നൂര്‍ സുല്‍ത്താന്‍: ലോക ചാമ്പ്യന്‍ഷിപ്പ് കിരീട പോരാട്ടത്തില്‍ നിന്ന് ഇന്ത്യന്‍ യുവ ഗുസ്തി താരം ദീപക് പുനിയ പിന്മാറി. സെമിഫൈനല്‍ മത്സരത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ തന്റെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ 20-കാരന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
86 കിലോഗ്രാം വിഭാഗത്തില്‍ ഞായറാഴ്ച നടക്കേണ്ടിയിരുന്ന ഫൈനലില്‍ ഇറാന്‍ താരം ഹസാന്‍ യസ്ദാനിയെ നേരിടാനിരിക്കുകയായിരുന്നു ദീപക്ക്. താരം പിന്മാറിയതോടെ ഇറാന്‍ താരം സ്വര്‍ണ മെഡല്‍ ജേതാവായി. തന്റെ ഇടതുകാലിന് ഭാരം താങ്ങാനാകുന്നില്ലെന്നും ഈ അവസ്ഥയില്‍ മത്സരിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ദീപക്ക് പി.ടി.ഐയോട് പ്രതികരിച്ചു. ഫൈനലില്‍ യസ്ദാനിക്കെതിരായ മത്സരം ഒരു വലിയ അവസരമായിരുന്നുവെന്ന് എനിക്കറിയാം, പക്ഷേ മറ്റു വഴികളില്ല - ദീപക്ക് കൂട്ടിച്ചേര്‍ത്തു.
സെമിയില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റീഫന്‍ റെയ്ച്ച്മുതിനെ തോല്‍പ്പിച്ചാണ് ദീപക് ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. 8-2നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സെമിഫൈനലില്‍ എത്തിയപ്പോള്‍ തന്നെ ദീപക് ഒളിമ്പിക് യോഗ്യത നേടിയിരുന്നു.
2016-ല്‍ വേള്‍ഡ് കേഡറ്റ് ടൈറ്റില്‍ നേടിയ ദീപക് ജൂനിയല്‍ ലോക ചാമ്പ്യനുമാണ്. കഴിഞ്ഞ മാസം എസ്തോണിയയില്‍ നടന്ന ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പിലാണ് ദീപക് സ്വര്‍ണം നേടിയത്.
Content Highlights: World Wrestling Championship, Deepak Punia pulls out of final