ലണ്ടന്‍: ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ പുതിയ ചരിത്രമെഴുതാനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പിന്റെ ചരിത്രത്തിലെ രണ്ടാം സെമിഫൈനലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 1974-ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിലാണ് അവസാനമായി ഇന്ത്യന്‍ വനിതകള്‍ സെമി കളിച്ചത്. അന്ന് നാലാമതായാണ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കിയത്.
ലണ്ടനില്‍ ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഈ മത്സരം ഇന്ത്യക്കാരെല്ലാം കാണണമെന്നും ടീമിന് പിന്തുണ നല്‍കണമെന്നുമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ റാണി രാംപാലിന് പറയാനുള്ളത്. 'ആരാധകരുടെ പിന്തുണയോടെയാണ് ഞങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലും നിങ്ങള്‍ ആ പിന്തുണ നല്‍കണം. എല്ലാവരും മത്സരം കാണുക, ഞങ്ങള്‍ക്ക് പിന്തുണ നല്‍കുക' ഹോക്കി ഇന്ത്യ ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച വീഡിയോയില്‍ റാണി രാംപാല്‍ പറയുന്നു.
ഗ്രൗണ്ടില്‍ ഞങ്ങളുടെ മുഴുവന്‍ കഴിവും പുറത്തെടുക്കും. പക്ഷേ അതു മാത്രം പോര, ഗ്രൗണ്ടിന് പുറത്തുനിന്നും പിന്തുണ വേണം. ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാന നിമിഷം സമ്മാനിക്കാനാണ് ഞങ്ങളിറങ്ങുന്നത്. ഇന്ത്യയെ പിന്തുണക്കുന്നത് തുടരൂ. ജയ് ഹിന്ദ്. വീഡിയോയില്‍ റാണി പറയുന്നു.
40 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നത്. ഇതിന് മുമ്പ് മാഡ്രിഡില്‍ നടന്ന 1978-ലെ ലോകകപ്പില്‍ ഇന്ത്യ അവസാനം ക്വാര്‍ട്ടര്‍ കളിച്ചത്. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും അയര്‍ലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ ജയം ഐറിഷ് ടീമിനൊപ്പമായിരുന്നു.
Content Highlights: Women’s Hockey World Cup Captain Rani Rampal appeals fans to support Indian team