വോളിബോള്‍ അസോസിയേഷനെ പിരിച്ചുവിടണം: ടോം ജോസഫ്


1 min read
Read later
Print
Share

അസോ. സെക്രട്ടറി നാലകത്ത് ബഷീറിനെതിരായ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണം

തിരുവനന്തപുരം: സംസ്ഥാന വോളിബോള്‍ അസോസിയേഷനും (കെ.എസ്.വി.എ) ദേശീയ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ടോം ജോസഫും തമ്മിലുള്ള അസ്വാരസ്യം മുറുകുന്നു. സംസ്ഥാന അസോസിയേഷനെ പിരിച്ചുവിടണമെന്നും മോശം ഭാരവാഹികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവശ്യപ്പെട്ട് ടോം ജോസഫ് മുഖ്യമന്ത്രിക്കും സ്പോട്സ് കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്‍കി. അസോ. സെക്രട്ടറി നാലകത്ത് ബഷീറിനെതിരായ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ടോം ജോസഫ് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

വോളിബോള്‍ അസോസിയേഷനെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചതിന് ടോം ജോസഫിനെ ഭാരവാഹികള്‍ വിമര്‍ശിച്ചിരുന്നു. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് ടോമില്‍ നിന്നുണ്ടായത്. കേരളത്തില്‍ ദേശീയ ഗെയിംസ് നടന്നപ്പോള്‍ ടോമിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് നമുക്ക് മെഡല്‍ നഷ്ടമാകാന്‍ കാരണമായതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ടോം വിരമിക്കണമെന്ന് അസോസിയേഷന് ആഗ്രഹമില്ല. എന്നാല്‍ ശാരീരിക ക്ഷമതയില്ലാത്ത കളിക്കാരെ വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. ടോമിന് അര്‍ജുന അവാര്‍ഡ് ലഭ്യമാക്കാന്‍ അസോസിയേഷന്‍ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ലെന്നും ഭാരവാഹികള്‍ പറഞ്ഞിരുന്നു.

നേരത്തെ 2014-ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ചും കേരള ടീമിന്റെ തെരഞ്ഞെടുപ്പിലെ അപാകതയെക്കുറിച്ചും ടോം ജോസഫ് ഫെയ്‌സ്ബുക്കില്‍ അസോസിയേഷനെതിരെ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് ഫെയ്‌സ്ബുക്കിലൂടെ അസോസിയേഷനെ അവഹേളിച്ചുവെന്ന് കാണിച്ച് ടോമിന് കാരണം കാണിക്കല്‍ നോട്ടീസ് അസോസിയേഷന്‍ നല്‍കുകയും ചെയ്തു.

എന്നാല്‍, താന്‍ ആര്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറല്ലെന്നായിരുന്നു കാരണം കാണിക്കല്‍ നോട്ടീസിനോടുള്ള ടോം ജോസഫിന്റെ പ്രതികരണം. താന്‍ മറ്റുള്ളവരുടെ കാല്‍ നക്കിയാണ് അവാര്‍ഡ് നേടിയതെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് നാലകത്ത് ബഷീര്‍ ആദ്യം വിശദീകരണം തരണം. എന്നിട്ടാകാം ബാക്കി തീരുമാനങ്ങളെന്നും ടോം ജോസഫ് വ്യക്തമാക്കിയിരുന്നു. ബഷീര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനോടാണ് താന്‍ പ്രതികരിച്ചത്, അതുകൊണ്ട് വിശദീകരിക്കേണ്ടത് ബഷീറാണെന്നും ടോം ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.

അര്‍ജുന പുരസ്‌കാരം ലഭിക്കാനായി അസോസിയേഷന്‍ ഒരു സഹായവും നല്‍കിയിട്ടില്ലെന്നും മുന്‍ വോളി താരം ഉദയകുമാറിന്റെ കത്ത് സഹിതമാണ് അര്‍ജുനക്കായി അപേക്ഷ അയച്ചതെന്നും അതിന്റെ നീരസമാണ് അസോസിയേഷന്‍ തീര്‍ക്കുന്നതെന്നുമാണ് ടോമിന്റെ വാദം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram