ന്യൂയോര്‍ക്ക്: കുട്ടിക്കാലത്ത് റേ മിസ്റ്റീരിയോയും അണ്ടര്‍ ടെയ്ക്കറും ജോണ്‍ സിനയെയുമെല്ലാം നമ്മുടെ ആരാധനാകഥാപാത്രങ്ങളായിരുന്നു. കാര്‍ട്ടൂണുകളെപ്പോലെത്തന്നെ ബ്ല്യു.ഡബ്ല്യു.ഇ റെസ്‌ലിങും കുട്ടികളുടെ ഇഷ്ടങ്ങളുടെ പട്ടികയില്‍ കയറിപ്പറ്റിയതാണ്. അതിനിടിയല്‍ ടൈഗര്‍ ജീത്ത് സിങ്ങും ഗ്രേറ്റ് കലിയും ജിന്‍ഡല്‍ മഹാലും ഡബ്ല്യു.ഡബ്ല്യു.ഇയില്‍ ഇന്ത്യയുടെ പ്രതിനിധികളായി. എന്നാല്‍ വനിതാ റെസ്‌ലിങ്ങില്‍ ഇന്ത്യയുടെ സാന്നിധ്യം കാണാറേയില്ലായിരുന്നു. എന്നാല്‍ അതിനും ഇന്ന് മാറ്റം സംഭവിച്ചിരിക്കുന്നു. ഹരിയാന സ്വദേശിയും ഖലിയുടെ ശിഷ്യയുമായ കവിതാ ദേവിയിലൂടെ.
റിങ്ങിലെ പ്രകടനത്തിനൊപ്പം വസ്ത്രധാരണത്തിലെ വ്യത്യസ്തതയിലൂടെയും കവിത ആരാധകരുടെ മനസ്സില്‍ കയറിപ്പറ്റി. കാവി നിറത്തിലുള്ള സല്‍വാര്‍ കമ്മീസണിഞ്ഞ് കവിത എതിരാളിയെ നിലംപരിശാക്കിയപ്പോള്‍ കാണികള്‍ കൈയടിയോടെ വരവേറ്റു. കഴിഞ്ഞ മാസം നടന്ന മേ യംഗ് ക്ലാസിക് ടൂര്‍ണമെന്റില്‍ ന്യൂസിലന്‍ഡിന്റെ ഡക്കോട്ടയെ ഇടിച്ചിട്ടാണ് കവിത ശ്രദ്ധാകേന്ദ്രമാവുന്നത്. സല്‍വാര്‍ കമ്മീസണിഞ്ഞുള്ള കവിതയുടെ ഇടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണിപ്പോള്‍.
റെസ്‌ലിങ്ങില്‍ വനിതാ താരങ്ങളുടെ അല്‍പ വസ്ത്രധാരണത്തോട് യോജിച്ചുപോവാനാവാത്തിനാലാണ് സല്‍വാര്‍ കമ്മീസ് തിരഞ്ഞെടുത്തതെന്ന് കവിത പറയുന്നു. പവര്‍ ലിഫ്റ്റിങ്ങില്‍ ഒരു കൈ നോക്കിയ ശേഷമാണ് കവിത റെസ്‌ലിങ്ങിലെത്തുന്നത്. മുമ്പ് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്തിട്ടുണ്ട്. പവര്‍ ലിഫ്റ്റിങ്ങില്‍ നിന്ന് മാറാനുള്ള തീരുമാനത്തെ നിരവധി പേര്‍ എതിര്‍ത്തെങ്കിലും തന്റെ തീരുമാനത്തിലുറച്ചു നിന്ന കവിത അമേരിക്കയിലേക്ക് താമസം മാറുകയും ചെയ്തു.