ച 30 മിനിറ്റും ഇഞ്ചുറി ടൈമും നല്‍കാമായിരുന്നു. പക്ഷേ, അര്‍ഥം പൂര്‍ത്തിയായ ഒരു വാചകത്തിന് പൂര്‍ണവിരാമമിടുക എന്ന സ്വാഭാവികതയേ സംഭവിച്ചുള്ളൂ.

മാറഡോണയുടെ ജീവിതദൗത്യം 1986ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പിലെ ഒറ്റ മാസം കൊണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. 720 മാസം ജീവിച്ച ഒരു മനുഷ്യന്‍ 26-ാം വയസ്സിലെ ഒരു മാസംകൊണ്ട് ലോകത്തെ അളന്നു, കീഴടക്കി. 719 മാസത്തെ കഥകളെല്ലാം സാധാരണം.

ചില നിമിഷങ്ങള്‍കൊണ്ടോ ദിവസങ്ങള്‍ കൊണ്ടോ മാസങ്ങള്‍ കൊണ്ടോ തലമുറകളെ പ്രചോദിപ്പിച്ച പ്രതിഭകളുണ്ട്. ദൈവം വളരെനേരത്തേ കൊണ്ടുപോയ ക്ലിന്റ് എന്ന എന്ന കുഞ്ഞ് ആറ്് വയസ്സിനിടെ വരച്ചത് ഇരുപത്തയ്യായിരത്തോളം പെയിന്റിങ്ങുകളാണ്. 32-ാം വയസ്സില്‍ മരിക്കുംമുമ്പ് മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി ലോകം വെട്ടിപ്പിടിച്ചു. മാര്‍ഷ്യല്‍ ആര്‍ട്സിലൂടെ ലോകത്തെ പ്രകമ്പനംകൊള്ളിച്ച ബ്രൂസ് ലീ മരിച്ചതും 32-ാം വയസ്സില്‍. ജൂത കൂട്ടക്കൊലകളുടെ കഥകള്‍ കുറിപ്പുകളിലൂടെ ലോകത്തെ അറിയിച്ചശേഷമാണ് 15-ാം വയസ്സില്‍ ആന്‍ഫ്രാങ്ക് വിടപറയുന്നത്. കരീബിയന്‍ സംഗീതത്തെ ലോകഹിറ്റാക്കി മാറ്റിയ ബോബ് മാര്‍ലിയുടെ ആയുസ്സ് 36 വര്‍ഷം മാത്രമായിരുന്നു. അതിവേഗത്തിന്റെ ഭേദിക്കപ്പെടാത്ത ലോകറെക്കോഡുകള്‍ സൃഷ്ടിച്ച അമേരിക്കന്‍ ഓട്ടക്കാരി ഫ്‌ളോറന്‍സ് ഗ്രിഫ്ത്ത് ജോയ്നര്‍ 38-ാം വയസ്സില്‍ ലോകം വിട്ടുപോയി.

ഇതൊക്കെ വെച്ച് നോക്കിയാല്‍ ദൈവം മാറഡോണയ്ക്ക് ബോണസ് പോയന്റുകള്‍ നല്‍കിയിരിക്കണം. വിശ്വവിജയിയായ ശേഷം സര്‍വത്ര അരാജകജീവിതം നയിച്ച താരം 60 വയസ്സ് വരെ ജീവിച്ചത് അദ്ഭുതമാണ്. പലവട്ടം മരണത്തിന്റെ വക്കില്‍നിന്ന് ദൈവം തന്റെ ഇഷ്ടക്കാരനെ തിരിച്ചുകൊണ്ടുവന്നിരുന്നു.

ജീവിതാന്ത്യം വരെയും വിവാദനായകനായിരുന്നു ഡീഗോ. ഒന്നാം ചരമവാര്‍ഷികത്തലേന്നും അദ്ദേഹത്തിനെതിരേ ലൈംഗികാരോപണമുണ്ടായി. മരുന്നടിയുടെ പേരില്‍ ഒരു ലോകകപ്പില്‍ നിന്ന് പടിയിറക്കിവിട്ടു. ആരും തകര്‍ന്നുപോകാവുന്നവിധം കുമിഞ്ഞുകൂടിയ ആരോപണങ്ങള്‍. പക്ഷേ, ഡീഗോ വീണില്ല. അതൊരു മേന്‍മയായ് ഒരിക്കലും പറയാവുന്നതല്ല. പക്ഷേ, എന്തുകൊണ്ട് അയാള്‍ അതിജീവിച്ചു, എങ്ങനെ ഇതൊന്നും സ്പര്‍ശിക്കാതെ കടന്നുപോയി, ലോകത്തിന്റെ ആരാധാനാപാത്രമായി തുടര്‍ന്നു? ആ മനുഷ്യന്‍ ഒറ്റക്കൊരു ലോകകപ്പ് ജയിച്ചതുതന്നെ കാരണം. അത് ലോകത്തെ ത്രസിപ്പിച്ച വിജയമായിരുന്നു. അതിനെ വെല്ലുന്ന ഒരു വിജയവും അലക്സാണ്ടര്‍ ചക്രവര്‍ത്തി പോലും നേടിയിട്ടില്ല.

മാറഡോണയില്ലാത്ത ഒരു വര്‍ഷം ലോകത്തിന് എന്ത് സംഭവിച്ചു? ലോകം സാധാരണപോലെ ഒഴുകി. ജീവിച്ചിരുന്നപ്പോള്‍ ഭൂമിയിലെ ഏറ്റവും പ്രസിദ്ധനായ മനുഷ്യനായിരുന്നു മാറഡോണ. നിശ്ശബ്ദമായ ഒരു നൊമ്പരമായി ആ മഹാപ്രതിഭ ആരാധകരുടെ മനസ്സില്‍ ജീവിക്കുന്നു. പക്ഷേ, എത്രകാലം? അഞ്ഞൂറുവര്‍ഷം കഴിഞ്ഞാല്‍, സാഹിത്യത്തില്‍ വില്യം ഷേക്സ്പിയറിനുള്ള സ്ഥാനം കായികരംഗത്ത് മാറഡോണയ്ക്കുമുണ്ടാവും. ആയിരമോ രണ്ടായിരമോ വര്‍ഷം കഴിഞ്ഞാലോ? ഉത്തരമില്ല. ഓരോ നൂറുവര്‍ഷം കൂടുമ്പോഴും ഭൂമിയിലെ മനുഷ്യരപ്പാടെ മാറ്റപ്പെടുന്നു.

ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവുമില്ലാതെ മഹാഭൂരിപക്ഷവും മണ്‍മറഞ്ഞുപോകുന്നു. ഡീഗോ മാറഡോണ ഇനിയും എണ്ണമറ്റ തലമുറകളിലൂടെ ജീവിക്കും. ആ മഹാപ്രതിഭയ്ക്ക് ഒന്നാം ചരമവാര്‍ഷികദിനത്തില്‍ പ്രണാമം.

Content Highlights: Tribute to football legend diego maradona

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram