പന്തില്‍ നിറച്ച കാറ്റായിരുന്നു അദ്ദേഹത്തിന്റെ ജീവവായു; ദാഹിച്ചതൊക്കെയും ഗോളുകള്‍ക്ക് വേണ്ടിയും


അനീഷ് പി. നായര്‍

വിവാദങ്ങള്‍ വിട്ടൊഴിയാതെ പുറകെയുണ്ടെങ്കിലും പണ്ട് തട്ടിയ പന്തുകൊണ്ട് ഡീഗോ അതെല്ലാം മായ്ച്ചുകളയും. പന്ത് കാലില്‍നിന്നൊഴിഞ്ഞ പ്രതിഭയുടെ കലഹമായി കാലം അതിനെ വിലയിരുത്തുകയും ചെയ്യും

Photo: AFP

ളിക്കളത്തില്‍ അയാള്‍ മാന്ത്രികനായിരുന്നു. വശ്യമായ ചുവടുകളും വിട്ടുപിരിയാത്ത പന്തുമായി മുന്നേറിയ അയാള്‍ക്ക് മുന്നില്‍ മൈതാനങ്ങളുടെ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ടു, ഫുട്ബോള്‍ മനസുകള്‍ കീഴടങ്ങി.

ഡീഗോ മാറഡോണ കളിക്കളത്തില്‍ തീര്‍ത്തത് പ്രതിഭയുടെ ഒടുങ്ങാത്ത ഉന്‍മാദമായിരുന്നു. പന്ത് കിട്ടുമ്പോഴെല്ലാം വെട്ടിപ്പിടിക്കാനും ആനന്ദിപ്പിക്കാനും ഒരുപോലെ കഴിഞ്ഞു. പന്തുമായി എതിരാളിയെ മറികടക്കുന്നതിന് തെറ്റിപോകാത്ത താളമുണ്ടായിരുന്നു, പിഴക്കാത്ത കണക്കുണ്ടായിരുന്നു. പന്തില്‍ നിറച്ച കാറ്റായിരുന്നു ജീവവായു. ദാഹിച്ചതെല്ലാം ഗോളുകള്‍ക്ക് വേണ്ടിയായിരുന്നു.

കളിക്കളത്തില്‍ അയാളുടെ ലോകം പന്തിലേക്ക് ചുരുങ്ങി. കളിക്കുമ്പോള്‍ കാണികളെ ഉന്‍മാദികളാക്കിയെങ്കില്‍ കളത്തിന് പുറത്ത് അയാള്‍ ജീവിതം ആഘോഷിക്കുന്നതിന്റെ കളര്‍ചിത്രങ്ങളും വിഷാദത്തിലാഴ്ന്നുപോകുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളും ഒരുപോലെ ആരാധകര്‍ക്ക് നല്‍കികൊണ്ടിരുന്നു. പക്ഷേ അയാളുടെ എല്ലാ തെറ്റുകളും പൊറുക്കപ്പെട്ടുകൊണ്ടിരുന്നു. അല്ലെങ്കില്‍ പന്തുകൊണ്ട് ജീവിതത്തിലെ കുത്തിവരകള്‍ മായ്ച്ചുകളയുന്ന കുട്ടിയായി എപ്പോഴും മാറി. കളിക്കളത്തില്‍ ഡീഗോ നിരന്തരം വീഴ്ത്തപ്പെട്ടുകൊണ്ടിരുന്നെങ്കില്‍ പുറത്ത് അയാള്‍ സ്വയം വീഴുകയായിരുന്നു. മദ്യവും മയക്കുമരുന്നും വിവാദങ്ങളും നിഴല്‍പോലെ പിന്തുടര്‍ന്നു. തെറ്റി വീണുപോകുന്ന വാക്കുകളാല്‍ പലരും മുറിവേറ്റു.

15-ാം വയസില്‍ പ്രൊഫഷണല്‍ ഫുട്ബോളിലേക്കെത്തിയ മാറഡോണയും പ്രതിഭയും വിവാദവും അതിന്റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ തുടങ്ങുന്നത് ഒരേ മത്സരത്തിലാണന്നത് യാദൃശ്ചികം. 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 51-ാം മിനിറ്റില്‍ നേടിയ ഗോള്‍ കൈ കൊണ്ടായിരുന്നു. ദൈവത്തിന്റെ കൈയെന്ന് മാറഡോണ അതിനെ വിശേഷിപ്പിച്ചെങ്കിലും ഫുട്ബോള്‍ ഉള്ളകാലം അവരെ അവസാനിക്കാത്ത വിവാദത്തിനാണ് അന്ന് വിസില്‍ മുഴങ്ങിയത്. നാല് മിനിറ്റിന് ശേഷം 66 വാര അകലെ നിന്ന് അഞ്ച് ഇംഗ്ലണ്ട് താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഇംഗ്ലീഷ് ഗോളിയേയും മറകടന്ന് നേടിയ ഗോളോടെ തന്റെ പ്രതിഭയെന്തെന്ന് ലോകത്തിന് മുന്നില്‍ തെളിയിക്കാനുമായി. ആ രണ്ട് ഗോളുകളാണ് മറഡോണയുടെ രണ്ട് മുഖങ്ങളായി ഇന്നും നിലനില്‍ക്കുന്നത്.

ഫുട്ബോള്‍ ലോകത്ത് വിഹരിക്കുമ്പോഴും മാറഡോണ വിമര്‍ശിക്കപ്പെട്ടതും വിവാദചുഴിയില്‍ പലപ്പോഴും മുങ്ങിയതും മയക്കുമരുന്ന് ഉപയോഗം മൂലമായിരുന്നു. ബാഴ്സലോണക്ക് കളിക്കുന്ന കാലം മുതല്‍ നിയന്ത്രണമില്ലാതെ മയക്കുമരുന്നിന് അടിമയായ കാലം താരം തന്നെ ഓര്‍ത്തെടുത്തിട്ടുണ്ട്. ഏറെ വിജയങ്ങള്‍ നേടിയ നാപ്പോളിയില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത് തന്നെ കൊക്കെയ്ന്റെ ഉപയോഗം മൂലമായിരുന്നു. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതുമൂലമുളള പ്രശ്നങ്ങളാണ് പുറത്തേക്കുള്ള വഴിതുറന്നത്. 15 മാസം വിലക്കും ലഭിച്ചു.

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് അര്‍ഹിക്കുന്ന തരത്തിലുള്ള യാത്രയയപ്പ് മാറഡോണ അര്‍ഹിച്ചിരുന്നു. അവിടേയും വില്ലനായത് മയക്കുമരുന്ന് തന്നെ. 1994 യു.എസ് ലോകകപ്പില്‍ രണ്ട് മത്സരം കളിക്കുകയും ഗ്രീസിനെതിരെ ഗോള്‍ നേടുകയും ചെയ്തശേഷമാണ് ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട മാറഡോണയെ നാട്ടിലേക്ക് തിരികെ അയക്കുന്നത്. അതിന് ശേഷം കളത്തിലേക്ക് തിരികെയെത്താനുമായില്ല. 17 വര്‍ഷം നീണ്ട ഇതിഹാസ കരിയര്‍. 91 മത്സരങ്ങളും 34 ഗോളുകളും ഒരു ലോകകപ്പുമുള്ള കളിജീവിതമാണ് ഓര്‍മ്മപ്പെടുത്തലുകളില്ലാതെ പൊടുന്നനെ നിന്നുപോയത്.

കളിക്കളത്തില്‍ പന്തുകൊണ്ടാണ് കലഹിച്ചതെങ്കില്‍ പുറത്ത് വാക്കുകള്‍കൊണ്ട് കലഹിക്കുന്നതില്‍ മാറഡോണ മടിച്ചുനിന്നില്ല. പലവട്ടം ഫുട്ബോള്‍ ഇതിഹാസം പെലെയുമായി ഏറ്റുമുട്ടി. ലയണല്‍ മെസ്സിയെ നോവിച്ചുവിട്ടു. മാധ്യമപ്രവര്‍ത്തകരുമായി കയ്യാങ്കളി നടത്തി. ആരാധകനെ മര്‍ദ്ദിച്ചു. അങ്ങനെ പലവട്ടം മാധ്യമങ്ങളുടെ തലക്കെട്ടില്‍ മാറഡോണ ഇടംപിടിച്ചു. അതെല്ലാം കളംവിട്ടിട്ടും ഒതുങ്ങാത്ത കലഹത്തിന്റെ കനല്‍തരികളായാണ് കാലം വിലയിരുത്തുന്നത്.

എട്ട് വര്‍ഷം മുമ്പ് ബീഥോവനോടും മൈക്കലാഞ്ജലോയോടും സ്വയം സാമ്യപ്പെടുത്തിയ പെലെയെ പരിഹസിച്ച് ഡീഗോ രംഗത്തുവന്നിരുന്നു. പെലെക്ക് വേണ്ടത് വേറെ മരുന്നാണെന്ന് അര്‍ജന്റീനതാരം തുറന്നടിച്ചു. കളിക്കളത്തിന്റെ മികവിന്റെ അളവുകോല്‍ കൊണ്ട് മുമ്പും പലവട്ടം ഇരുവരും വാക്പോര് നടത്തിയിട്ടുണ്ട്. അന്നതെല്ലാം വിവാദങ്ങളാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും അതിന്റെ മുന്‍വര്‍ഷവും ലയണല്‍ മെസ്സിയുടെ കളിമികവിനേയും നേതൃത്വശേഷിയേയും ചോദ്യം ചെയ്തും ഡീഗോ വിവാദം സൃഷ്ടിച്ചിരുന്നു.

കളിക്ക് ഉറപ്പുണ്ടായിരുന്നെങ്കിലും താരത്തിന്റെ കുടുംബജീവിതം കുത്തഴിഞ്ഞതായിരുന്നു. പ്രണയങ്ങളും മറ്റ് ബന്ധങ്ങളും നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. അടുത്ത കാലത്താണ് തനിക്ക് ക്യൂബയില്‍ മുന്ന് കുട്ടികളുണ്ടെന്ന് കുറ്റസമ്മതം നടത്തിയത്. ഇറ്റലിയിലെ ഒരു മകനെ ഡീഗോ അംഗീകരിച്ചിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 1984 നവംബറിലാണ് ക്ലൗഡിയോ വില്ലാഫനയെ ഡീഗോ വിവാഹം കഴിക്കുന്നത്. എന്നാല്‍ 2004-ല്‍ ബന്ധം വേര്‍പിരിഞ്ഞു. ഇതില്‍ രണ്ട് പെണ്‍മക്കളാണുള്ളത്. ദില്‍മ നെറെയയും ജിയാനിന്ന ദിനോറയും. മുന്‍ ഭാര്യയും മക്കളും തന്റെ സ്വത്ത് തട്ടിയെടുത്തുവെന്നാരോപിച്ച് താരം 2017-ല്‍ രംഗത്തുവന്നത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. 34 ലക്ഷം പൗണ്ട് തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം.

ഫോട്ടോയെടുക്കുന്നതിനെ ഇടപ്പെട്ട ആരാധകനെ തൊഴിച്ചും കാമുകിയെപ്പറ്റി ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചും ഡീഗോ വിവാദങ്ങളുടെ പട്ടിക പുതുക്കികൊണ്ടിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ നൈജീരിയക്കെതിരെ കളിയുടെ അവസാനഘട്ടത്തില്‍ അര്‍ജന്റീന ഗോള്‍ നേടിയപ്പോള്‍ നടുവിരല്‍ ഉയര്‍ത്തികാട്ടിയുള്ള ആഘോഷം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുകയും ചെയ്തു. അര്‍ജന്റീന ടീമിന്റെ പരിശീലകനായിരുന്ന കാലത്ത് പത്രസമ്മേളനത്തില്‍ മോശം പദങ്ങളുപയോഗിച്ചതിന് വിലക്ക് നേരിട്ടത് മറ്റൊരു കഥ.

കളിക്കളത്തില്‍ പ്രതിഭയുടെ ധാരാളിത്തമായിരുന്നു മാറഡോണ. അതുകൊണ്ടാണ് ദേശങ്ങളും കാലങ്ങളും വിവാദങ്ങളും കടന്ന് ഇതിഹാസമായി ജ്വലിക്കുന്നത്. കളം വിടുകയും വിവാദങ്ങള്‍ വിട്ടൊഴിയാതെ പുറകെയുണ്ടെങ്കിലും പണ്ട് തട്ടിയ പന്തുകൊണ്ട് ഡീഗോ അതെല്ലാം മായ്ച്ചുകളയും. പന്ത് കാലില്‍നിന്നൊഴിഞ്ഞ പ്രതിഭയുടെ കലഹമായി കാലം അതിനെ വിലയിരുത്തുകയും ചെയ്യും.

Content Highlights: diego maradona life and controversies

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023


Chintha Jerome

1 min

'വൈലോപ്പിള്ളിയുടെ വാഴക്കുല'; ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതരപിഴവ്

Jan 27, 2023