Photo: Getty Images
ആര്‍ത്തിരമ്പുന്ന ആസ്റ്റക്കില്‍ അന്ന് ദൈവവും ചെകുത്താനും ഒന്നിച്ച് കളിക്കാനിറങ്ങി. ഒരേ കുപ്പായത്തില്‍, ഒരേ നമ്പറില്‍. രണ്ടു പേരും മത്സരിച്ച് കളിച്ചു. മത്സരിച്ച് ഗോളുമടിച്ചു. ആ രണ്ട് ഗോളുകള്‍ക്കും ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങളായിരുന്നു വിചിത്രം. ചെകുത്താന്‍ അടിച്ചത് നൂറ്റാണ്ടിന്റെ തട്ടിപ്പും ദൈവമടിച്ചത് നൂറ്റാണ്ടിന്റെ ഗോളുമായി.
ഐതിഹാസികമായ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ജന്റീനയ്ക്ക് ജയം സമ്മാനിച്ച ആ ഗോളുകള്‍ രണ്ടും ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയെങ്കിലും അന്ന് ജയിച്ചത് ദൈവമോ ചെകുത്താനോ എന്ന് ഇന്നും തീര്‍പ്പായിട്ടില്ല. സങ്കീര്‍ണമായ ഈ സമസ്യ തന്നെയാണ് അവസാനകാലം വരെ കളത്തിലും പുറത്തും ഒരേ സമയം ദൈവത്തിന്റെയും ചെകുത്താന്റെയും ദ്വന്ദ്വവ്യക്തിത്വം പേറിയ ഡീഗോ അരമാന്‍ഡ മാറഡോണയെന്ന ഇതിഹാസത്തെ സമാനതകളില്ലാത്തൊരു പ്രതിഭാസമാക്കുന്നത്. ഡീഗോയെന്ന സമസ്യയെ ഇഴകീറിയെടുക്കാന്‍ കാലത്തെ അതിജീവിച്ച ഈ ഇരട്ടഗോളുകള്‍ പോലെ മറ്റൊന്നില്ല.
രാഷ്ട്രീയവും രാജ്യതന്ത്രവും കലങ്ങിമറിഞ്ഞ ആശങ്കകളുടെ പ്രക്ഷുബ്ധമായ ആകാശത്തിന് കീഴിലാണ് 1986 ജൂണ്‍ ഇരുപത്തിയൊന്നിന് അര്‍ജന്റീനയും ഇംഗ്ലണ്ടും ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ നിറഞ്ഞുനിന്ന ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ നിന്നത്. ടുണീഷ്യന്‍ റഫറി അലി ബിന്‍ നാസര്‍ കിക്കോഫ് വിസിലൂതുമ്പോള്‍ ഇരുപത്തിരണ്ട് കളിക്കാര്‍ മാത്രമല്ല, തീര്‍ക്കാനുള്ള രണ്ട് വലിയ കണക്കുകള്‍ കൂടി അണിനിരന്നു അര്‍ജന്റീനയുടെ പുതിയ ഇളംനീലക്കുപ്പായത്തില്‍. ഇംഗ്ലീഷ് പടയോടേറ്റ രണ്ട് തോല്‍വികള്‍. ഒന്ന് നാലു വര്‍ഷം പഴക്കമുള്ള ഫോക്ലന്‍ഡസ് യുദ്ധത്തില്‍. മറ്റേത് ഇരുപത് വര്‍ഷം മുന്‍പ് വെംബ്ലിയില്‍ മറ്റൊരു ലോകകപ്പ് ക്വാര്‍ട്ടറില്‍. ഫോക്ലന്‍ഡിലെ രാഷ്ട്രീയയുദ്ധം മറന്നാലും വെംബ്ലിയില്‍ ക്യാപ്റ്റന്‍ അന്റോണിയോ റാറ്റിന്റെ വിവാദംനിറഞ്ഞ പുറത്താകല്‍ മറക്കാന്‍ ഒരുക്കമായിരുന്നില്ല അര്‍ജന്റൈന്‍ കളിയാരാധകര്‍. കണക്കുകള്‍ എണ്ണിയെണ്ണി പറയാന്‍ തന്നെയാണ് അവരന്ന് മെക്സിക്കോ സിറ്റിയിലെത്തിയത്.
പുറത്ത് ഹാലിളകിയ ആരാധകര്‍ ഏറ്റുമുട്ടിയെങ്കിലും വരാനിരിക്കുന്ന കൊടുങ്കാറ്റ് ഉള്ളിലൊളിപ്പിച്ച ആസ്റ്റക്കിന്റെ അകത്തളം ശാന്തമായിരുന്നു, അമ്പതാം മിനിറ്റ് വരെ. സകലതും അട്ടിമറിച്ച് അമ്പത്തിയൊന്നാം മിനിറ്റില്‍ ഡീഗോ തന്നെ്. ഒലാര്‍ട്ടിക്കോഷ്യയില്‍ നിന്ന് കിട്ടിയ പന്തുമായി ഹോഡിലിനെയും പീറ്റര്‍ റീഡിനയും ഫെന്‍വിക്കിനെയും മറികടന്നു. പിന്നെ ഡിയുടെ വക്കില്‍ വച്ച് ബുച്ചറെയും കെന്നി സാംസണെയും തന്നിലേയ്ക്ക് ആവാഹിച്ചുവരുത്തി വലതുപാര്‍ശ്വത്തില്‍ വാല്‍ഡാനോയ്ക്ക് ഒരു ഡയഗണല്‍ പാസ് നല്‍കി തിങ്ങിനിറഞ്ഞ ഇംഗ്ലീഷ് ഡിഫന്‍സിനിടയിലൂടെ ഓടിക്കയറുകയായിരുന്നു മാറഡോണ. അപകടമേഖലയില്‍ വാള്‍ഡാനോയില്‍ നിന്ന് പന്ത് റാഞ്ചിയ സ്റ്റീവ് ഹോഡ്ജ് അത് ഗോളി പീറ്റര്‍ ഷില്‍ട്ടന് പൊക്കി മറിച്ചുകൊടുത്തു. ഡിഫന്‍ഡറുടെ പാസ് ഗോളിക്ക് പിടിക്കാവുന്ന കാലം. ആറടിക്കാരന്‍ അതികായന്‍ ഷില്‍ട്ടണ്‍ കൈകള്‍ നീട്ടി പന്ത് പഞ്ച് ചെയ്യാനാഞ്ഞു. പക്ഷേ, വെടിയുണ്ട കണക്ക് ഓഫ് സൈഡ് കെണിയില്‍ നിന്ന് കുതറി ഓടിയെത്തി ഷില്‍ട്ടനൊപ്പം ചാടിയ അഞ്ചടി നാലിഞ്ചുകാരന്‍ മാറഡോണയാണ് വിജയിച്ചത്. ഷില്‍ട്ടനെ തോല്‍പിച്ച് പന്ത് വലയില്‍. കിക്കോഫ് വിസില്‍ മുതല്‍ മാറഡോണയെ എല്ലാ അര്‍ഥത്തിലും വേട്ടയാടിയ ഇംഗ്ലീഷ് പ്രതിരോധക്കാന്‍ ടെറി ഫിന്‍വിക്ക് ഓഫ്സൈഡിന് റഫറിയോട് തൊണ്ടകീറി തര്‍ക്കിക്കുമ്പോള്‍ സൈഡ് ലൈനില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു ഡീഗോ. ആവര്‍ത്തിച്ച ടെിവിഷന്‍ റീപ്ലേകളില്‍ അപാകതകളൊന്നും ആരുടെയും കണ്ണില്‍പ്പെട്ടില്ല. ബി.ബി.സി. കമന്റേറ്റര്‍മാരുടെ പോലും. പക്ഷേ, ഇംഗ്ലണ്ടിന്റെ പോസ്റ്റിന്റെ ഭാഗത്തിരുന്ന ചില മാധ്യമപ്രവര്‍ത്തകരെങ്കിലും അടക്കം പറഞ്ഞു. പണി പറ്റിച്ചത് ഡീഗോയുടെ തലയല്ല. കൈയാണ്. അപ്പൊഴേയ്ക്കും ലൈന്‍ റഫറിയോട് ആരാഞ്ഞ് അല്‍ നാസര്‍ ഗോളുറപ്പിച്ച് ലോങ് വിസില്‍ മുഴക്കിക്കഴിഞ്ഞു.
ലോകത്തിന്റെ കണ്ണില്‍ പെടാത്തപോയ ആ കളങ്കം മായ്ക്കാന്‍ വെറും നാല് മിനിറ്റേ വേണ്ടിവന്നുള്ളൂ മാറഡോണയെന്ന ദൈവത്തിന്. അമ്പത്തിനാലാം മിനിറ്റില്‍ മൈതാനമധ്യത്തില്‍ നിന്ന് മിഡ്ഫീല്‍ഡര്‍ ഹെക്ടര്‍ എന്റിക്ക് പന്ത് കൈമാറുമ്പോള്‍ വരാനിരിക്കുന്ന മഹാത്ഭുതത്തിന്റെ ചെറുലാഞ്ചന പോലമുണ്ടായിരുന്നില്ല. എല്ലാം സംഭവിച്ച വെറും പത്ത് സെക്കന്‍ഡിനുള്ളിതല്‍. ഇടങ്കാലില്‍ കൊടുത്തെടുത്ത പന്തുമായി ആദ്യം പീറ്റര്‍ ബിയേഡ്സ്ലിയെ. പിന്നെ പീറ്റര്‍ റീഡ്, അതുകഴിഞ്ഞ് രണ്ട് തവണ ടെറി ബുച്ചറെ. പിന്നെ ടെറി ഫെന്‍വിക്ക്. ഒടുവില്‍ മുന്നോട്ടുകയറിയ പീറ്റര്‍ ഷില്‍ട്ടനെ. ബോക്സിന്റെ ഇടത്തുനിന്ന് രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ വെടിയുണ്ട പോലെ പന്ത് വലയിലേയ്ക്ക് പറക്കുന്നത് അത്ഭുതത്തോടെയാണ് ലോകം കണ്ടുനിന്നത്. ഒരൊറ്റ ഗോളോടെ ചെകുത്താനില്‍ നിന്ന് ദൈവത്തിലേയ്ക്കുള്ളൊരു പരകായപ്രവേശം. കമന്ററി ബോക്സിലിരുന്ന് വിക്ടര്‍ ഹ്യൂഗോ മോറാലെസ് അന്ന് പൊട്ടിക്കരഞ്ഞു. ദൈവമേ ഞാന്‍ ഉറക്കെ കരയട്ടെ... പ്രിയപ്പെട്ട ഡീഗോ നിങ്ങള്‍ ഏത് ഗ്രഹത്തില്‍ നിന്നാണ് വന്നത്. നന്ദി ഡീഗോ അരമാന്‍ഡ മാറഡോണ. നന്ദി ദൈവമേ.. ഈ ഗോളിന്, ഈ ആനന്ദ കണ്ണീരിന്. ആ നിമിഷം പോലെ നിത്യഹരിയമായി മാറിയ കമന്ററിയില്‍ മോറാലെസ് മതി മറന്നു.
ഞങ്ങളൊരു മത്സരമല്ല, യുദ്ധം തന്നെയാണ് ജയിച്ചതെന്നാണ് ഒരൊറ്റ ഗോളുകൊണ്ട് ഇംഗ്ലീഷുകാര്‍ക്ക് ചെകുത്താനായി മാറിയ മാറഡോണ പ്രഖ്യാപിച്ചത്. റാറ്റിന്റെ പ്രതികാരമെന്ന് വേറെ ചിലര്‍ കഥ മെനഞ്ഞു. അന്ന് ടെറി ബുച്ചര്‍ക്കും കൂട്ടര്‍ക്കും ചങ്ക് തകര്‍ന്നതുപോലെ പിന്നീടൊരിക്കലും ഇംഗ്ലീഷ് ടീമിന് നിരാശ ഉണ്ടായിട്ടില്ല ലോകകപ്പിന്റെ ചരിത്രത്തില്‍. മാറഡോണയോടുള്ള പക അവര്‍ കാലങ്ങളോളം കെടാതെ കാക്കുകയും ചെയ്തു.
മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സ്വാഭാവികമായും വിവാദഗോളിനെക്കുറിച്ച് ചോദ്യമുയര്‍ന്നു. കുറച്ച് മാറേഡാണയുടെ തല കൊണ്ടും കുറച്ച് ദൈവത്തിന്റെ കൈകൊണ്ടും. വിഖ്യാതമായ ആ ഉത്തരം നല്‍കാന്‍ തെല്ലൊന്ന് ആലോചിക്കേണ്ടിപോലും വന്നില്ല ഡീഗോയ്ക്ക്. പില്‍ക്കാലത്ത് ഹാന്‍ഡ് ഓഫ് ഗോഡ് ഗോളെന്ന് ഫുട്ബോള്‍ ലോകം വിശേഷണം ചാര്‍ത്തിക്കൊടുത്ത ഈ ഗോളിന്റെ കള്ളി വെളിച്ചത്തുകൊണ്ടുവന്നത് മെക്സിക്കന്‍ ഫോട്ടോഗ്രാഫര്‍ അലസാന്‍ഡ്രോ ഒയേഡ കര്‍ബാജലാണ്. കര്‍ബാജലിന്റെ ഫ്ളാഷില്‍ ഷില്‍ട്ടനൊപ്പം ഉയര്‍ന്നു ചാടിയ ഡീഗോ ഇടങ്കൈ കൊണ്ട് പന്ത് കുത്തിയിടുന്നത് ലോകം കണ്ടു. ഇംഗ്ലണ്ട് ഒന്നടങ്കം ഇളകി. ഡീഗോയെ ചെകുത്താനെന്നു വിളിച്ചു. ആജീവനാന്ത ശത്രുവായി മുദ്രകുത്തി. ജീവിതാവസാനംവരെ വേട്ടയാടി.
പക്ഷേ, ഡീഗോ മാത്ര തെല്ലും കുലുങ്ങിയില്ല. അത് വഞ്ചനയല്ല. ചെറിയൊരു തന്ത്രം മാത്രം എന്ന് കുറ്റബോധമേതുമില്ലാതെ നെഞ്ചുവിരിച്ചുതന്നെ പറഞ്ഞുകൊണ്ടിരുന്നു. തലകുനിക്കുകയല്ല, വഞ്ചന കൊണ്ട് ജയിക്കാന്‍ കഴിയുന്ന യുദ്ധം ബലം പ്രയോഗിച്ച് ജയിക്കാന്‍ ശ്രമിക്കരുതെന്ന് മാക്കിവില്ലിയന്‍ തത്വത്തില്‍ നെഞ്ചുവിരിച്ച് അടിയുറച്ചുനില്‍ക്കുകയായിരുന്നു അന്ന് ഇറ്റാലിയന്‍ ക്ലബ് നപ്പോളിയുടെ ജീവാത്മാവായിരുന്നു ഡീഗോ.
വിവാദഗോളില്‍ മാറഡോണ കുറ്റബോധം നടത്തിയെന്ന് പലവട്ടം ഇംഗ്ലീഷ് മാധ്യമങ്ങള്‍ വാര്‍ത്ത നിരത്തി. അതിനെയൊക്കെ അതേ സ്വരത്തില്‍ പുച്ഛിച്ചുതള്ളുകയാണുണ്ടായത് ഡീഗോ. ആക്ഷേപങ്ങളെ അതേമട്ടില്‍ അലങ്കാരമാക്കി. ഇംഗ്ലീഷുകാര്‍ കല്ലെറിഞ്ഞുകൊണ്ടിരിക്കെ തന്നെ നാലു വര്‍ഷത്തിനുശേഷം അടുത്ത ലോകകപ്പില്‍ ഈ അപരാധം ആവര്‍ത്തിച്ചു ഡീഗോ. വീണ്ടുമൊരു ഹാന്‍ഡ് ഓഫ് ഗോഡ്. ഇക്കുറി പക്ഷേ, വല കുലുക്കാനല്ല. റഷ്യയ്ക്കെതിരേ സ്വന്തം വല കാക്കാനായിരുന്നുവെന്നു മാത്രം. ഇരു ടീമുകളും ഗോളിന് വേണ്ടി പൊരുതുമ്പോഴായിരുന്നു അത്. പോസ്റ്റിലേയ്ക്ക് ചെത്തിയിട്ട പന്ത് വലയിലേയ്ക്ക് പോകുമെന്ന് ഉറപ്പായിരുന്നു. പോസ്റ്റിന് മുന്നില്‍ വലങ്കൈ നീട്ടി മാറഡോണ അത് തട്ടി. റഷ്യക്കാര്‍ സ്വീഡിഷ് റഫറി എറിക് ഫ്രെഡറിക്സണെ വളഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഈ പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ജയിക്കുമായിരുന്നുവെന്ന് റഷ്യക്കാര്‍ പിന്നീട് പറഞ്ഞുകൊണ്ടിരുന്നു.
ട്രോഗ്ല്യോയും ബുറുച്ചാഗയും ഓരോ ഗോള്‍ വീതമടിച്ച് അര്‍ജന്റീന മത്സരം വിജയിച്ചു. ഈ പെനാല്‍റ്റി അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ ഞങ്ങള്‍ ജയിക്കുമായിരുന്നുവെന്ന് റഷ്യക്കാര്‍ പറഞ്ഞു. ആദ്യ മത്സരത്തില്‍ കാമറൂണിനോട് തോറ്റ ശരാശരിക്കാരായ അര്‍ജന്റീന പിന്നീട് ഫൈനല്‍ വരെ എത്തിയത് മറ്റൊരു ചരിത്രം.
Content Highlights: diego maradona the hand of god goal and the goal of the century against england in 1986