വാഷിങ്ടണ്‍: കുട്ടികളുടെയും മുതിർന്നവരുടെയും ഹരമായി മാറിയ ഡബ്ല്യു ഡബ്ല്യു ഇ ഗുസ്തി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുൻ ഗുസ്തി താരങ്ങൾ രംഗത്ത്. മത്സരിക്കുന്നവരുടെ ജീവൻ അപകടത്തിലാക്കുന്ന ഈ മത്സരം നിരോധിക്കണമെന്ന ആവശ്യവുമായി അമ്പതോളം വരുന്ന താരങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കാണുന്നവര്‍ക്ക് ഹരമാണെങ്കിലും റെസലിങ്ങില്‍ ഏര്‍പ്പെടുന്നവരുടെ അവസ്ഥ അതല്ല. റെസലിങ് താരങ്ങളില്‍ ഭൂരിഭാഗം പേരും മസ്തിഷ്‌ക്ക സംബന്ധമായ അസുഖങ്ങളാലാണ് മരിക്കുന്നത്-മുൻ താരങ്ങൾ കുറ്റപ്പെടുത്തി.
മത്സരങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി തലയ്ക്ക് ഏല്‍ക്കുന്ന ആഘാതം കാരണം താരങ്ങളില്‍ പലരും അള്‍ഷിമേഴ്സ് പോലുള്ള മാരക മസ്തിഷ്‌ക്ക രോഗങ്ങളാല്‍ കഷ്ടപ്പെടുകയാണെന്ന് ഇവരുടെ പരാതിയില്‍ പറയുന്നു.
ഡബ്ല്യു.ഡബ്ല്യു.ഇ അധികൃതരില്‍ നിന്ന് ചികിത്സയ്ക്കാവശ്യമായ യാതൊരു സഹായവും ഇവര്‍ക്ക് കിട്ടുന്നില്ലെന്നും റെസലര്‍മാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും ഡബ്ല്യു.ഡബ്ല്യു.ഇ യാതൊരു സംവിധാനങ്ങളും സജ്ജമാക്കിയിട്ടില്ലെന്നും ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ റെസലര്‍മാരുടെ പരാതിയില്‍ കഴമ്പില്ലെന്നാണ് ഡബ്ല്യു.ഡബ്ല്യു.ഇ പറയുന്നത്. ഇതിനു മുമ്പും ഇതേ പരാതിയുമായി പലരും കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ സത്യാവസ്ഥ മനസിലാക്കി കോടതി തങ്ങള്‍ക്ക് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചതെന്നും ഇതു തന്നെയാവും ഇത്തവണയും സംഭവിക്കുകയെന്നും ഡബ്ല്യു.ഡബ്ല്യു.ഇ അധികൃതര്‍ പറയുന്നു.
അമേരിക്കയിലെ മുന്‍ പ്രൊഫഷണല്‍ റെസലിങ് താരങ്ങളായ ജെസ്സ് മക്മഗനും ടൂട്സ് മുന്‍ഡും ചേര്‍ന്ന് റെസലിങ്ങിന്റെ പ്രചാരത്തിനുവേണ്ടി 1952ല്‍ ആരംഭിച്ച് ക്യാപിറ്റല്‍ റെസലിങ് കോര്‍പ്പറേഷനാണ് ഇന്നത്തെ ഡബ്ല്യു.ഡബ്ല്യു.ഇ (വേള്‍ഡ് റെസലിങ് എന്റര്‍ടെയ്ന്‍മെന്റ്).