ഹാംബര്‍ഗ്: വൈല്‍ഡ് കാര്‍ഡുമായെത്തിയ ഇന്ത്യന്‍ ബോക്‌സിങ് താരം ഗൗരവ് ബിദൂരി ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ചു. 56 കിലോഗ്രാം ബാന്റംവെയ്റ്റ് വിഭാഗത്തില്‍ ടുണീഷ്യയുടെ ബിലെല്‍ എംഹേദിയെ തോല്‍പ്പിച്ച് സെമിയിലേക്ക് മുന്നേറിയതോടെയാണ് ബിദൂരി മെഡലുറപ്പിച്ചത്.
ഇതോടെ അരങ്ങേറ്റ ലോകചാമ്പ്യന്‍ഷിപ്പില്‍ തന്നെ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ഇരുപത്തിയൊന്നുകാരന്‍ സ്വന്തമാക്കി. നേരത്തെ 2011ല്‍ വികാസ് കൃഷ്ണനാണ് ഈ നേട്ടം കൈവരിച്ചത്. ഒപ്പം ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ബിദൂരി. വിജേന്ദര്‍ സിംഗ്(2009),വികാസ് കൃഷന്‍(2011),ശിവ് ഥാപ്പ(2015) എന്നിവരാണ് മുന്‍പ് ഈ നേട്ടം കൊയ്ത ഇന്ത്യക്കാര്‍. എല്ലാവരും വെങ്കലമെഡലാണ് നേടിയത്.
അതേസമയം എട്ടംഗ സംഘവുമായി ജര്‍മനിയിലേക്ക് വണ്ടി കയറിയ ഇന്ത്യയുടെ മറ്റു താരങ്ങളെല്ലാം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വ്യാഴാഴ്ച്ച നടക്കുന്ന സെമി ഫൈനലില്‍ അമേരിക്കയുടെ രഗന്‍ ഡ്യൂക്കിനെതിരെ വിജയിക്കാനായാല്‍ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ഗൗരവ് ബിദൂരിക്ക് സ്വന്തമാകും.