ന്യൂഡല്‍ഹി: യോഗയില്‍ മാത്രമല്ല, ഗുസ്തിയിലും ഒരു ഒന്നൊന്നര താരമാണ് ബാബാ രാംദേവ്. ഇതു വെറുതെ പറയുന്നതല്ല, രാംദേവിന്റെ ഗുസ്തിക്ക് മുന്നില്‍ തോറ്റത് ഒളിമ്പിക് മെഡല്‍ ജേതാവ് ആന്‍ഡ്രെ സ്റ്റാഡ്‌നിക്കാണ്.
2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെള്ളി നേടിയ സ്റ്റാഡ്‌നിക്ക് എതിരില്ലാത്ത 12 പോയിന്റിന് രാംദേവിന് മുന്നില്‍ പരാജയപ്പെട്ടത്. 2017 പ്രോ റെസ്ലിങ്ങ് ലീഗ് സെമി ഫൈനലിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിലാണ് ബാബാ രാംദേവ് കാണികളെ ഞെട്ടിച്ചത്.
സൂര്യ നമസ്‌കാരത്തോടെ മത്സരം തുടങ്ങിയ ബാബാ രാംദേവിനെ നിസാരമായി കണ്ട ഒളിമ്പിക്സ് ജേതാവിന് പിഴച്ചു. കാവി ലംഗോട്ടിയില്‍ സ്റ്റാഡ്നിക്കിനെ മലര്‍ത്തിയടിച്ച ബാബാ രാംദേവ്, മത്സരത്തില്‍ പൂര്‍ണമായ ആധിപത്യം പുലര്‍ത്തി.
താന്‍ ദേശീയ തലത്തിലുള്ള ഗുസ്തി താരങ്ങളുമായി മത്സരിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യാന്തര തലത്തില്‍ മികവ് തെളിയിച്ച് ഗുസ്തി താരവുമായി മത്സരിക്കുമ്പോഴുള്ള ആവേശം ഒന്ന് വേറെ തന്നെയാണ്. യോഗയുടെ യഥാര്‍ഥ കരുത്ത് മത്സരത്തില്‍ മനസിലാകുന്നുണ്ടെന്നും രാംദേവ് മത്സരശേഷം പ്രതികരിച്ചു. 66 കിലോ വിഭാഗത്തില്‍ പുരുഷന്മാരുടെ ഫ്രീസ്‌റ്റൈല്‍ ഇനത്തില്‍ ഇന്ത്യന്‍ താരം സുശീല്‍ കുമാറിനെ കീഴടക്കിയാണ് ആന്‍ഡ്രെ സ്റ്റാഡ്നിക്ക് ബെയ്ജിങ്ങില്‍ വെള്ളി മെഡല്‍ നേടിയത്.