maradona
അര്‍ജന്റീന ടീമിലേക്ക് ഇഷ്ടം കയറുന്നത് മാറഡോണയുടെ കളി കണ്ടാണ്. നെഞ്ചുപെടപ്പിക്കണ കളിയല്ലേ.. പന്തുമായി എതിര്‍ഹാഫിലേക്കുള്ള കയറ്റത്തിനൊരു ചന്തവും താളവുമുണ്ട്. വെറൊരാളിലും നമുക്കത് കാണാന്‍ കഴിയില്ല. കളിക്കളത്തിന് പുറത്ത് മാറഡോണ എന്തോ ആയിക്കോട്ടെ പന്ത് കാലിലുണ്ടെങ്കില്‍ ദൈവംപോലെ തന്നെയാണ്.
ഒരുവര്‍ഷം എത്രപെട്ടെന്നാണ് പോയത്. പെട്ടെന്നല്ലേ മരണം കൂട്ടിക്കൊണ്ടുപോയത്. ശരിക്ക് ഷോക്കായിരുന്നു. മാറഡോണയില്ലാത്ത ഫുട്ബോള്‍ലോകത്തേക്ക് മനസ്സ് തിരികെയെത്താന്‍ കുറച്ച് ദിവസങ്ങളെടുത്തു. ഫുട്ബോളില്‍ നല്ല കളിക്കാര്‍ ഇഷ്ടംപോലെയുണ്ട്. ഇനിയും കുറേപേര്‍ വരും. ഇപ്പോതന്നെ മെസ്സിയും ക്രിസ്റ്റ്യാനോയുമൊക്കെയുണ്ട്. എന്നാല്‍ നമ്മളെ വലിച്ചടുപ്പിക്കാന്‍ കഴിയുന്ന താരം ഉണ്ടാകുമോയെന്ന് സംശയമാണ്. മാറഡോണ അതായിരുന്നു.
അര്‍ജന്റീനയുടെ കളി കാണുമ്പോഴൊക്കെ മാറഡോണയെ ഓര്‍മവരും. അന്നത്തെ ഫീലൊന്നും ഇപ്പോ ടീമിന്റെ കളികാണുമ്പോള്‍ കിട്ടുന്നില്ല. ഇടയ്ക്ക് യുട്യൂബില്‍ സ്‌കില്ലുകളൊക്കെ കാണും. ചില പഴയ കളികളുടെ വീഡിയോയും കാണാറുണ്ട്.
അന്ന് കണ്ണൂരില്‍ വന്നപ്പോള്‍ ഒപ്പം പന്ത് തട്ടിയത് മനസ്സിലിപ്പോഴും കൂടെയുണ്ട്. ഇപ്പോഴും മാറഡോണ മരിച്ചെന്ന് വിശ്വസിക്കാനൊരു പ്രയാസമാണ്. അത്രയെളുപ്പമൊന്നും താരത്തിന്റെ ഓര്‍മകള്‍ ഈ ലോകത്തുനിന്ന് പോകില്ല.
Content Highlights: Indian football legend IM Vijayan remember moments with Maradona