ന്യൂഡല്‍ഹി: ദേശീയ ക്യാമ്പില്‍ നിന്ന് പറയാതെ മുങ്ങിയത് നാട്ടില്‍ രക്ഷാബന്ധന്‍ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നെന്ന് ഗുസ്തിതാരം സാക്ഷി മാലിക്ക്. റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് സാക്ഷിയുടെ വിശദീകരണം.
സാക്ഷിക്ക് പുറമെ സീമ ബിസ്ല, കിരണ്‍ എന്നിവരും ഫെഡറേഷന്റെ അനുമതി കൂടാതെ ലഖ്നൗവിലെ ക്യാമ്പില്‍ നിന്ന് വീട്ടിലേയ്ക്ക് പോയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയവരാണ് മൂന്ന് താരങ്ങളും. വിശദീകരണത്തെ തുടര്‍ന്ന് മൂവരെയും ക്യാമ്പില്‍ തിരിച്ചെടുത്തതായി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ അറിയിച്ചു. അനുമതി കൂടാതെ ക്യാമ്പ് വിട്ടതിന് മൂന്ന് താരങ്ങളെയും ഫെഡറേഷന്‍ വിലക്കിയിരുന്നു.
ഫെഡറേഷന്റെ അനുമതി കൂടാതെ പോയത് തങ്ങളുടെ പിഴവാണെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നുമാണ് മൂന്ന് താരങ്ങളും വിദീകരിച്ചത്.
സെപ്തംബര്‍ 14 മുതല്‍ 22 വരെ കസാഖിസ്താനില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുവേണ്ടി 45 താരങ്ങളെയായിരുന്നു ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. എന്നാല്‍, ഇതില്‍ പതിമൂന്ന് താരങ്ങള്‍ മാത്രമാണ് ഓഗസ്റ്റ് പതിനാറിന് ആരംഭിച്ച ക്യാമ്പില്‍ ഹാജരായത്.
കാരണം ബോധിപ്പിക്കാതെ ഹാജരാകാതിരുന്ന 25 താരങ്ങള്‍ക്ക് ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇവര്‍ക്ക് വേണമെങ്കില്‍ വീണ്ടും ക്യാമ്പില്‍ പങ്കെടുക്കാമെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ട്രയലില്‍ പങ്കെടുക്കാനാവില്ലെന്ന് വിനോദ് തോമര്‍ പറഞ്ഞു.
Content Highlights: Wrestler Sakshi Malik Replies To Show Cause Notice, Says Went Home For Raksha Bandhan