ട്രനാവ (സ്ലൊവാക്യ): ലോക ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കി സാജന്‍ ബന്‍വാല്‍.
സ്ലൊവാക്യയിലെ ട്രനാവയില്‍ നടന്ന മത്സരത്തില്‍ 77 കി.ഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയതോടെയാണ് സാജന് ഈ റെക്കോഡ് സ്വന്തമായത്.
ഫൈനലില്‍ റഷ്യയുടെ ഇസ്ലാം ഒപിയെവിനോട് സാജന്‍ പരാജയപ്പെടുകയായിരുന്നു. 0-8 എന്ന സ്‌കോറിനായിരുന്നു 20-കാരനായ സാജന്റെ തോല്‍വി. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ഒപിയെവ് പിടിമുറുക്കുകയായിരുന്നു. സാജനേക്കാളും സാങ്കേതികമായി മികച്ചു നിന്നതും ഒപിയെവായിരുന്നു.
ഹരിയാനയിലെ സോനിപ്പത്ത് സ്വദേശിയായ സാജന്‍ ബന്‍വാല്‍ 2017-ല്‍ ഫിന്‍ലാന്‍ഡിലെ താംപെരെയില്‍ നടന്ന ലോക ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയിരുന്നു. ക്വാര്‍ട്ടറില്‍ നോര്‍വെയുടെ പെര്‍ ആന്‍ഡേഴ്‌സ് കുറെയെ തോല്‍പ്പിച്ച സാജന്‍ വെങ്കലം നേടി.
ഇക്കഴിഞ്ഞ ജൂലായില്‍ നടന്ന ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുസ്തിയില്‍ സാജന്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു.
Content Highlights: world junior wrestling bhanwal wins historic back to back medals