പദ്മശ്രീ പുരസ്‌കാരത്തിളക്കത്തില്‍ ഇന്ത്യന്‍ കായികരംഗം. മലയാളി ഹോക്കി താരം പി.ആര്‍ ശ്രീജേഷ് അടക്കം എട്ടു കായിക താരങ്ങള്‍ക്ക് പദ്മശ്രീ സമ്മാനിക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ഗുസ്തി താരം സാക്ഷി മാലിക്ക്, ജിംനാസ്റ്റിക്‌സ് താരം ദിപ കര്‍മാക്കര്‍, പാരാലിമ്പിക്‌സ് താരങ്ങളായ തങ്കവേലു മാരിയപ്പന്‍, ദീപ മാലിക്ക്, ഇന്ത്യയുടെ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശേഖര്‍ നായിക്ക്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ എന്നിവര്‍ക്കാണ് രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചത്. അതേ സമയം പദ്മഭൂഷണായി പരിഗണിക്കപ്പെട്ടിരുന്ന ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി, ബാഡ്മിന്റണ്‍ താരം പി.വി സിന്ധു, പരിശീലകന്‍ പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് പുരസ്‌കാരങ്ങളില്ല.
ഇന്ത്യയുടെ ശ്രീ
റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി ആ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി താരമായിരുന്നു ശ്രീജേഷ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളി നേടിയ ഇന്ത്യന്‍ ടീമിനെ നയിച്ചതും ശ്രീജേഷായിരുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ പാകിസ്താനെതിരായ ഫൈനലില്‍ ശ്രീജേഷിന്റെ ഗോള്‍പോസ്റ്റിന് മുന്നിലെ പ്രകടനമാണ് ഇന്ത്യക്ക് സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ശ്രീജേഷ് ഹോക്കി വേള്‍ഡ് ലീഗില്‍ വെങ്കലം നേടിയ ടീമിലും അംഗമായിരുന്നു.
കോലിയുഗം
ഇന്ത്യന്‍ ക്രിക്കറ്റിനെ കോലിയുഗമെന്ന ബ്രാന്‍ഡിലേക്ക് മാറ്റിയ താരമാണ് വിരാട് കോലി. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ ശോഭിച്ച വിരാട് കോലി ഈ അടുത്ത് ഇന്ത്യയുടെ ഏകദിന,ടിട്വന്റി ക്യാപ്റ്റനായും മാറി. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഒരു പോലെ റെക്കോഡുകള്‍ സൃഷ്ടിച്ചാണ് കോലിയുടെ മുന്നേറ്റം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയാണ് വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ നേടിയ അവസാന പരമ്പര വിജയം.
റിയോയിലെ താരങ്ങള്‍
റിയോ ഒളിമ്പിക്‌സ് ഗുസ്തിയില്‍ വെങ്കലം നേടി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി സാക്ഷി മാലിക്ക്. ഇന്ത്യന്‍ ജിംനാസ്റ്റിക്‌സിന് ലോകവേദിയില്‍ മേല്‍വിലാസമുണ്ടാക്കിയ താരമാണ് ദിപ കര്‍മാക്കര്‍. റിയോ ഒളിമ്പിക്‌സില്‍ അപകടകരമായ പ്രൊഡുനോവ വിജയകരമായി പൂര്‍ത്തിയാക്കി ദിപ നാലാം സ്ഥാനത്തെത്തി. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച നേട്ടമായിരുന്നു അത്.
റിയോ പാരാലിമ്പിക്‌സില്‍ പുരുഷന്‍മാരുടെ ഹൈജമ്പില്‍ സ്വര്‍ണം നേടിയാണ് തമിഴ്‌നാട്ടുകാരനായ തങ്കവേലു മാരിയപ്പന്‍ പദ്മശ്രീ പുരസ്‌കാരത്തിളക്കം സ്വന്തമാക്കിയത്. പാരാലിമ്പിക്‌സ് വനിതാ ഷോട്ട്പുട്ടില്‍ നേടിയ വെള്ളിയാണ് ദീപ മാലിക്കിനെ പുരസ്‌കാരത്തിനര്‍ഹയാക്കിയത്.
റിയോയില്‍ ദിപയുടെ പ്രകടനം
ശേഖര്‍ നായിക്കും വികാസ് ഗൗഡയും
ഇന്ത്യയ്ക്ക് ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമുണ്ടെന്ന തിരിച്ചറിവുണ്ടാക്കിയ താരമാണ് ശേഖര്‍ നായിക്ക്. ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ശേഖര്‍ 12 വര്‍ഷത്തെ കരിയറില്‍ 58 മത്സരങ്ങളില്‍ നിന്ന് 32 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.രണ്ട് ഒളിമ്പിക്‌സില്‍ ഡിസ്‌ക്‌സ് ത്രോയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വികാസ് ഗൗഡ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും ഗ്വാങ്ഷുവില്‍ വെങ്കലും നേടി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു സ്വര്‍ണവും വെള്ളിയും വികാസിന്റെ അക്കൗണ്ടിലുണ്ട്.