Photo: AFP
1986-ലെ മെക്സിക്കോ ലോകകപ്പില്‍ ഒരേ കളിയിലാണ് ഡീഗോ മാറഡോണ തന്റെ ഏറ്റവും പ്രശസ്തമായ രണ്ടു ഗോളും നേടിയത്. 90 മിനുട്ടിനുള്ളില്‍ ഇതു രണ്ടും സാധിച്ച മറ്റൊരു കളിക്കാരനുണ്ടാവില്ല. മാറഡോണയുടെ കളിയെയും ജീവിതത്തെയും ചുരുക്കിപ്പറഞ്ഞു തന്ന ഒരു മൂഹൂര്‍ത്തമായി വേണമെങ്കില്‍ അതിനെ കാണാം. ഒരു പങ്ക് കറുപ്പും ഒരു പങ്ക് വെളുപ്പും. ക്വാര്‍ട്ടര്‍ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഗോള്‍ ദൈവസഹായത്തോടെ നേടിയാതാണെന്ന് ലജ്ജയില്ലാതെ പറഞ്ഞത് വളരെ പ്രശസ്തം. ദൈവം അവിടെ ഇടപെട്ടിട്ടില്ലെന്ന് കരുതുന്നവരാണ് ഒട്ടനവധി പേര്, വിശേഷിച്ചും ഇംഗ്ലീഷുകാര്‍.
'ഇംഗ്ലണ്ടിന് ഇത് പക്ഷേ ചെകുത്താന്റെ കയ്യായിപ്പോയി' എന്നാണ് പ്രശസ്ത ഫുട്ബോള്‍ ലേഖകനായ ബ്രയന്‍ ഗ്ലാന്‍വില്‍ എഴുതിയത്. അതാണ് സത്യം. കാലുകള്‍ പക്ഷെ ദൈവം സമ്മാനിച്ചതു തന്നെയാണ്. മറ്റുള്ളവര്‍ക്ക് ഒരു പന്തിന് മേല്‍ കൈകൊണ്ട് ചെയ്യാവുന്ന അതേ കാര്യങ്ങള്‍ മാറഡോണയ്ക്ക് തന്റെ ഇടതു പാദം കൊണ്ട് ചെയ്യാനാവും. അപ്പോള്‍ അത് ദൈവം സമ്മാനിച്ചതായിരിക്കണമല്ലോ. കൈയുടെ കാര്യം, ജീവിതത്തിലെ കറുത്ത പങ്കെന്നതു പോലെ സംശയത്തിന്റെ നിഴലിലാണ്. 'രണ്ടാമത്തെ ഗോള്‍ അത്ഭുതകരം, ഏതാണ്ട് കാല്പ്പനികം. ഡ്രിബ്ലിങ് അത്ര മേല്‍ പ്രചാരത്തിലുണ്ടായിരുന്ന ഏതോ കാലത്ത് ഏതെങ്കിലും സ്കൂള്‍ കുട്ടിയായ ഒരു വീരനായകനോ അല്ലെങ്കില്‍ വിദൂരതയിലുള്ള ഏതോ കൊറിന്ത്യനോ അടിച്ചേക്കാവുന്ന ഒന്ന്. യുക്തിപൂര്‍ണമായ, യുക്തിയാല്‍ ഭരിക്കപ്പെടുന്ന നമ്മുടേതു പോലുള്ള ഒരു കാലത്തേക്ക് യോജിച്ചതല്ലേയല്ല അത്. റ്റെറോഡക്ടൈല്‍ എന്ന പറക്കുന്ന ഉരഗത്തെപ്പോലെ ഡ്രിബ്ലര്ക്ക് ഏതാണ്ട് വംശനാശം വന്നു എന്ന് തോന്നിക്കുന്ന ഒരു കാലം' എന്ന് ഗ്ലാന്‍വില്‍ തന്നെ പ്രശസ്തമായ ആ രണ്ടാം ഗോളിനെക്കുറിച്ചും പറയുന്നു.
ആ ഗോളിനെക്കുറിച്ചുള്ള ഒരു റേഡിയോ വിവരണം നാടകീയവും നിറങ്ങള്‍ ആവോളം ചാലിച്ചതുമാണ്. ഒരുപക്ഷേ ഇത്തരം ഒരു വാക്പ്രവാഹത്തിലൂടെയേ അത് വിവരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. 'പന്ത് ഇപ്പോള്‍ ഡീഗോവിന്റടുത്തേക്ക്. ഇപ്പോള്‍ അയാള്‍ക്കത് കിട്ടിയിരിക്കുന്നു. രണ്ടു പേര് അയാളെ മാര്‍ക്ക് ചെയ്യുന്നുണ്ട്. മാറഡോണ പന്തിന് മേല്‍ കാല്‍വെക്കുന്നു. ലോക ഫുട്ബോളിലെ ജീനിയസ് വലത്തോട്ട് നീങ്ങുന്നു. അവിടെത്തന്നെ നിന്നു പോയ അവരെ അയാള്‍ പിന്നിലാക്കിയിരിക്കുന്നു. അതിപ്പോള്‍ ബൂറൂച്ചാഗയ്ക്ക് പാസ് ചെയ്യും... ഇപ്പോഴും മാറഡോണ തന്നെ. ജീനിയസ്, ജീനിയസ്. ഗോള്‍... ഗോള്‍... എനിക്ക് കരയാന്‍ തോന്നുന്നു... പ്രിയ ദൈവമേ എന്തൊരു ഗോള്‍. ഡീഗോ മാറഡോണ, ക്ഷമിക്കുക. കണ്ണില്‍ കണ്ണീര് നിറയുന്നു. മാറഡോണ അവിസ്മരണീയമായ ഒരു ഓട്ടത്തില്‍, എല്ലാകാലത്തേക്കുമുള്ള ഒരു നീക്കത്തില്‍ ..... വിരിഞ്ഞ നെഞ്ചുള്ള കോസ്മിക് പ്രതിഭാസം. ഏത് ഗ്രഹത്തില്‍ നിന്ന് വന്നാണ് അയാള്‍ കുറെ ഇംഗ്ലീഷുകാരെ തന്റെ വഴിയില്‍ പിന്നിലാക്കിയത്, അര്‍ജന്റീന 2, ഇംഗ്ലണ്ട് 0'. അര്‍ജന്റീന ടെലിവിഷനിലെ വിക്ടര്‍ ഹ്യൂഗോ മൊറാലെസ് ഇവ്വിധം അത് അടയാളപ്പെടുത്തിയിരിക്കുന്നു. മറുപക്ഷത്തിന് അഥവാ ലോകത്തിന് അത് അംഗീകരിക്കുയല്ലേ വഴിയുള്ളൂ.
ലോകകപ്പ് ടൂര്‍ണമെന്റ് കണ്ട് വിലയിരുത്താന്‍ നിയുക്തരായ, മുന്‍ താരങ്ങളും പരിശീലകരും അടങ്ങുന്ന ടെക്നിക്കല്‍ സ്റ്റഡി ഗ്രൂപ്പ് (ടി എസ് ജി )എന്നു പറയുന്ന സംഘം മാറഡോണയുടെ കളി അടയാളപ്പെടുത്തിയിട്ടുണ്ട്്. ആക്രമിക്കുന്ന മിഡ്ഫീല്‍ഡറെന്ന നിലയില്‍ മാറഡോണ സംഭവഗതിയില്‍ വലിയ പങ്കു വഹിക്കുന്നുവെന്നും അതിന്റെ താളമെന്തെന്ന് നിശ്ചയിച്ച് നിയന്ത്രിക്കുകയും ചെയ്യുന്നുവെന്ന് ടി എസ് ജി വിലയിരുത്തുകയുണ്ടായി. അതായത് മാറഡോണയാണ് മേള പ്രമാണി.
സ്പെഷല്‍ ഇഫക്ടുകള്‍
വളരെ വിശദമായിത്തന്നെ അദ്ദേഹത്തിന്റെ കളിയെ കമ്മിറ്റി വിലയിരുത്തുന്നുണ്ട്. വിശദവും സംശയം അവശേഷിപ്പിക്കാത്തതുമായ ഒരു നിരീക്ഷണമായതുകൊണ്ട് അത് എടുത്തെഴുതുന്നതാണ് ഭംഗി. കളിയുടെ രണ്ടു വശങ്ങളുടെ; ഗോളിന് വഴിയൊരുക്കുക, അത് നേടുക എന്നതിന്റെ ആചാര്യനാണ് മാറഡോണ. പ്രതിരോധനിരകള്‍ക്ക് അവരുടെ പ്രയത്നം അദ്ദേഹം ക്ലേശകരമാക്കുന്നു. വേഗം പെട്ടെന്ന് വര്‍ധിപ്പിക്കാനുള്ള ശേഷി അപാരമാണ്. അദ്ദേഹത്തിന് കളി പെട്ടെന്ന് മനസ്സില്‍ രൂപപ്പെടുന്നു. അതില്‍ അദ്ഭുതത്തിന്റെ അംശങ്ങള്‍ സദാ ഉണ്ടാവും. ഡ്രിബിള്‍ ചെയ്യുക വളരെ ഇഷ്ടം. നിര്‍ത്തുക, മുന്നേറുക എന്നൊരു രീതി. പന്തിന് മേല്‍ സ്പെഷല്‍ ഇഫക്ടുകള്‍ പ്രയോഗിക്കും. നീണ്ട പാസ്സുകള്‍ അപൂര്‍വമാണ്.
പ്രധാനമായും ഇടതു കാല് കൊണ്ട് നടത്തുന്ന ഡ്രിബ്ലിങ്ങിന്റെ മികവിലാണ് അദ്ദേഹത്തിന്റെ ശക്തി കുടികൊള്ളുന്നത്. എന്നാല്‍ എതിരാളിയെ പൂച്ച എലിയെ കളിപ്പിക്കുന്നതു പോലുള്ള പരിപാടിയൊന്നുമല്ല അത്. നല്ല വേഗത്തില്‍ എതിരാളിയെ മറികടന്ന് പോവുക തന്നെയാണത്. ശരീരത്തോട് പന്ത് ചേര്‍ത്തു നിര്‍ത്തും. ഡിഫന്‍ഡറുടെ നേര്‍ക്ക് അങ്ങോട്ട് ചെല്ലും. പന്തിന്റെ ഗതി മാറ്റാതെ തന്നെ ശരീരത്തിന്റെ മേല്‍ ഭാഗം കൊണ്ട് വഴിതെറ്റിക്കാന്‍ ശ്രമിക്കും. ഏറ്റവും നല്ല പാസ് എങ്ങോട്ടായിരിക്കുമെന്ന് മണത്തറിയാനുള്ള ബുദ്ധി ശേഷി കൊണ്ട് അദ്ദേഹം മനസ്സിലാക്കുന്നു. വേഗതയും ശക്തിയും കൊണ്ട് അദ്ദേഹം എതിരാളിയെ മറികടന്നു പോകുകയാണ്. ഇതെല്ലാം എളുപ്പത്തിലാണെന്ന് നമുക്ക് തോന്നും.
സോണ്‍ ഡിഫന്‍സിനെതിരെ അദ്ദേഹം സൃഷ്ടിക്കുന്ന ഉയര്‍ന്ന കൊട്ടിക്കയറല്‍ വളരെ പ്രയോജനം ചെയ്യുന്നു. മാന്‍ ടു മാന്‍ ഡിഫന്‍സാണെങ്കില്‍ എതിരാളിയും അതേ ടെംപോ സൂക്ഷിക്കാന്‍ പരിശ്രമിക്കുന്നു. പക്ഷെ സോണ്‍ ഡിഫന്‍സാണെങ്കില്‍ അവര്‍ നിന്നിടത്തു തന്നെ നില്ക്കുന്നതായി തോന്നും. അവരുടെ നീക്കങ്ങള്‍ മിക്കപ്പോഴും പതുക്കെയാവുന്നു. ഫൗള്‍ ചെയ്യാതെ പന്ത് പിടിച്ചെടുക്കുക എതിരാളിക്ക് പ്രയാസകരമാവുന്നു. മാറഡോണയാകട്ടെ വേഗത സദാ മാറ്റിക്കൊണ്ടിരിക്കും. ഡിഫന്‍ഡര്‍ അദ്ദേഹത്തിന് ഒപ്പത്തിനൊപ്പമാണെങ്കില്‍ മാറഡോണ ഒന്ന് സംശയിച്ചു നില്‍ക്കുകയും പിന്നെ കാറ്റു പോലെ അയാളെ കടന്നു പോവുകയും ചെയ്യും. സൂത്രപ്പണികള്‍, കബളിപ്പിക്കലുകള്‍ എന്നതിനേക്കാളേറെ വേഗതയുടെയും ഗതിയുടെയും സൂക്ഷ്മമായ മാറ്റങ്ങളാണ് അദ്ദേഹത്തിന്റെ ഡ്രിബ്ലിങ്ങിനെ തടുക്കാന്‍ കഴിയാത്ത അത്രയും ശക്തമായ ഒരായുധമായി മാറ്റുന്നത്. ഒരു കളിക്കാരനെക്കുറിച്ചാണോ അതോ ഏതെങ്കിലും അതീത ശക്തിയെക്കുറിച്ചാണോ ഇത് പറയുന്നതെന്ന് സംശയം തോന്നാം.
കൈവിട്ട കളികള്‍
മാറഡോണ ക്ലബ്ബ് മല്‍സരങ്ങളിലും ലോകകപ്പ് മല്‍സരങ്ങളിലും മോശമായി കളിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ മോശമായ പെരുമാറ്റം കാരണം ചീത്തപ്പേര് ധാരാളം കേള്‍പ്പിച്ചിട്ടുമുണ്ട്. കൊക്കെയ്ന്‍ ഉപയോഗവും വന്യമായ ജീവിതവും കാരണം എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയുമുണ്ടായിട്ടുണ്ട്. മാധ്യമങ്ങളുടെയും ക്ലബ്ബ് ഉടമസ്ഥരുടെയും കാണികളുടെയും നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങാതെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ജീവിക്കാനുള്ള ത്വര മാറഡോണയ്ക്ക് ഉണ്ടായിരുന്നു എന്ന് അധികൃതരുമായുള്ള സംഘര്‍ഷങ്ങള്‍ വ്യക്തമാക്കുന്നു. ഫുട്ബോളിന്റെ കാട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു വന്ന ഒരാളാണ് മാറഡോണയെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും സഹകളിക്കാരനുമായിരുന്ന വള്‍ഡാനോ പറയുകയുണ്ടായി. പക്ഷെ അതെന്തായിരുന്നാലും നിയമരാഹിത്യത്തിന് അത് ന്യായമാവുന്നില്ല എന്നത് വാസ്തവമാണ്.

1982-ലെ ലോകകപ്പില്‍ ബ്രസീലുമായുള്ള മല്‍സരത്തില്‍ എതിരാളിയായ ബറ്റീസ്റ്റയെ ചവിട്ടിയതിന് മാറഡോണ പുറത്താക്കപ്പെട്ടു. വാസ്തവത്തില്‍ ബ്രസീലിന്റെ മിഡ്ഫീല്‍ഡില്‍ നിന്ന് പാസ്സുകള്‍ സദാ അയച്ചിരുന്ന ഫല്‍ക്കാവോവിനെ ചവിട്ടാനായിരുന്നുവത്രെ ലക്ഷ്യമിട്ടിരുന്നത്. 1990-ല്‍ അര്‍ജന്റീന വീണ്ടും ഫൈനലിലെത്തിയെങ്കിലും മാറഡോണയുടെ ശാരീരികസ്ഥിതി അത്ര മെച്ചമായിരുന്നില്ല. ഫൈനലില്‍ ഇത് തെളിഞ്ഞു കണ്ടു. 1994-ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പിനിടെ നിരോധിത വസ്തു ഉള്ളില്‍ ചെന്നതായി കണ്ടു പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് മാറഡോണ ടൂര്‍ണമെന്റില്‍ നിന്നു തന്നെ പുറത്തായി.
ക്ലബ്ബ് ജീവിതകാലത്തും ഇത്തരം സംഘര്‍ഷങ്ങള്‍ പതിവായിരുന്നു. ബാഴ്സലോണയില്‍ നിന്ന് നാപ്പോളിയിലേക്ക് മാറാനുള്ള ഒരു കാരണം ഇതായിരുന്നു. ബാഴ്സലോണയ്ക്ക വേണ്ടിയിരുന്നത് മാറഡോണയുടെ കളിയായിരുന്നു. അദ്ദേഹത്തിന്റെ ജീവിതശൈലിയൊ പത്രങ്ങളില്‍ തെറ്റായ കാര്യങ്ങളുടെ പേരില്‍ കയറിപ്പറ്റമാനുള്ളു വാസനയോ ആയിരുന്നില്ല. കണക്കില്ലാത്ത മല്‍സരങ്ങളില്‍ കളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായി മാറഡോണ പരാതി പറഞ്ഞിരുന്നു.
മാറഡോണയുടെ ബാഴ്സയും അത്ലറ്റിക് ബില്‍ബാവോവും തമ്മിലുള്ള ഏതാനും മല്‍സരങ്ങള്‍ അതിലെ അക്രമസ്വഭാവം കൊണ്ട് വളരെ ശ്രദ്ധേയമായി കലാശിക്കുകയുണ്ടായി.1983 സീസണില്‍ ബാഴ്സ കോച്ച് മെനോട്ടിയും ബില്‍ബാവോവിന്റെ പരിശീലകന് ഹാവിയര്‍ ക്ലമന്റെയും തമ്മില്‍ താന്താങ്ങളുടെ ശൈലിയെ സംബന്ധിച്ച് വലിയ തര്‍ക്കം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നൗകാമ്പില്‍ വെച്ച് ബാഴ്സ അത്ലറ്റിക്കിനെ സ്വീകരിച്ചത്. ബാഴ്സ മൂന്നു ഗോളിന് മുന്നില്‍ നില്‍ക്കെ ആന്റണി ഗോയ്കെക്സിയ മാറഡോണയെ ഭീകരമായി ചവിട്ടി പരിക്കേല്‍പ്പിച്ചു. കണങ്കാലിനേറ്റ പരിക്ക് സുഖപ്പെടാന്‍ മൂന്നുമാസമെടുത്തു. ഗോയ്കെക്സിയ ഇതോടെ 'ബില്‍ബാവോവിലെ അറവുകാരന്' (ബുച്ചര്‍ ഓഫ് ബില്‍ബാവോ) എന്ന പേരില്‍ കുപ്രസിദ്ധനായി. രണ്ടാം മല്‍സരത്തില്‍ മാറഡോണ പരിക്കില്‍ നിന്ന് മോചിതനായി ഇറങ്ങുകയും ബില്ബാവോവിനെ 2-1 ന് തോല്‍പ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്തു. കളിയില്‍ അമ്പത് ഫൗളുകളുണ്ടായി. ആ സീസണില്‍ ബില്‍ബാവോ ആയിരുന്നു ചാമ്പ്യന്മാര്.
1984-ലെ കോപ്പ ഡെല്‍ റെ ഫൈനലില്‍ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുന്നു. കിങ്സ് കപ്പ് മല്‍സരം കാണാന്‍ മഡ്രിഡിലെ സാന്റിയാഗോ ബെര്‍ണാബ്യൂ സ്റ്റേഡിയത്തില്‍ സ്പാനിഷ് രാജാവും സന്നിഹിതനായിരുന്നു. കളി ബില്‍ബാവോ ജയിച്ചു. പക്ഷേ കളി തീര്‍ന്നപ്പോള്‍ ഒരു യുദ്ധം തന്നെ നടന്നു. എതിര് നിരയിലെ സബ് കളിക്കാരനായ മിഗ്വല്‍ ഏഞ്ചല്‍ സോള, മാറഡോണയെ നോക്കി അശ്ലീല ആംഗ്യം കാണിക്കുന്നു. സോളയുടെ മുഖത്തിട്ട് ഒറ്റ ചവിട്ടാണ് മാറഡോണയുടെ ഭാഗത്തു നിന്നുണ്ടായത്. പിന്നീട് നടന്നത് കൂട്ടത്തല്ലായിരുന്നു. അതിന്റെ പേരില്‍ മാറഡോണയ്ക്ക് മൂന്നു മാസത്തെ സസ്പെന്‍ഷനും കിട്ടി.
ബാഴ്സലോണയിലെ സംഘര്‍ഷഭരിതമായ ഈ വാസത്തിനു ശേഷമാണ് മാറഡോണ നാപ്പോളിയിലേക്ക് മാറിയത്. ക്ലബ്ബ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം അവിടെ അദ്ദേഹം എത്തിപ്പിടക്കുന്നു. അതിനു മുമ്പ് ലീഗ് കിരീടം നേടിയിട്ടില്ലാത്ത നാപ്പോളിയെ മാറഡോണ രണ്ടു തവണ ലീഗ് വിജയത്തിലേക്കും ഒരു തവണ യൂവേഫ കപ്പ് വിജയത്തിലേക്കും നയിക്കുകയുണ്ടായി. നല്ല കളിക്കാരായി ഏതാനും പേര് ഒപ്പമുണ്ടായിരുന്നുവെങ്കിലും ഇടത്തരം ക്ലബ്ബായിരുന്നു നാപ്പോളി. പണം ഒരു ക്ലബ്ബിന് നല്കുന്ന ആനുകൂല്യം മാത്രമല്ല, അത് സുപ്രധാനമായ ഘടകം തന്നെയായ ഒരു കാലത്ത് മാറഡോണ നേപ്പിള്‍സിലേക്ക് കൊണ്ടു വന്ന നേട്ടം അദ്ദേഹത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണെന്ന് പ്രസിദ്ധ ഫുട്ബോള്‍ ലേഖകനായ ജൊനാതന്‍ വില്‍സണ്‍ കണക്കാക്കുന്നു.
മാറഡോണയ്ക്ക് തന്റെ ചുറ്റുവട്ടത്ത് വമ്പന്‍ കളിക്കാര്‍ വേണമെന്നില്ല. 1986-ല്‍ ലോകകപ്പ് നേടിയ ടീമില്‍ മിഡ്ഫീല്‍ഡര്‍ ബുറൂച്ചാഗ, ഫോര്‍വേഡ് ജോര്‍ഗ് വള്ഡാനൊ എന്നിവരെപ്പോലെ മികച്ച ഏതാനും കളിക്കാരുണ്ടായിരുന്നുവെങ്കിലും 1958-ലും 1970-ലും ലോകകപ്പ് നേടിയ ബ്രസീല്‍ ടീമുകളെപ്പോലെ സമൃദ്ധമായ വാസനാശേഷിയുള്ള കളിക്കാര്‍ കുറവായിരുന്നു. പക്ഷെ മറ്റൊന്നുണ്ട്. ഏത് വിഷമസന്ധിയിലും പന്ത് ധൈര്യപൂര്‍വം ഏല്‍പ്പിക്കാവുന്ന ആളായിരുന്നു മാറഡോണ. തന്റെ ചുറ്റും ഗംഭീരന്മാരായ ഒരു സംഘം പൊതിഞ്ഞു നില്‍ക്കണമെന്നില്ല; തന്റെ വൈഭവം കൊണ്ടും വിദ്യകളും സൂത്രപ്പണികളും കൊണ്ട് പ്രചോദിപ്പിക്കാനാവുന്ന ഒരു കൂട്ടം കളിക്കാര്‍, മേളപ്രമാണിയായി താനും, അതു മതി അദ്ദേഹത്തിന്. മാറഡോണയെ ഇത് മറ്റുള്ളവരില്‍ നിന്ന് വ്യത്്സ്തനാക്കുന്നു. ഇതിനര്‍ഥം ഫുട്ബോള്‍ ചരിത്രത്തില്‍ സമശീര്‍ഷരായ മറ്റു കളിക്കാരെക്കാള്‍ മാറഡോണ മേലെയൊ താഴെയൊ എന്നതല്ല. പക്ഷെ മൈതാനത്ത് പ്രയോഗിക്കേണ്ടത് എന്ത് എന്നതിനെക്കുറിച്ചുള്ള ജ്ഞാനം മാറഡോണക്കുണ്ടായിരുന്നു. മറ്റൊരു തരത്തില്‍ ക്രൈഫിനെ ഈ ഗുണം ഉണ്ടായിട്ടൂള്ളൂ എന്ന് ജൊനാതന്‍ വില്സന്.
നാപ്പോളി അത്ര മോശം ടീമായിരുന്നില്ല. ഇറ്റലി ദേശീയ ടീമിന് ശ്രദ്ധേയമമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഏതാനും പേര് മാറഡോണയുടെ ചുറ്റുമുണ്ടായിരുന്നു. മുന്‍ നിരയില്‍ ആന്ദ്രിയ കര്ണവാലിയും ബ്രൂണോ ഗിയാര്ഡാനോയും. മിഡ്ഫീല്‍ഡില്‍ ഫെര്‍ണാണ്ടോ ഡിനാപ്പോളി, സാല്‍വറ്റോറെ ബാഗ്നി, പിന്‍നിരയില്‍ സിറൊ ഫെറാറ അങ്ങനെ ചിലര്‍. 1986-87-ല്‍ ആദ്യ ലീഗ് കിരീടം. പിറ്റേ വര്‍ഷം ബ്രസീലിന്റെ താരം കരേക്ക ടീമില്‍ ചേരുന്നു. ആ സീസണില്‍ നാപ്പോളി ചാമ്പ്യന്മാരായേക്കാവുന്ന ഒരു ഘട്ടത്തില്‍ പിന്നോട്ടടിച്ചത് നേപ്പിള്‍സിലെ ബെറ്റിംഗ് നിയന്ത്രിച്ചിരുന്ന ക്രിമിനല്‍ സംഘമായ കൊമറയുടെ ചരടുവലിമൂലമാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കൊമറയുമായി മാറഡോണയ്ക്ക് ബന്ധമുണ്ടായിരുന്നതായും പറയുന്നു. അതെന്തായാലും 88 -89-ല്‍ നാപ്പോളി യുവേഫ കപ്പും 89-90-ല്‍ രണ്ടാമതും ലീഗ് കിരീടവും നേടുന്നു. നേപ്പിള്സുമായി പിണങ്ങി പിന്നീട് സെവിയ്യയിലേക്കെത്തി മാറഡോണ.അവിടെ നിന്ന് തെറ്റി വീണ്ടും നാട്ടില്‍ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സ് വഴി ബൊക്കജൂനിയേഴ്സിലേക്ക്. 1995 വരെ മാറഡോണ അവിടെയുണ്ടായിരുന്നു.
മാറഡോണയുടെ കളിയെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ട് വന്നത് 1971 സപ്തംബര്‍ 8-ന് ക്ലാരിന് എന്ന ദിനപത്രത്തിലാണ്. ഡീഗോ കാരഡോണ എന്ന് പത്രം പേര് തെറ്റിയടിച്ചുവെങ്കിലും മറ്റൊന്നും തെറ്റുകയുണ്ടായില്ല. അര്‍ജന്റീനോസ് ജൂനിയേഴ്സും ഇന്ഡിപെന്റന്റെയും തമ്മിലുള്ള കളിക്കിടെ ഹാഫ് ടൈമില്‍ 10 വയസ്സുള്ള മാറഡോണ തന്റെ അഭ്യാസപാടവം പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആ ഇടതു കാല് ശ്രദ്ധിച്ച ക്ലാരിന് ലേഖകന്‍ ഭാവിപ്രവചനം നടത്തി. ഒപ്പം തന്നെ മറ്റൊന്നു കൂടി പറഞ്ഞു. 'ഇവനെക്കണ്ടാല്‍ ഒരു തുണ്ട് പാഴ്നിലത്തു നിന്നാണ് വരുന്നതെന്ന് തോന്നും.' വെള്ളമോ വെളിച്ചമോ ഇല്ലാത്ത ഒരു കുടില്‍ ജീവിതത്തില്‍ നിന്ന് യാത്ര പുറപ്പെട്ട മാറഡോണയ്ക്ക് ഒരു പക്ഷെ ഇങ്ങനെയാവാനേ പറ്റൂ.
(മാതൃഭൂമി സ്പോര്‍ട്സ് മാസികയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: diego maradona the soccer great and his anchoring role in pitch